ബൈരക്കുപ്പ പാലം യാഥാര്‍ഥ്യമാകുമോ?
പുല്‍പ്പള്ളി: വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ മത്സര രംഗത്ത് എത്തിയതോടെ ബൈരക്കുപ്പ പാലം നിര്‍മാണം യാഥാര്‍ഥ്യമാകുമോയെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
നിയമ പ്രശ്‌നങ്ങളുടെ പേരില്‍ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കാത്ത കേരള-കര്‍ണ്ണാടക അതിര്‍ത്തിയിലെ കബനി നദിക്ക് കുറുകെ പാലം നിര്‍മിക്കുന്നതിന് 1994 ല്‍ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനാണ് കര്‍ണ്ണാടക മുഖ്യമന്ത്രിയായിരുന്ന വീരപ്പ മൊയ്‌ലിയുടെ സാന്നിധ്യത്തില്‍ പെരിക്കല്ലൂര്‍ കടവില്‍ തറക്കല്ലിട്ടത്. പിന്നീട് കര്‍ണ്ണാടക വനംവകുപ്പിന്റെ തടസങ്ങളെത്തുടര്‍ന്ന് പാലം നിര്‍മാണം മുടുങ്ങുകയായിരുന്നു. ആയിരക്കണക്കിന് ജനങ്ങള്‍ക്ക് കര്‍ണ്ണാടകയിലെ മൈസൂര്‍, മംഗലാപുരം കുടക് പ്രദേശങ്ങളിലേക്ക് എളുപ്പത്തില്‍ എത്താന്‍ ഈ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായാല്‍ കഴിയും. ജനപ്രതിനിധികളായിരുന്ന കെ. മുരളീധരന്‍, കെ.സി റോസക്കുട്ടി, കെ.കെ രാമചന്ദ്രന്‍, കെ. രാഘവന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പാലം നിര്‍മാണ പ്രവര്‍ത്തിക്ക് അനുമതി ലഭിക്കുന്നതിനായി വനംവകുപ്പ് അധികൃതരുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരിഹാരം ഉണ്ടായില്ല.
ഇപ്പോള്‍ വയനാട് ലോക്‌സഭ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയായി എത്തിയതോടെ കര്‍ണ്ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ട് പാലം നിര്‍മാണവുമായി ബന്ധപ്പെട്ടിട്ടുള്ള തടസങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കുടിയേറ്റ മേഖലയിലെ ജനങ്ങള്‍. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി സുനീര്‍, എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പടെയുള്ളവരെ പാലവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്താനുള്ള തയാറെടുപ്പിലാണ് ഇവിടുത്തെ വോട്ടര്‍മാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."