വന്ദേഭാരത് മിഷന് വിമാനത്തിലും കരിപ്പൂരില്‍ സ്വര്‍ണക്കടത്ത്
കൊണ്ടോട്ടി: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണക്കടത്ത് പിടികൂടി. വന്ദേഭാരത് മിഷന്റെ ഭാഗമായി ഷാര്‍ജയില്‍ നിന്ന് കരിപ്പൂരിലെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നും 1,196 ഗ്രാം സ്വര്‍ണമിശ്രിതമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് കോടഞ്ചേരി സ്വദേശിയായ വിഷ്ണു (22), കണ്ണൂര്‍ നിര്‍മലഗിരി സ്വദേശി നിരാസ് (46)എന്നിവരില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് കരിപ്പൂരില്‍ സ്വര്‍ണം പിടികൂടുന്നത്.
വിഷ്ണുവില് നിന്ന് 638 ഗ്രാമും നിരാസില് നിന്ന് 558 ഗ്രാം സ്വര്‍ണമിശ്രിതവുമാണ് പിടിച്ചെടുത്തത്. ഇരുവരും ധരിച്ചിരുന്ന പാന്റ്സിന്റെ അരക്കെട്ടിന്റെ ഉള്ളറയിലും ഷര്‍ട്ടിന്റെ കോളറിലുമായിട്ടാണ് റിബണ്‍ രൂപത്തില്‍ മിശ്രിതം ഒളിപ്പിച്ചു വച്ചിരുന്നത്. മിശ്രിതത്തില്‍ നിന്ന് 965 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. പിടിച്ചെടുത്ത സ്വര്‍ണത്തിന് 41.60 ലക്ഷം രൂപ വിലമതിക്കും. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ സ്വര്‍ണക്കടത്ത് എന്ന ആക്ഷേപം പരക്കെ ഉയരുന്നതിനിടെയാണ് ഇന്നലെ എയര്‍ ഇന്ത്യയുടെ വന്ദേഭാരത് മിഷന് വിമാനത്തിലും സ്വര്‍ണക്കടത്ത് കണ്ടെത്തിയത്.
ഇന്‍ഡക്ഷന്‍ കുക്കറില്‍ ഒളിപ്പിച്ചു കടത്തിയ 28.50 ലക്ഷത്തിന്റെ 578 ഗ്രാം സ്വര്‍ണം ചൊവ്വാഴ്ച പിടികൂടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."