കണ്‍സള്‍ട്ടന്‍സി കരാറുകളെല്ലാം പരിശോധിക്കണമെന്ന് സി.പി.എം കേന്ദ്ര നേതൃത്വം: കരാറുകള്‍ അനിവാര്യമെന്ന് മുഖ്യമന്ത്രി
ന്യുഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ കണ്‍സള്‍ട്ടന്‍സി കരാറുകളെല്ലാം പരിശോധിക്കണമെന്ന് സര്‍ക്കാരിനോട് സി.പി.എം. എന്നാല്‍ കരാറുകളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്‍സള്‍ട്ടന്‍സി നിയമനങ്ങള്‍ പരമാവധി ഒരുവര്‍ഷക്കാലത്തേക്ക് ചില പ്രത്യേക സാഹചര്യത്തില്‍ അനിവാര്യമാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കാണെങ്കിലും പ്രത്യക്ഷത്തില്‍ അത് സി.പി.എം കേന്ദ്ര നേതൃത്വത്തിനു കൂടിയുള്ളതായി.
കണ്‍സള്‍ട്ടന്‍സി കരാറുകള്‍ വിവാദമായ സാഹചര്യത്തിലാണ് സുതാര്യത ഉറപ്പാക്കാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം സര്‍ക്കാരിനെ ഉപദേശിച്ചത്.
ഇതുവരെ നല്‍കിയ കരാറുകളെല്ലാം പരിശോധിക്കണം. എന്തെങ്കിലും അപകാതയുണ്ടെങ്കില്‍ കണ്ടെത്തി ഉടന്‍ തിരുത്തണമെന്നുമാണ് സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യം.
പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ അടക്കം കണ്‍സള്‍ട്ടന്‍സി കരാറുകള്‍ കൈമാറിയത് സംബന്ധിച്ച് സര്‍ക്കാരിനെതിരേ വന്‍ വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍.
കേന്ദ്ര ആവശ്യപ്രകാരം കരാറുകളെല്ലാം പരിശോധിക്കാന്‍ സംസ്ഥാന തലത്തില്‍ നടപടിയുമായി മുന്നോട്ട് പോകുന്നതിനിടെയാണ് മുഖ്യമന്ത്രി ചെന്നിത്തലക്കുള്ള മറുപടിയില്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയും കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശത്തിനു വിരുദ്ധമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയും ചെയ്തിരിക്കുന്നത്.
വിവാദ കമ്പനികളേയും കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട കമ്പനികളേയും നിര്‍ബന്ധമായും ഒഴിവാക്കണം. ചില പദ്ധതികള്‍ക്ക് കണസള്‍ട്ടന്‍സികളെ ഒഴിവാക്കി മുന്നോട്ട് പോകാനാകില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ കണസള്‍ട്ടന്‍സികള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ വിവേകപൂര്‍വ്വം പരിശോധിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും സിപിഎം മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ നൂതന സാങ്കേതികവിദ്യ വിനിയോഗം ചെയ്യപ്പെടുന്ന മേഖലയിലെല്ലാം പ്രത്യേക പരിജ്ഞാനവും പ്രാവീണ്യവുമുള്ള ആളുകള്‍ ആവശ്യമായി വരുമ്പോള്‍ ഇത് അനിവാര്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്തിനുള്ള മറുപടിയില്‍ മുഖ്യമന്ത്രി അറിയിച്ചു.
കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ വഴി സുതാര്യത ഉറപ്പുവരുത്തി ഹ്രസ്വകാല നിയമനങ്ങള്‍ നടക്കാറുണ്ട്. അവ സര്‍ക്കാര്‍ നിയമനങ്ങളല്ല. പി.എസ്.സിക്ക് നോട്ടിഫൈ ചെയ്യേണ്ട തസ്തികകളുമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചുള്ള തൊഴില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സര്‍വിസിലെ ഒഴിവുകളില്‍ പി.എസ്.സി വഴിയുള്ള നിയമനം ഉറപ്പാക്കുന്നതിനു പുറമെ, കേരളത്തെ ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റി ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് ഈ സര്‍ക്കാരിന്റെ ലക്ഷ്യമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി എന്നാല്‍ സങ്കുചിത താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തുമ്പോള്‍ സംസ്ഥാനത്ത് വരാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്ന പല നിക്ഷേപകരും പിന്തിരിയുമെന്ന മുന്നറിയിപ്പുകൂടിയാണ് വിമര്‍ശകര്‍ക്ക് നല്‍കുന്നത്.
വിവാദങ്ങള്‍ വസ്തുതകളെ തമസ്‌കരിക്കുന്ന സാഹചര്യമുണ്ടായാല്‍ കേരളത്തിന്റെ പുതിയ വികസന പരിപ്രേക്ഷ്യ നിര്‍മിതിക്ക് തിരിച്ചടി നേരിടുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നതും വിമര്‍ശിക്കുന്നതും ക്രിയാത്മകമായി ചെയ്യുന്നതോടൊപ്പം മേല്‍പ്പറഞ്ഞ വസ്തുത കൂടി മനസ്സില്‍ വയ്ക്കണമെന്ന് അഭ്യര്‍ഥിച്ചാണ് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനുള്ള മറുപടി അവസാനിപ്പിക്കുന്നത്. ഇതെല്ലാം പാര്‍ട്ടിക്കു കൂടിയുള്ള മറുപടിയായി വ്യാഖ്യാനിക്കാം.
ഐ.ടി മേഖലയിലും പശ്ചാത്തല സൗകര്യ പ്രോജക്ടുകള്‍ക്കും കണ്‍സള്‍ട്ടന്റുകള്‍ ഹ്രസ്വകാല കൃത്യനിര്‍വ്വഹണത്തിനായി നിയമിക്കപ്പെടുന്ന കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന പ്രശ്നം ഉണ്ടായിട്ടില്ല. ഇതില്‍ തന്നെ വിദ്യാഭ്യാസ യോഗ്യതയെപ്പറ്റിയോ ഏതെങ്കിലും അനഭിലഷണീയമായ പ്രവര്‍ത്തനങ്ങള്‍ പങ്കുണ്ടെന്ന് സംശയമുണ്ടാവുകയോ ചെയ്താല്‍ അവരുടെ സേവനം അവസാനിപ്പിക്കാനും ആവശ്യമെന്നു കണ്ടാല്‍ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന സര്‍ക്കാര്‍ മടി കാണിച്ചിട്ടില്ലെന്ന ഓര്‍മപ്പെടുത്തലുമുണ്ട് കത്തില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."