കേരളത്തിനെതിരായ നിലപാടുമായി സി.പി.എം തമിഴ്‌നാട് ഘടകം
തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് സി.പി.എം തമിഴ്‌നാട് ഘടകം പുറത്തിറക്കിയ പ്രകടനപത്രിക കേരളത്തിന്റെ നിലനില്‍പ്പിനെ ചോദ്യംചെയ്യുന്നത്.
ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുമെന്നാണ് തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണന്‍ പുറത്തിറക്കിയ പ്രകടനപത്രികയില്‍ പറയുന്നത്. നേരത്തെ സി.പി.എം പൊളിറ്റ് ബ്യൂറോയും ഇതേനിലപാട് സ്വീകരിച്ചിരുന്നു.
വിഷയത്തില്‍ തമിഴ്‌നാട്ടിലും കേരളത്തിലും രണ്ട് നിലപാടുകളാണ് പാര്‍ട്ടിക്കുള്ളത്. പാര്‍ട്ടിയുടെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാകുന്നത്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ. വരദരാജന്‍, എ. സൗന്ദര്‍ രാജന്‍, നേതാക്കളായ എ. അറുമുഖ നൈനാര്‍, കെ. ഉദയകുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രകടനപത്രിക പുറത്തിറക്കിയത്.മുല്ലപ്പെരിയാര്‍ പ്രശ്‌നം പാര്‍ട്ടിക്കുപുറത്ത് പരസ്യമായി ഉന്നയിക്കേണ്ടെന്ന് 1997 ഓഗസ്റ്റില്‍ ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗം തീരുമാനിച്ചിരുന്നു. പി.ബി തീരുമാനത്തിനെതിരേ വി.എസ് അച്യുതാനന്ദന്‍ അന്ന് പരസ്യമായി രംഗത്തുവന്നിരുന്നെങ്കിലും ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാറുകയായിരുന്നു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സി.പി.എം തമിഴ്‌നാട് ഘടകം ഉറച്ച നിലപാട് എടുത്തതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് പാര്‍ട്ടിയെ എത്തിച്ചത്. പി.ബി ഇടപെട്ടതോടെ നായനാര്‍ സര്‍ക്കാര്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ നിന്ന് പിന്‍വലിഞ്ഞിരുന്നു. സ്പില്‍വേക്ക് മുന്നിലെ മണ്ണ് മാറ്റാന്‍പോലും അന്ന് കഴിഞ്ഞിരുന്നില്ല. ഈ അവസരം മുതലെടുത്ത് കൂടുതല്‍ പാറക്കല്ലുകളും മണ്ണും സ്പില്‍വേക്ക് മുന്നില്‍ തമിഴ്‌നാട് നിക്ഷേപിച്ചു. നായനാര്‍ സര്‍ക്കാരിന്റെ നിലപാട് തന്നെയാണ് മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ വി.എസ് സര്‍ക്കാരും പിന്തുടര്‍ന്നത്.
മുല്ലപ്പെരിയാര്‍ കാരാറിന് ഇപ്പോഴും നിയമസാധുതയുള്ളതിനാല്‍ സംസ്ഥാനത്തിന് ഏകപക്ഷീയമായി കരാര്‍ അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് 2006 സെപ്റ്റംബറില്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. കരാര്‍ റദ്ദാക്കാന്‍ കഴിയില്ലെന്ന നിയമോപദേശമാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു. വിഷയത്തില്‍ പി.ബിയുടെ കൂച്ചുവിലങ്ങിലായിരുന്നു വി.എസ്. പിണറായി സര്‍ക്കാരും ഈ നിലപാട് തന്നെയാണ് പിന്തുടരുന്നത്. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയാക്കാന്‍ 2015 മെയില്‍ സുപ്രിംകോടതി അനുമതി നല്‍കിയിരുന്നു.
മൂല്ലപ്പെരിയാര്‍ വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ചര്‍ച്ചയല്ലെങ്കിലും തമിഴ്‌നാട്ടിലെ പല മണ്ഡലങ്ങളിലും മുഖ്യവിഷയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."