സംജു സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ചത് ഇ.കെ നായനാര്‍ ട്രസ്റ്റിന്റെ ആംബുലന്‍സെന്ന് സൂചന; രാത്രികാല യാത്രകള്‍ കസ്റ്റംസ് പരിശോധിക്കുന്നു
കോഴിക്കോട്: കസ്റ്റംസ് അറസ്റ്റു ചെയ്ത എരഞ്ഞിക്കല്‍ സ്വദേശി സംജു താഴേമനേടത്ത് സ്വര്‍ണത്തിന്റെ വിതരണം നടത്തിയത് ജീവകാരുണ്യ സംഘടനയുടെ മറവിലെന്ന് സൂചന. എരഞ്ഞിക്കല്‍ ഇ.കെ നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹൃദയ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന്റെ ആംബുലന്‍സ് ഉപയോഗിച്ചാണ് സ്വര്‍ണം ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കാറുള്ളതെന്നാണ് വിവരം.
ഇതിന്റെ അടിസ്ഥാനത്തില്‍ ആംബുലന്‍സിന്റെ ഇതുവരെയുള്ള രാത്രികാല യാത്രാ വിവരങ്ങള്‍ കസ്റ്റംസ് ശേഖരിക്കുമെന്നും സൂചനയുണ്ട്. സംജുവിന്റെ ഭാര്യാപിതാവ് ട്രസ്റ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ നിര്‍വാഹക സമിതി അംഗവുമാണ്. ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇദ്ദേഹം പണം നല്‍കാറുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സാമ്പത്തികപരമായ ഇടപാടുകള്‍ മറച്ചു വയ്ക്കാനായി സംഘടയെ ഉപയോഗിച്ചിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കും.
അതേസമയം, പാലിയേറ്റീവ് കെയറിന്റെ ആംബുലന്‍സുമായി ബന്ധപ്പെട്ട രാത്രി യാത്രകളെ കുറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് എരഞ്ഞിക്കല്‍ ഇ.കെ നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹൃദയ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ പ്രസിഡന്റ് മുജീബ് റഹ്്മാന്‍ പറഞ്ഞു. ആഴ്ചയില്‍ അഞ്ചു ദിവസം ഹോംകെയറിന് വേണ്ടി ഉപയോഗിക്കുന്ന ആംബുലന്‍സ് രാത്രികാലങ്ങളില്‍ ഓടാറില്ലെന്നും അത്യാവശ്യകാര്യങ്ങള്‍ക്ക് വേണ്ടി മാത്രമേ പുറത്തുള്ള ഓട്ടത്തിന് പോകാറുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ആംബുലന്‍സിന് പ്രത്യേക ഡ്രൈവറുണ്ടെന്നും കൃത്യമായി സമയം രേഖപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.
ഇന്നലെ ട്രസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി രാഷ്ട്രീയ സംഘടനകളെത്തിയിരുന്നു. ഇത് കണക്കിലെടുത്ത് ഇന്നലെ മുതല്‍ ട്രസ്റ്റിന്റെ എരഞ്ഞിക്കലിലെ ഓഫീസിന് മുന്നില്‍ കൂടുതല്‍ പൊലിസിനെ നിയോഗിച്ചിട്ടുണ്ട്.
എരഞ്ഞിക്കലിലെ വീട്ടില്‍ ഇന്നലെയും റെയ്ഡ്, ബിസിനസ് പാര്‍ട്ണര്‍ഷിപ്പ് രേഖകള്‍ കണ്ടെടുത്തു
കസ്റ്റംസ് അറസ്റ്റ് ചെയ്ത എരഞ്ഞിക്കല്‍ സ്വദേശി സംജുവിന്റെ സ്‌കൂള്‍ മുക്കിലെ വീട്ടില്‍ കസ്റ്റംസ് ഇന്നലെയും പരിശോധന നടത്തി. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോഴും ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോഴുമാണ് കോഴിക്കോട്, മലപ്പുറം സ്വദേശികളായ ചിലരുടെ പങ്ക് വ്യക്തമായത്. ഇതേ തുടര്‍ന്ന് ബുധനാഴ്ചയാണ് സംജുവിന്റെ എരഞ്ഞിക്കല്‍ സ്‌കൂള്‍ മുക്കിലെ വീട്ടില്‍ കസ്റ്റംസ് ആദ്യമായി പരിശോധന നടത്തിയതും ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതും.
വിശദമായി ചോദ്യം ചെയ്തതിനു പിന്നാലെ ഇന്നലെ വീണ്ടും വീട്ടിലും ഇദ്ദേഹത്തിന് പങ്കാളിത്തമുള്ള ചില സ്വര്‍ണ കടകളിലും പരിശോധന നടത്തി. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംജുവിന്റെ വിദേശയാത്രകള്‍, ഫോണ്‍ വിളികള്‍, റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെ വിവിധ ബിസിനസുകളിലെ പാര്‍ട്നര്‍ഷിപ്പ് എന്നിവയുടേതടക്കം രേഖകള്‍ കസ്റ്റംസ് വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് സംജു എരഞ്ഞിക്കലിലെ സംസ്ഥാന പാതയോരത്ത് പുതിയ വീടു വെച്ചത്. കൂടാതെ ഇതിനിടയില്‍ ആഢംബര കാറുകള്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. സംജു സ്വര്‍ണക്കടത്ത് കേസിലെ നിര്‍ണായക കണ്ണിയെന്നാണ് സൂചന. കേരളത്തിലെത്തുന്ന സ്വര്‍ണം ആഭരണ നിര്‍മാണ കേന്ദ്രങ്ങള്‍ക്കും ജ്വല്ലറികള്‍ക്കും എത്തിച്ചു നല്‍കുന്നതിദ്ദേഹമാെണന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ചില ജ്വല്ലറികളില്‍ ഇദ്ദേഹത്തിന് പങ്കാളിത്തവുമുണ്ട്. കള്ളക്കടത്ത് സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ദിവസം പോലും കേസിലെ പ്രതികളും സംജുവും തമ്മില്‍ പലതവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവത്രെ. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടുവണ്ണൂര്‍, കൊടുവള്ളി സ്വദേശികളായ ചിലരുെട പങ്കും അേന്വഷിക്കുന്നുണ്ട്. പഴയ വാഹനങ്ങളുടെ വില്‍പ്പന, ജ്വല്ലറി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ കസ്റ്റംസിന്റെ നിരീക്ഷണത്തിലാണ്.
കൂടാതെ ദുബൈയില്‍ മൊബൈല്‍ ഷോപ്പ്, ദമാമില്‍ ഹോട്ടല്‍ എന്നിവയും നടത്തുന്നതായാണ് വിവരം. സ്വര്‍ണം നല്‍കിയാണ് ഇദ്ദേഹം പലരുടെയും ജ്വല്ലറി ബിസിനസില്‍ പങ്കാളിയാവുന്നത്. വലിയതോതില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും നടത്തിയെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. നേരത്തെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ ഇയാളും ബന്ധുക്കളും ഉള്‍പ്പെട്ടിരുന്നു. നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സംജു പങ്കാളിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."