മൂന്ന് സ്ത്രീകളെ ഇടിച്ചു തെറുപ്പിച്ചു; ഒരാള്‍ മരിച്ചു
തിരുവനന്തപുരം: മത്സരയോട്ടത്തിനിടെ അമിത വേഗതയില്‍ എത്തിയ ബൈക്കിടിച്ച് പരുക്കേറ്റ വീട്ടമ്മ ആശുപത്രിയില്‍ മരിച്ചു. രണ്ടു പേരെ പരുക്കുകളോടെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന് വഴി വച്ച ബൈക്ക് യാത്രക്കാരനേയും പരുക്കുകളോടെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കരമന നെടുങ്കാട് തുണ്ടുവിള വീട്ടില്‍ ടി.സി 23/65(2) ല്‍ സുരേഷിന്റെ ഭാര്യ ജ്യോതി ലക്ഷമി(45) ആണ് മരിച്ചത്. കവടിയാറില്‍ വച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടെ ആയിരുന്നു അപകടം. ഇവര്‍ക്ക് ഒപ്പം പരുക്കേറ്റ കരമന നെടുങ്കാട് സ്വദേശികളായ ശാലിനി(30), തുളസി(50) എന്നിവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലുള്ളത്. ബൈക്ക് യാത്രികനായ വഴയില സ്വദേശി സന്‍വറിനെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലിസ് അറിയിച്ചു.
കവടിയാര്‍ ബയോളജിക്കല്‍ ട്യൂഷന്‍ സെന്ററിന് സമീപം ബാങ്ക് ഓഫ് ബറോഡയ്ക്ക് മുന്നില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം.
സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ: ഇതിനടുത്തായി ജോലി നോക്കുന്ന സ്ത്രീകള്‍ ഒരുമിച്ച് റോഡ് മുറിച്ചു കടക്കുകയായിരുന്നു. വാഹനങ്ങള്‍ ഇവര്‍ക്ക് കടന്നു പോകാനായി നിര്‍ത്തിയിട്ടിരുന്നതായി ട്രാഫിക് പൊലിസ് പറഞ്ഞു. ഇതിനിടയിലാണ് അമിത വേഗതയില്‍ എത്തിയ ബൈക്ക് ജ്യോതിലക്ഷമിയേയും മറ്റു രണ്ടു പേരെയും ഇടിച്ചിട്ടത്. ഇടിയുടെ ആഘാതത്തില്‍ മൂന്നു പേരും റോഡിലേക്ക് തെറിച്ചു വീണു. തലയ്ക്ക് ഗുരുതര പരുക്കേറ്റ ജ്യോതിലക്ഷമിയേയും മറ്റുള്ളവരേയും ഓടികൂടിയ നാട്ടുകാര്‍ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തിച്ചു.
അതീവ ഗുരുതരാവസ്ഥയിലായ ജ്യോതിലക്ഷമിയെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചുവെങ്കിലും വൈകിട്ടോടെ മരിച്ചു. കാലിനും പുറകിലും പരുക്കേറ്റ രണ്ടു പേര്‍ ആശുപത്രിയിലാണ്. ഇവരെ ഇടിച്ചതിനെ തുടര്‍ന്നു റോഡിലേക്ക് തെറിച്ചു വീണ ബൈക്ക് യാത്രക്കാരനെയാണ് സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജ്യോതിലക്ഷമിയുടെ സംസ്‌കാരം പീന്നിട്. മക്കള്‍: ശ്രാവണ്‍, സുധിന്‍. ട്രാഫിക് പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."