ലോക്‌സഭ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 18 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 91 മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ ഇന്ന് പോളിങ് ബൂത്തിലേക്ക് പോകും.
അതിനിടെ, ജമ്മു കശ്മീരില്‍ വിഘടന വാദികള്‍ ഇന്ന് ഹര്‍ത്താലിനാഹ്വാനം ചെയ്തിട്ടുണ്ട്. ഹുര്‍റിയത്ത് നേതാക്കള്‍ക്കെതിരായ പൊലിസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
ഉത്തര്‍പ്രദേശിലെ എട്ട് മണ്ഡലങ്ങളിലും ബിഹാറിലും ഒഡിഷയിലും നാലിടത്തും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്. കൂടാതെ, പശ്ചിമബംഗാള്‍ രണ്ട്, അസം അഞ്ച്, മഹാരാഷ്ട്ര ഏഴ് മണ്ഡലങ്ങളിലും ഇന്ന് ജനങ്ങള്‍ വിധിയെഴുതും. ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തരാഖണ്ഡ്, മേഘാലയ, സംസ്ഥാനങ്ങളില്‍ മുഴുവന്‍ ലോക്‌സഭ മണ്ഡലങ്ങളിലും ആദ്യഘട്ടമായി വോട്ടിങ് പൂര്‍ത്തിയാകും. ആന്ധ്ര, അരുണാചല്‍, സിക്കിം, ഒഡിഷ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും ഇതോടൊപ്പമാണ്. ആന്‍ഡമാന്‍ നിക്കോബര്‍, ലക്ഷദ്വീപ് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും.
ജമ്മുകശ്മീരില്‍ ജമ്മു, ബാരാമുല്ല മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇവിടെ സൈന്യത്തിന്റെ പ്രത്യേക സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ചത്തിസ്ഗഢില്‍ മാവോവാദികളുടെ സ്വാധീനമുള്ള ബസ്തര്‍ മണ്ഡലത്തിലും ഇന്നാണ് പോളിങ്. ചത്തിസ്ഗഢില്‍ കഴിഞ്ഞ ദിവസമുണ്ടായ മാവോ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇവിടെയും കനത്ത സുരക്ഷയിലാണ് പോളിങ്.
ഏഴ് മണി മുതല്‍ ആറ് മണി വരെയാണ് വോട്ടെടുപ്പ് സമയം. പ്രശ്‌നബാധിത മേഖലകളില്‍ നാല് മണിക്ക് വോട്ടെടുപ്പ് പൂര്‍ത്തിയാകും. സ്ഥാനാര്‍ഥികളുടെ ആധിക്യം മൂലം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കുന്ന തെലങ്കാനയിലെ നിസാമാബാദ് മണ്ഡലത്തിലൊഴികെ പൂര്‍ണമായും വോട്ടിങ് യന്ത്രമാണ് പോളിങ്ങിന് ഉപയോഗിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."