സുഖശീതള യാത്ര: കെ.എസ്.ആര്‍.ടി.സിയുടെ ചില്‍ബസ് അടുത്തമാസം
തിരുവനന്തപുരം: യാത്രക്കാരുടെ സൗകര്യാര്‍ഥം തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെയുള്ള മേഖലകളില്‍ അടുത്തമാസം ഒന്നു മുതല്‍ ചില്‍ബസ് എന്ന പേരില്‍ എ.സി ബസ് സര്‍വിസുകള്‍ കെ.എസ്.ആര്‍.ടി.സി ആരംഭിക്കുന്നു. കെ.എസ്.ആര്‍.ടി.സിയുടെ 219 ലോഫ്‌ളോര്‍ എ.സി ബസുകളാണ് ഇതിനായി ഉപയോഗിക്കുക.
തിരുവനന്തപുരം മുതല്‍ എറണാകുളംവരെയും എറണാകുളം വഴിയും കോട്ടയം വഴിയും രാവിലെ അഞ്ച് മുതല്‍ രാത്രി 10വരെ ഓരോ മണിക്കൂര്‍ ഇടവേളകളില്‍ ചില്‍ ബസ് സര്‍വിസ് നടത്തുമെന്ന് എം.ഡി ടോമിന്‍ തച്ചങ്കരി പറഞ്ഞു. രാത്രി 10 മുതല്‍ രണ്ട് മണിക്കൂര്‍ ഇടവിട്ടും ഈ റൂട്ടില്‍ ചില്‍ബസ് സര്‍വിസുണ്ടാകും. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്കും ഇത്തരത്തില്‍ സര്‍വിസ് ഉണ്ടാകും.
എറണാകുളം- കോഴിക്കോട്, കോഴിക്കോട്- എറണാകുളം റൂട്ടില്‍ ഒരു മണിക്കൂര്‍ ഇടവിട്ടും കോഴിക്കോട്-കാസര്‍കോട് റൂട്ടില്‍ രണ്ടു മണിക്കൂര്‍ ഇടവിട്ടും രാവിലെ അഞ്ച് മുതല്‍ രാത്രി 10വരെ ചില്‍ബസ് സര്‍വിസ് നടത്തും.
കിഴക്കന്‍ മേഖലയില്‍ എറണാകുളം-മൂന്നാര്‍, മൂന്നാര്‍-എറണാകുളം, എറണാകുളം-കുമളി, കുമളി-എറണാകുളം, എറണാകുളം- തൊടുപുഴ, തൊടുപുഴ-എറണാകുളം, തിരുവനന്തപുരം-പത്തനംതിട്ട, പത്തനംതിട്ട- തിരുവനന്തപുരം, എറണാകുളം-ഗുരുവായൂര്‍, ഗുരുവായൂര്‍-എറണാകുളം, കോഴിക്കോട്-പാലക്കാട്, പാലക്കാട്-കോഴിക്കോട്, എറണാകുളം-പാലക്കാട്, പാലക്കാട്-എറണാകുളം റൂട്ടുകളിലും ചില്‍ബസ് സര്‍വിസ് നടത്തും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഡിപ്പോകള്‍ കേന്ദ്രീകരിച്ച് മാത്രമായിരിക്കും ചില്‍ബസുകള്‍ സര്‍വിസ് നടത്തുക.
ഓണ്‍ലൈന്‍ സീറ്റ് ബുക്കിങ് ഉള്‍പ്പെടെയുള്ള സൗകര്യമുണ്ടാകും. ചില്‍ബസുകള്‍ക്ക് എല്ലാ ബസ് സ്റ്റേഷനുകളിലും പ്രത്യേകം പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തും. കെ.എസ്.ആര്‍.ടി.സിയുടെ ട്രാഫിക് ഇന്‍ഫര്‍മേഷന്‍ സംവിധാനവും ബുക്കിങ് സംവിധാനവും ഉള്‍പ്പെടെയുള്ളവയ്ക്ക് ആപ്പ് ഉടന്‍ പുറത്തിറക്കുമെന്നും തച്ചങ്കരി പറഞ്ഞു.
ഇപ്പോഴുള്ള എ.സി ബസുകള്‍ ഉപയോഗിച്ചുതന്നെയാണ് ചില്‍ ബസ് സര്‍വിസും ആരംഭിക്കുന്നത്. അടുത്ത ഘട്ടത്തില്‍ 600 ഓളം വരുന്ന സൂപ്പര്‍ ക്ലാസ് ബസുകള്‍ പ്രധാന ഡിപ്പോകളില്‍ മാത്രം കേന്ദ്രീകരിച്ച് സര്‍വിസ് നടത്തും. അടുത്ത ഘട്ടത്തില്‍ ഫാസ്റ്റ് ബസുകളും അവസാനം ഓര്‍ഡിനറി ബസുകളും ഇത്തരത്തില്‍ ക്രമീകരിക്കും. ആവശ്യമില്ലാത്ത ഓര്‍ഡിനറി സര്‍വിസുകള്‍ പിന്‍വലിച്ച് ദേശസാല്‍കൃത റൂട്ടികളിലേക്കുള്ള സര്‍വിസുകളുടെ എണ്ണം വര്‍ധിപ്പിക്കും. ആറ് മാസം കൊണ്ട് ഈ പ്രക്രിയകള്‍ പൂര്‍ത്തിയാക്കി ലാഭകരമായ അവസ്ഥയിലേക്ക് എത്തിച്ചതിനു ശേഷം കിഫ്ബിയില്‍നിന്ന് വായ്പ വാങ്ങി പുതിയ ബസുകള്‍ വാങ്ങുമെന്നും തച്ചങ്കരി പറഞ്ഞു.
സര്‍വിസിലിരിക്കെ അപകട മരണം സംഭവിച്ച നാല് ജീവനക്കാരുടെ ആശ്രിതര്‍ക്ക് ചടങ്ങില്‍വച്ച് എസ്.ബി.ഐയുടെ അപകടമരണ പദ്ധതി പ്രകാരമുള്ള ഇന്‍ഷുറന്‍സ് തുക വിതരണവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."