കുവൈത്ത് മലയാളികളില്‍നിന്ന് കോടികള്‍ തട്ടിയയാള്‍ പിടിയില്‍
കടുത്തുരുത്തി: കുവൈത്തിലെ മലയാളികളില്‍ നിന്ന് മൂന്ന് കോടി രൂപയോളം തട്ടി മുങ്ങിയ യുവാവ് മുംബൈയില്‍ അറസ്റ്റിലായി. ഞീഴൂര്‍ കാപ്പില്‍ ജിന്‍സ് ജയിംസിനെയാണ് ബുധനാഴ്ച മുംബൈ വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. സംഭവശേഷം ഒളിവിലായിരുന്ന പ്രതി മുബൈ വഴി കാനഡയിലേക്ക് കടക്കുന്നതിന് എത്തിയപ്പോള്‍ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവച്ച് കോട്ടയം എസ്.പിക്ക് വിവരം കൈമാറി. തുടര്‍ന്ന് കടുത്തുരുത്തി സി.ഐ കെ.പി തോംസണിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം എയര്‍പോര്‍ട്ടിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തട്ടിപ്പ് കേസില്‍ പ്രതിക്കെതിരേ പൊലിസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
കുവൈത്തില്‍ വിവിധ ബിസിനസുകള്‍ നടത്തി വരികയായിരുന്ന ജിന്‍സ് സ്ഥാപനങ്ങള്‍ ആരുമറിയാതെ വില്‍പ്പന നടത്തി നാട്ടിലേക്ക് മുങ്ങുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞും, കടമായിട്ടുമാണ് ലക്ഷക്കണക്കിന് രൂപാ പലരില്‍ നിന്നായി വാങ്ങിയത്. തട്ടിപ്പിനിരയായ ആളുകള്‍ കോട്ടയം എസ്.പിക്ക് പരാതിയും നല്‍കിയിരിക്കുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ പണം തിരികെ വാങ്ങാന്‍ ജിന്‍സ് കുവൈത്തില്‍ താമസിച്ചിരുന്ന ഫഌറ്റില്‍ ചെന്നപ്പോഴാണ് ഇയാള്‍ നാട്ടിലേക്ക് പോയവിവരം അറിയുന്നത്. തട്ടിപ്പിനിരയായവര്‍ കുവൈത്തില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ഇയാളുടെ ഒപ്പമുണ്ടായിരുന്ന സഹോദരനും നാട്ടിലേക്ക് തിരിച്ചിരുന്നു. കോട്ടയം എറണാകുളം ഭാഗത്തുള്ളവരാണ് പണം നഷ്ടമായവര്‍.
പത്ത് വര്‍ഷക്കാലം കുവൈറ്റില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന ജിന്‍സ് മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മംഗഫിലാണ് പിന്നീട് ബിസിനസ് ആരംഭിച്ചത്. പ്രവാസികള്‍ ചേര്‍ന്ന് നടത്തുന്ന ചിട്ടിയില്‍ ചേര്‍ന്ന് ആദ്യഗഡു അടച്ച ശേഷം ചിട്ടി പിടിക്കുകയും പിന്നീട് പണം അടക്കാതെ മുങ്ങുകയും ഇയാളുടെ പതിവായിരുന്നു. നാട്ടിലേക്ക് പോരുന്നതിന്റെ തലേദിവസം മറ്റൊരു സുഹൃത്തിന്റെ നാല് പവന്‍ മാലയും വാങ്ങിയിരുന്നു.തട്ടിയെടുത്ത പണം ഉപയോഗിച്ച് ജിന്‍സ് ആഡംബര ബംഗ്ലാവും രണ്ട് ഇന്നോവ കാറുകളും വാങ്ങിയെന്നും ഇവര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. പണം കിട്ടാനുള്ളവരുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ജിന്‍സിന്റെ ഞീഴൂരിലുള്ള വീട്ടിലെത്തി ബഹളം വയ്ക്കുകയും ചെയ്തിരുന്നു. കടുത്തുരുത്തി പൊലിസ് എത്തിയാണ് അനിഷ്ട സംഭവങ്ങളുണ്ടാകാതെ പരാതിക്കാരെ തിരിച്ചയച്ചത്. പണം കിട്ടാനുള്ളവര്‍ വീട്ടിലെത്തുന്നതിന് മുന്‍പായി ജിന്‍സ് സ്ഥലം വിട്ടിരുന്നു. ജിന്‍സിന്റെ ഭാര്യയും സഹോദരനും തട്ടിപ്പില്‍ പങ്കാളിയാണെന്ന് ആരോപണമുണ്ട്. കുവൈറ്റിലെ പല ബാങ്കുകളില്‍ നിന്നായി വന്‍തുകകള്‍ ഇയാള്‍ വായ്പയായും എടുത്തിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് പ്രതി മുംബൈയില്‍ അറസ്റ്റിലാകുന്നത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ ഉടന്‍ കേരളത്തിലെത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."