പണം പ്രശ്‌നമല്ല; മജ്‌സിയക്ക് തുര്‍ക്കിയിലേക്ക് പോകാം
കോഴിക്കോട്: പണം ഇനി തടസമല്ല. തുര്‍ക്കിയില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ മജ്‌സിയ ബാനുവും ഉണ്ടാകും. യു.എ.ഇ കേന്ദ്രീകരിച്ചുള്ള കെ.പി.കെ ഗ്രൂപ്പ് ഓഫ് കമ്പനീസ് മജ്‌സിയയുടെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തു. ഒക്‌ടോബറില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മജ്‌സിയയുടെ എല്ലാ ചെലവും വഹിക്കുമെന്ന് കമ്പനി എം.ഡി കെ.പി.കെ റയീസ് ഉറപ്പു തന്നതായി മജ്‌സിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ആദ്യഘട്ടമായി ഒരു ലക്ഷം രൂപയുടെ ചെക്ക് താരത്തിന് കൈമാറി. മറ്റൊരു കമ്പനിയും സമാനമായ സഹായ വാഗ്ദാനവുമായി രംഗത്ത് എത്തിയിട്ടുണ്ട്. പവര്‍ലിഫ്റ്റിങിലെ നേട്ടങ്ങള്‍ക്കു പിറകെയാണ് പഞ്ചഗുസ്തിയും തനിക്ക് വഴങ്ങുമെന്ന് മജ്‌സിയ തെളിയിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 20 പേരെ തോല്‍പ്പിച്ചാണ് ലഖ്‌നൗവില്‍ നടന്ന ദേശീയ മത്സരത്തില്‍ മജ്‌സിയ ചാംപ്യനായത്. എന്നാല്‍ ലോകചാംപ്യന്‍ഷിപ്പിനു പോകാന്‍ സര്‍ക്കാരില്‍ നിന്നു വരെ സഹായം ലഭ്യമാകാത്ത സാഹചര്യത്തിലാണ് മജ്‌സിയ സഹായ അഭ്യര്‍ഥനയുമായി രംഗത്ത് എത്തിയത്. മാധ്യമങ്ങളിലെ വാര്‍ത്ത കണ്ട് ഒട്ടേറെ പേരാണ് ധനസഹായം നല്‍കിയത്. എം.ഇ.എസ് രണ്ടു ലക്ഷം രൂപ നല്‍കി.
ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ഒരു ലക്ഷം നല്‍കി. ഫോര്‍എവര്‍ ഗ്രൂപ്പ് തലശേരിയും ആവശ്യമായ തുക നല്‍കാമെന്ന് ഉറപ്പുനല്‍കി. സോഷ്യല്‍ മീഡിയ വഴിയും നിരവധി പേര്‍ സഹായധനം നല്‍കിയെന്നും മജ്‌സിയ അറിയിച്ചു. അഞ്ചു ലക്ഷം വരെയാണ് മത്സരത്തിനു ചെലവ്. സ്‌പോണ്‍സര്‍മാരെ ലഭിച്ചതോടെ ആത്മ വിശ്വാസം വര്‍ധിച്ചുവെന്നും മെഡലുമായി തിരിച്ചുവരുമെന്നും മജിസിയ ബാനു കൂട്ടിച്ചേര്‍ത്തു.
ഹിജാബ് ധരിച്ച ബോഡി ബില്‍ഡര്‍ എന്ന പേരില്‍ പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പിലൂടെ ശ്രദ്ധനേടിയ കായികതാരമാണ് മജ്‌സിയ ബാനു. മൂന്നു തവണ സംസ്ഥാനത്തെ സ്‌ട്രോങ് വുമണായും അഞ്ചു തവണ കോഴിക്കോട് ജില്ലയിലെ സ്‌ട്രോങ് വുമണായും തിരഞ്ഞെടുത്തിട്ടുണ്ട് ഈ കോഴിക്കോട്ടുകാരിയെ. ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പ്, ദേശീയ അണ്‍ എക്യുപ്ഡ് ചാംപ്യന്‍ഷിപ്പ്, ഏഷ്യന്‍ ക്ലാസിക് പവര്‍ലിഫ്റ്റിങ് എന്നിവയില്‍ വെള്ളിമെഡല്‍ നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."