ഇന്ത്യന്‍ ജനസംഖ്യ ചൈനയെ മറികടക്കും
ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനസംഖ്യ ചൈനയെയും കടത്തിവെട്ടുമെന്ന് യു.എന്‍ റിപ്പോര്‍ട്ട്. യുനൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ട് തയാറാക്കിയ ലോക രാജ്യങ്ങളിലെ 2018ലെ ജനസംഖ്യ സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ ജനസംഖ്യാ വളര്‍ച്ച ചൈനയെ മറികടക്കുമെന്ന് വ്യക്തമാക്കുന്നത്.
2010നും 2019നും ഇടയില്‍ ഇന്ത്യയിലെ ജനസംഖ്യാ വളര്‍ച്ച 1.2 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ആഗോള ശരാശരിയായ 1.1 ശതമാനത്തേക്കാള്‍ കൂടുതലാണ് ഇത്. ഒരു വര്‍ഷം ചൈനയുടെ 0.5 ശതമാനം വളര്‍ച്ച എന്നതിനേക്കാള്‍ കൂടുതലാണ് ഇത്.
2019ല്‍ ലോക ജനസംഖ്യ 771 കോടിയായി ഉയരും. മുന്‍വര്‍ഷം ഇത് 763 കോടിയായിരുന്നു. ജനങ്ങളുടെ ശരാശരി ജീവിതം 72 വര്‍ഷം വരെയായി ഉയര്‍ന്നതും ജനസംഖ്യാ വളര്‍ച്ചയില്‍ നിര്‍ണായകമാണ്. വികസ്വര രാജ്യങ്ങളിലാണ് പ്രധാനമായും ജനസംഖ്യാ വളര്‍ച്ച അഭൂതപൂര്‍വമായ രീതിയില്‍ വര്‍ധിക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പ്രതിവര്‍ഷം ശരാശരി ജനസംഖ്യാ വളര്‍ച്ച 2.7 ശതമാനമാണ്. 2050 ആകുമ്പോഴേക്ക് ഇന്ത്യ, നൈജീരിയ പോലുള്ള രാജ്യങ്ങളില്‍ ജനസംഖ്യാ വളര്‍ച്ച വന്‍തോതിലുണ്ടാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ജനസംഖ്യയില്‍ ഏറ്റവും കൂടുതലുള്ളത് ചൈനയിലാണ്. ഇവിടെ 142 കോടി ജനങ്ങളാണുള്ളത്. 136 കോടി ജനങ്ങളുമായി ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."