സ്‌കൂള്‍ പി.ടി.എ ഫണ്ട് പിരിവിന് സര്‍ക്കാര്‍ മാനദണ്ഡം; വര്‍ഷത്തില്‍ മൂന്ന് ജനറല്‍ബോഡി യോഗം നിര്‍ബന്ധം
കൊച്ചി: സ്‌കൂളുകളില്‍ പി.ടി.എ ജനറല്‍ബോഡി യോഗങ്ങള്‍ അധ്യയനവര്‍ഷത്തില്‍ മൂന്നെണ്ണം വിളിച്ചുചേര്‍ക്കണമെന്നും പി.ടി.എ ഫണ്ട് തോന്നുന്ന രീതിയില്‍ പിരിക്കാന്‍ പാടില്ലെന്നും കാണിച്ചു വിദ്യാഭ്യാസവകുപ്പ് സര്‍ക്കുലര്‍ ഇറക്കി. വിദ്യാര്‍ഥികളില്‍ നിന്നു പിരിവ് നടത്തരുതെന്ന് നിര്‍ദേശിക്കുന്ന ഉത്തരവിനു പിന്നാലെയാണ് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക രക്ഷാകര്‍തൃസമിതികളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചിരിക്കുന്നത്.
വര്‍ഷത്തില്‍ ഒരു പി.ടി.എ ജനറല്‍ബോഡി യോഗം മാത്രമാണ് ഇതുവരെ സ്‌കൂളുകളില്‍ നടന്നിരുന്നത്. ഈ രീതിക്ക് ഈ അധ്യയനവര്‍ഷം മുതല്‍ മാറ്റം വേണമെന്നാണു പൊതുവിദ്യാഭ്യാസ അഡീഷണല്‍ സെക്രട്ടറി ഡി.സരസ്വതിയമ്മ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹയര്‍സെക്കന്‍ഡറി -വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 11 -ാം ക്ലാസ് പ്രവേശനം പൂര്‍ത്തിയായി ഒരുമാസത്തിനുള്ളില്‍ ആദ്യയോഗം വിളിക്കണമെന്നും മറ്റു സ്‌കൂളുകളില്‍ ജൂണില്‍ തന്നെ യോഗം വിളിച്ചുചേര്‍ക്കണമെന്നുമാണു നിര്‍ദേശം. രണ്ടാമത്തെ യോഗം രണ്ടാം ടേമിലും മൂന്നാമത്തെ യോഗം ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ പൊതുപരീക്ഷ ആരംഭിക്കുന്നതിന് ഒരുമാസം മുമ്പും മറ്റു സ്‌കൂളുകളില്‍ ഫ്രെബ്രുവരി അവസാനവാരവും വിളിച്ചുചേര്‍ക്കണമെന്നാണു നിര്‍ദേശം.
പി.ടി.എ എക്‌സിക്യൂട്ടിവ് കമ്മിറ്റിയുടെ അംഗബലം കുറഞ്ഞത് 15 ഉം പരമാവധി 21 വരെയുമായി നിശ്ചയിക്കുകയും ഇവയില്‍ ഒരംഗം കൂടുതല്‍ രക്ഷകര്‍ത്താക്കളുടെ ഭാഗത്തു നിന്നായിരിക്കണമെന്നും നിര്‍ദേശമുണ്ട്. പി.ടി.എ എക്‌സ്‌ക്യൂട്ടിവ് മാസത്തില്‍ ഒരിക്കല്‍ യോഗം ചേര്‍ന്നിരിക്കണം. പി.ടി.എ ഫണ്ടിലേക്കായി രക്ഷകര്‍ത്താക്കളില്‍ നിന്ന് അംഗത്വഫീസായി എല്‍.പി വിഭാഗത്തിന് 10 രൂപയും യു.പി വിഭാഗത്തിന് 25 രൂപയും ഹൈസ്‌കൂള്‍ വിഭാഗത്തിന് 50 രൂപയും ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന് 100 രൂപയും വാങ്ങാമെന്നാണു നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ജനറല്‍ ബോഡിയുടെ തീരുമാനപ്രകാരം എല്‍.പി വിഭാഗത്തിലേക്ക് 20 രൂപയും യു.പി വിഭാഗത്തിലേക്ക് 50 രൂപയും ഹൈസ്‌കൂള്‍ വിഭാഗത്തിലേക്ക് 100 രൂപയും ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലേക്ക് 400 രൂപയും അക്കാദമിക ആവശ്യങ്ങള്‍ക്കായി ഓരോ രക്ഷകര്‍ത്താവില്‍ നിന്നു വാങ്ങിക്കുന്നതിനും വിദ്യാഭ്യാസവകുപ്പ് അനുമതി നല്‍കുന്നു. ഇവയല്ലാതെ മറ്റൊരു ഫീസും കൊടുക്കാന്‍ രക്ഷിതാക്കള്‍ ബാധ്യസ്ഥരല്ലെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ഈ തുക നല്‍കാത്തതിന്റെ പേരില്‍ ഒരു സ്‌കൂളിലും വിദ്യാര്‍ഥിക്ക് പ്രവേശനം നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ലെന്നും സര്‍ക്കുലര്‍ പറയുന്നു.
എന്നാല്‍ സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനു പുറമേ വിദ്യാഭ്യാസവകുപ്പിലേക്ക് വിവിധ മേളകളുടെ മറ്റും പേരില്‍ വലിയൊരു തുക പി.ടി.എ ഫണ്ടില്‍ നിന്ന് എടുക്കുന്ന സാഹചര്യം ഒഴിവാക്കിക്കൊണ്ട് കൂടുതല്‍ ഫണ്ട് സര്‍ക്കാരില്‍ നിന്നും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ നിന്നും ലഭ്യമാക്കണമെന്നാണ് സ്‌കൂള്‍ അധികൃതരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."