ലഹരി ഉപയോഗം സാമൂഹിക പ്രശ്നമാണെന്ന് അംഗീകരിക്കണം: ഋഷിരാജ് സിംങ്
തൃശൂര്‍: ലഹരി ഉപയോഗം ഒരു സാമൂഹിക പ്രശ്നമാണെന്ന് നമ്മള് അംഗീകരിക്കണമെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംങ്. മറച്ചുവച്ചതുകൊണ്ട് പ്രശ്നം ഇല്ലാതാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ആക്ട്സ് തൃശൂര്‍, എക്സൈസ്, പൊലിസ്, സെന്റ് തോമസ് കോളജിലെ നാഷ്ണല്‍ സര്‍വിസ് സ്കീം എന്നിവ സംയുക്തമായി സംഘടിപ്പിച്ച റോഡപകടങ്ങളും മദ്യപാനവും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി വസ്തുക്കളുടെ ഉപയോഗം മൂലമുള്ള വാഹനാപകടങ്ങളുടെ എണ്ണത്തില്‍ ഇന്ത്യയിലെ ആദ്യ അഞ്ചു സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവുമുണ്ട്. നഗരങ്ങളുടെ കണക്കെടുത്താല്‍ കൊച്ചി മൂന്നാം സ്ഥാനത്താണ്.
റോഡപകടങ്ങളില്‍ മരിക്കുന്നവരില്‍ 70 ശതമാനവും ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നവരാണ്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും 15നും 30 ഇടയില്‍ ആണ് പ്രായം. ചെറുപ്പക്കാര്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ധിച്ചുവരുന്നതാണ് ഇതിനു കാരണം. കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് മാതാപിതാക്കള്‍ തിരിച്ചറിയണം. രക്ഷിതാക്കള്‍ക്ക് കുട്ടികളെ ശ്രദ്ധിക്കാനുള്ള സമയമില്ലാത്തതിനാലാണ് ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്താവാതെ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളം പോലെ ഒരു ചെറിയ സംസ്ഥാനത്ത് ഒരു കോടിയിലധികം വാഹനങ്ങളാണുള്ളത്. റോഡപകടങ്ങള്‍, അന്തരീക്ഷ മലിനീകരണം എന്നിവ വര്‍ധിക്കുന്നതിന് വാഹനപ്പെരുപ്പം കാരണമാകുന്നു.
ഓരോരുത്തര്‍ക്കും ഒന്നിലധികം വാഹനങ്ങളുണ്ട്. ഇതിന്റെ ആവശ്യമെന്താണെന്ന് ചിന്തിക്കണം. ആവശ്യമുണ്ടെങ്കില്‍ മാത്രമേ വാഹനം വാങ്ങാനാകൂ എന്ന നിയമം നമ്മുടെ നാട്ടില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു. ഹെല്‍മെറ്റ് ഇല്ലാതെ പെട്രോള്‍ നല്‍കില്ല എന്ന നിലപാടുകൊണ്ട് ഗുണമുണ്ടാകുമെന്ന് തോന്നുന്നില്ല.
ഹെല്‍മെറ്റ് എല്ലാവരുടെയും കൈയിലുണ്ട്. അത് തലയില്‍ വെയ്ക്കാത്തതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.
സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പാള്‍ ഡോ. പി.ഒ ജെന്സന് അധ്യക്ഷനായി.
ഡെപ്യൂട്ടി കമ്മീഷണര്‍ എന്‍.എസ് സലീംകുമാര്‍, ആക്ട്സ് ജനറല്‍ സെക്രട്ടറി ഫാ. ഡേവീസ് ചിറമ്മല്‍, ജില്ലാ സെക്രട്ടറി ലൈജു സെബാസ്റ്റ്യന്‍, കണ്‍വീനര്‍ ടി.സി ഈനാശു, വര്‍ക്കിങ് പ്രസിഡന്റ് എം.കെ വര്‍ഗീസ്, ഡെപ്യൂട്ടി കമ്മീഷണര്‍ എന്‍.എസ് സലീംകുമാര്‍, സി.എസ്.ബി.ഒ പ്രസിഡന്റ് വര്‍ഗീസ് ജോര്‍ജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."