പെരുമാറ്റച്ചട്ടം പാലിക്കണം: തെരഞ്ഞെടുപ്പ് കമ്മിഷന്‍
കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിക്കുന്നു. സമൂഹത്തില്‍ മതപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുകയോ നിലവിലുള്ള ഭിന്നതകള്‍ വര്‍ധിപ്പിക്കുകയോ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ല.
മറ്റ് പാര്‍ട്ടികളുടെ നേതാക്കന്‍മാരുടെയും പ്രവര്‍ത്തകരുടെയും പൊതു പ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പാര്‍ട്ടികളും സ്ഥാനാര്‍ഥികളും വിമര്‍ശനം ഉന്നയിക്കരുത്. ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ടു ചോദിക്കാന്‍ പാടില്ല. ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയായി ഉപയോഗിക്കരുത്.
വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കുക, ഭീഷണിപ്പെടുത്തുക തുടങ്ങി നിയമപ്രകാരമുള്ള കുറ്റങ്ങളും അഴിമതി പ്രവര്‍ത്തനങ്ങളും ഒഴിവാക്കേണ്ടതാണ്.
വ്യക്തികളുടെ അഭിപ്രായങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി അവരുടെ വീടിനുമുന്നില്‍ പ്രകടനം സംഘടിപ്പിക്കാനോ പിക്കറ്റിങ് നടത്താനോ പാടില്ല.
സ്വകാര്യ സ്ഥലം, കെട്ടിടം, മതില്‍ എന്നിവ ഉടമയുടെ അനുവാദമില്ലാതെ കൊടിമരം നാട്ടുന്നതിനോ മുദ്രാവാക്യങ്ങള്‍ എഴുതുന്നതിനോ ഉപയോഗിക്കരുത്.
മറ്റുപാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന യോഗങ്ങളും ജാഥകളും അനുയായികള്‍ തടസപ്പെടുത്തുകയോ പ്രശ്‌നങ്ങളുണ്ടാക്കുകയോ ചെയ്യുന്നില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ഉറപ്പുവരുത്തണം. ഒരു പാര്‍ട്ടിയുടെ യോഗം നടക്കുമ്പോള്‍ അതേ സ്ഥലത്ത് മറ്റൊരു പാര്‍ട്ടി ജാഥ നടത്തുവാന്‍ പാടില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."