റോഡ് -അഴുക്കുചാല്‍ നിര്‍മാണ പ്രവൃത്തികള്‍; മഞ്ചേരിയില്‍ ഇന്നു മുതല്‍ താല്‍ക്കാലിക ഗതാഗത പരിഷ്‌കാരം
മഞ്ചേരി: നഗരത്തിലെ റോഡ് നിര്‍മാണ പ്രവൃത്തികളുടെയും അഴുക്കുചാല്‍ നവീകരണങ്ങളുടെയും ഭാഗമായി ഇന്നുമുതല്‍ താല്‍കാലിക ഗതാഗത പരിഷ്‌കാരം നിലവില്‍വരും. ഇതുപ്രകാരം മലപ്പുറം, പെരിന്തല്‍മണ്ണ, പള്ളിപ്പുറം, പന്തല്ലൂര്‍, പുള്ളിലങ്ങാടി, പെരിമ്പലം, വേട്ടേക്കോട് ഭാഗത്തുനിന്നും വരുന്ന ബസുകള്‍ കച്ചേരിപ്പടി ബസ്സ്റ്റാന്‍ഡില്‍ യാത്രക്കാരെ ഇറക്കി അവിടെനിന്നും സര്‍വീസ് നടത്തണം. മലപ്പുറം, പെരിന്തല്‍മണ്ണ ഭാഗത്തുനിന്നും നിലമ്പൂര്‍, അരീക്കോട്, വണ്ടൂര്‍, കാളികാവ്, പാണ്ടിക്കാട്, കോഴിക്കോട് ഭാഗത്തേക്കുപോവുന്ന ബസുകള്‍ കച്ചേരിപ്പടി സ്റ്റാന്‍ഡ്, തുറക്കല്‍ രാജീവ് ഗന്ധി ബൈപ്പാസ് വഴി പുതിയ ബസ്സ്റ്റാന്‍ഡില്‍ പ്രവേശിച്ച് അവിടെനിന്നും സര്‍വീസ് നടത്തണം. അരീക്കോട്, കാളികാവ്, വണ്ടൂര്‍, നിലമ്പൂര്‍ ഭാഗത്തു നിന്നും മലപ്പുറം, പെരിന്തല്‍മണ്ണ ഭാഗത്തേക്കുള്ള ബസുകള്‍ ജസീല ജങ്ഷനില്‍ ആളെ ഇറക്കി കച്ചേരിപ്പടി ബസ് സ്റ്റാന്‍ഡില്‍ പ്രവേശിച്ചാണ് സര്‍വീസ് നടത്തേണ്ടത്. പാണ്ടിക്കാട് ഭാഗത്തു നിന്നും മലപ്പുറം പെരിന്തല്‍മണ്ണ ഭാഗത്തേക്കു പോവുന്നവ ചമയം ജങ്ഷനില്‍ ആളെ ഇറക്കി രാജീവ് ഗാന്ധി ബൈപ്പാസ് വഴി കച്ചേരിപ്പടി ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കുകയും അവിടെനിന്നും സര്‍വീസ് നടത്തുകയും വേണം.
കിഴിശ്ശേരി -പൂക്കോട്ടൂര്‍ ഭാഗത്തു നിന്നും വരുന്ന ബസുകള്‍ തുറക്കല്‍, ജസീല ജങ്ഷന്‍ വഴി പുതിയ ബസ്സ്റ്റാന്‍ഡിലെത്തി അവിടെ നിന്നും സര്‍വീസ് ചെയ്യണം. അതേസമയം കോഴിക്കോട്, അരീക്കോട്, നിലമ്പൂര്‍, വണ്ടൂര്‍, കാളികാവ്, എളങ്കൂര്‍ ഭാഗത്തു നിന്നും വരുന്നവ നിലവിലെ സ്ഥിതി തുടരണമെന്നും മഞ്ചേരി ട്രാഫിക്ക് പൊലിസ് അറിയിച്ചു. നിര്‍മാണ പ്രവൃത്തികള്‍ അവസാനിക്കുന്നത് വരെയായിരിക്കും ഈ പരിഷ്‌കാരം തുടരുക. അതുവരെ ഹെവി വാഹനങ്ങള്‍ നഗരത്തില്‍ പ്രവേശിക്കരുതെന്നും പൊലിസ് കര്‍ശന നിര്‍ദേശം നല്‍കി. അഴുക്കുചാല്‍ നവീകരണ പ്രവൃത്തികള്‍ ഇന്നലെയും തുടര്‍ന്നു. മഞ്ചേരി സെന്‍ട്രല്‍ ജങ്ഷനില്‍ റോഡിനു കുറുകെ ജെ.സി.ബി ഉപയോഗിച്ചു വലിയ കിടങ്ങു കുഴിച്ചാണ് അഴുക്കുചാല്‍ നവീകരണം നടന്നുവരുന്നത്. ഇതുമൂലം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വലിയ തോതിലുള്ള ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടിരുന്നത്. ഇതുമൂലം മഞ്ചേരി-കോഴിക്കോട് മെഡി.കോളജുകളിലേക്കുപോവേണ്ട ആബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഏറെ നേരം ഗതാഗത കുരുക്കില്‍ പെട്ടിരുന്നു. വരും ദിവസങ്ങളില്‍ ഗതാഗത തടസം രൂക്ഷമാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പൊലിസ് പരിഷ്‌കാര നടപടികള്‍ക്കു തുനിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."