മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗം ഇന്ന്; വഴിപാട് യോഗമാവുമെന്ന് എം.പിമാര്‍
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നാളെ ആരംഭിക്കാനിരിക്കേ കേരളത്തില്‍നിന്നുള്ള എം.പിമാരുടെ യോഗം ഇന്ന് വിളിച്ചു ചേര്‍ത്തതിനെതിരേ എം.പിമാര്‍ക്കിടയില്‍ തന്നെ വിമര്‍ശനമുയരുന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിനു ശേഷം ആദ്യമായി നടത്തുന്ന യോഗം എന്ന നിലയ്ക്ക് പ്രതിഷേധം ഉണ്ടെങ്കിലും പങ്കെടുക്കാന്‍ തന്നെയാണ് കോണ്‍ഗ്രസ് എം.പിമാരുടേയും തീരുമാനം.
സാധാരണഗതിയില്‍ പാര്‍ലമെന്റ് സമ്മേളനത്തിനു തിയതി പ്രഖ്യാപിച്ചതിനു പിന്നാലെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സംസ്ഥാനത്തു നിന്നുള്ള എം.പിമാരുടെ യോഗം വിളിക്കാറാണ് പതിവ്. പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കണമെങ്കില്‍ 12 ദിവസം മുന്‍പ് എഴുതി നല്‍കേണ്ടതുണ്ട്. അതിനാല്‍ ഇത്തവണ യോഗത്തില്‍ ഉയരുന്ന ആവശ്യം അനുസരിച്ച് ചോദ്യം എഴുതിത്തയാറാക്കി പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ കഴിയില്ല. ഇക്കാരണത്താല്‍ ഇന്നത്തെ യോഗം വെറും വഴിപാട് മാത്രമാണെന്നാണ് ആക്ഷേപം.
നേരത്തെ തിരുവനന്തപുരത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന യോഗമാണ് സമ്മേളനം തുടങ്ങുന്നതിന്റെ തലേദിവസമായ ഇന്ന് ഡല്‍ഹിയില്‍ നടത്താന്‍ തീരുമാനമായത്. തിരുവനന്തപുരത്ത് നടക്കുന്ന യോഗങ്ങളില്‍ ഓരോ മന്ത്രിമാരും അവരുടെ വകുപ്പിനു കീഴിലുള്ള ആവശ്യങ്ങള്‍ സംബന്ധിച്ച് എം.പിമാര്‍ക്ക് നോട്ട് കൊടുക്കാറുണ്ട്.
എന്നാല്‍ ഡല്‍ഹിയില്‍ യോഗം നടക്കുന്നതിനാല്‍ അതിനും സാധിക്കില്ല. മഴക്കാല സമ്മേളനത്തിന്റെ അജന്‍ഡ എം.പിമാര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഈ അജന്‍ഡയിലൂന്നിയാകും ഇന്നത്തെ ചര്‍ച്ച നടക്കുക. വിഴിഞ്ഞം തുറുമുഖ പദ്ധതി അനിശ്ചിതത്വത്തിലാവുകയും കുളച്ചല്‍ പദ്ധതിയുമായി തമിഴ്‌നാട് മുന്നോട്ടുപോവുകയും ചെയ്യുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റില്‍ കേരളത്തിനു വേണ്ടി ശബ്ദമുയര്‍ത്തണമെന്ന ആവശ്യമാകും യോഗത്തില്‍ പ്രധാനമായും ഉയരുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."