അപകടക്കെണിയായി കേബിള്‍കുഴികള്‍
താമരശേരി: റിലയന്‍സിന്റെ ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് സര്‍വിസിന് കേബിളിടാന്‍ റോഡ് വെട്ടിപ്പൊളിച്ചതോടെ കട്ടിപ്പാറ പഞ്ചായത്തിലെ വെണ്ടേക്കുംചാല്‍ പൂലോട് റൂട്ടില്‍ യാത്രാദുരിതം.
കനത്ത മഴയില്‍ കേളന്‍മൂല മുതല്‍ വെണ്ടേക്കുംചാല്‍ വരെയുള്ള രണ്ടര കിലോമീറ്റര്‍ റോഡ് പൂര്‍ണമായും ചെളിക്കുഴിയായി മാറി. പാതയോരത്ത് കിടങ്ങ് രൂപപ്പെടുകയും റോഡ് പൊട്ടിപ്പൊളിയുകയും ചെയ്തു. കട്ടിപ്പാറ, പുതുപ്പാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.
ചരക്കു വാഹനങ്ങളും സ്‌കൂള്‍ ബസുകളും അടക്കം കുഴിയില്‍ അകപ്പെടുന്നത് നിത്യസംഭവമാണ്. കേബിളിടാന്‍ കുഴിയെടുത്തശേഷം മണ്ണിട്ട് മൂടുക മാത്രമാണ് കരാറുകാര്‍ ചെയ്തത്. മഴപെയ്തതോടെ ഈ മണ്ണ് ഒലിച്ചുപോയും ഇടിഞ്ഞുതാഴ്ന്നും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റാത്ത നിലയിലായി. ചെളിയില്‍ നിയന്ത്രണംവിട്ട് ഇരുചക്രവാഹനങ്ങള്‍ തെന്നി വീഴുന്നതും പതിവാണ്. സ്‌കൂളില്‍ പോകുന്ന കുട്ടികളും റോഡിലെ ചെളിക്കെട്ടില്‍ വീണ സംഭവങ്ങളുമുണ്ടായി. പലയിടത്തും മെറ്റലും കോണ്‍ക്രീറ്റ് കഷണങ്ങളും റോഡില്‍ കൂട്ടിയിട്ടതും യാത്രക്കാരെ അപകടത്തിലാക്കുന്നുണ്ട്.
നാലുമാസം മുന്‍പാണ് കേബിള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയത്. റോഡ് നന്നാക്കുന്നതിനായി പഞ്ചായത്തിലെ എന്‍ജിനീയറിങ് വിഭാഗം തയാറാക്കിയ കണക്ക് പ്രകാരം 25 ലക്ഷം രൂപ പഞ്ചായത്തില്‍ ഒടുക്കിയിരുന്നതായി കരാറുകാര്‍ പറയുന്നു. പൊതുവെ വീതികുറവുള്ള റോഡില്‍ സൈഡ് ഇറക്കിയാല്‍ വാഹനങ്ങള്‍ കുഴിയില്‍ ചാടുമെന്നുറപ്പാണ്. മൂന്നു മാസത്തിനിടെ 20 ഭാര വാഹനങ്ങളാണ് കുഴിയില്‍ അകപ്പെട്ടത്. ജെ.സി.ബിയും ക്രെയിനും മണിക്കൂറുകള്‍ പരിശ്രമിച്ചാണ് വാഹനങ്ങള്‍ കരകയറ്റാനാവുക.
കട്ടിപ്പാറ പഞ്ചായത്ത് ഏഴ്, നാല് വാര്‍ഡുകളിലാണ് റോഡ് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്ത് പ്രസിഡന്റാണ് ഏഴാം വാര്‍ഡിലെ ജനപ്രതിനിധി. പലതവണ പരാതി പറഞ്ഞിട്ടും ഒരു നടപടിയുമുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. നേരത്തെ യാത്ര ദുഷ്‌കരമായ ഈ റോഡില്‍ രാവിലെയും വൈകിട്ടും ഒരു സ്വകാര്യ ബസ് മാത്രമാണ് സര്‍വിസ് നടത്തുന്നത്. റോഡ് ഇടിഞ്ഞ് തുടങ്ങിയതോടെ ഇതും നിന്നു പോകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."