റിയോ: സുരക്ഷാ ക്രമീകരണങ്ങള്‍ ബ്രസീല്‍ പുനഃപരിശോധിക്കുന്നു
റിയോ: ഫ്രാന്‍സിലെ നീസിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റിയോ ഒളിംപിക്‌സിനു ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങള്‍ ബ്രസീല്‍ പുനഃപരിശോധിക്കുന്നു. 80,000 സുരക്ഷാ ഗാര്‍ഡുകളെയാണ് ബ്രസീല്‍ ഒളിംപിക്‌സ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. എന്നാല്‍ നീസിലെ ആക്രമണം റിയോയെ വളരെയധികം ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്നു പ്രതിരോധ മന്ത്രി റൗള്‍ ജങ്മാന്‍ പറഞ്ഞു. റിയോയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ പുനഃപരിശോധിക്കേണ്ടതുണ്ട്. അതോടൊപ്പം ശക്തമായ സുരക്ഷ ഒരുക്കേണ്ടതുണ്ടെന്നും ജങ്മാന്‍ പറഞ്ഞു.
വാഹന പരിശോധന, സന്ദര്‍ശകരുടെ പരിശോധന എന്നിവ കൂടുതല്‍ ശക്തമാക്കും. അഞ്ചു ലക്ഷത്തിലധികം വിദേശ സന്ദര്‍ശകര്‍ റിയോയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരുടെ സഹകരണം ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ സാമ്പത്തിക അടിന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ പ്രവൃത്തി ദിനങ്ങള്‍ പലതും അവധി ദിനങ്ങളാക്കാന്‍ റിയോ അധികൃതര്‍ തീരുമാനിച്ചിരുന്നു.
റിയോയിലെ സുപ്രധാന മേഖലകളില്‍ ചരക്കുവാഹനങ്ങളുടെ ഗതാഗതം നിരോധിച്ചതു ജനങ്ങളില്‍ പ്രതിഷേധമുണ്ടാക്കിയെങ്കിലും കാര്യമാക്കുന്നില്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കി.
സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടു വീഴ്ച്ചയുമില്ലെന്ന് റിയോ മേയര്‍ എഡ്വാര്‍ഡോ പെയ്‌സ് പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് ആശങ്കകളൊന്നുമില്ലാതെ റിയോയിലേക്ക് വരാമെന്നു പെയ്‌സ് പറഞ്ഞു. ഒളിംപിക്‌സിനായുള്ള മുന്നൊരുക്കങ്ങള്‍ മികച്ച രീതിയിലാണ് റിയോയില്‍ നടക്കുന്നത്. അതില്‍ ആത്മവിശ്വാസമുണ്ട്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ ബ്രസീലിനുണ്ടെന്ന് കായിക മന്ത്രി ലിയനാര്‍ഡോ പിസിയാനി പറഞ്ഞു.
സൈന്യത്തില്‍ പ്രത്യേകമായി 24 മില്യണ്‍ നല്‍കുമെന്നും ജൂലൈ 24 മുതല്‍ വേദികളില്‍ പ്രത്യേക പട്രോളിങ് ആരംഭിക്കുമെന്നും പിസിയാനി കൂട്ടിച്ചേര്‍ത്തു.
പാക് താരങ്ങള്‍ക്ക്
നേരിട്ട് യോഗ്യതയില്ല
ലാഹോര്‍: റിയോ ഒളിംപിക്‌സില്‍ പാകിസ്താനില്‍ നിന്നുള്ള താരങ്ങള്‍ക്കാര്‍ക്കും യോഗ്യതയില്ല. ഏറെ പ്രതീക്ഷയുണ്ടായിരുന്ന ഹോക്കി, സ്‌ക്വാഷ് ടീമുകള്‍ക്കു ഇത്തവണ യോഗ്യത നേടാനാവാത്തതാണ് പാകിസ്താനു തിരിച്ചടിയായത്. അതേസമയം വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിച്ച ഏഴു താരങ്ങള്‍ ഒളിംപിക്‌സില്‍ പാകിസ്താനെ പ്രതിനിധീകരിക്കുന്നുണ്ട്.
ജൂഡോ താരം ഷാ ഹുസൈന്‍ ഷാ, ഷൂട്ടിങ് താരങ്ങളായ ഗുലാം മുസ്തഫ ബാഷിര്‍, മിനാല്‍ സൊഹൈല്‍ എന്നിവരാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിച്ച പ്രമുഖര്‍. അതേസമയം യോഗ്യത നേടാനാവാത്തതിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരേയും ഒളിംപിക് അസോസിയേഷനെതിരേയും താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ തരുന്ന ആനുകൂല്യങ്ങളും വളരെ തുച്ഛമാണെന്ന് ഗുസ്തി താരം ഇനാം ഭട്ട് പറഞ്ഞു.
2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ താരമാണ് ഇനാം. പരിശീലനത്തില്‍ അസോസിയേഷന്‍ നല്‍കുന്ന സൗകര്യങ്ങളിലും മറ്റു അനുബന്ധ ചെലവുകള്‍ക്ക് നല്‍കുന്ന പണത്തിന്റെ കാര്യത്തിലും പാകിസ്താന്‍ വളരെയധികം പിന്നിലാണെന്ന് ഇനാം പറഞ്ഞു. ഇക്കാരണത്താല്‍ വമ്പന്‍ താരങ്ങളോട് മത്സരിക്കാനുള്ള വീര്യം ടീമിന് നഷ്ടമായെന്നും ഭട്ട് കൂട്ടിച്ചേര്‍ത്തു.
അതേസമയം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഒളിംപിക്‌സില്‍ മത്സരിക്കുന്നവര്‍ക്ക് മെഡല്‍ നേടാനുള്ള യാതൊരു സാധ്യതയും ഇല്ലെന്ന് പാകിസ്താന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് ആരിഫ് ഹസന്‍ പറഞ്ഞു. അവര്‍ പരിചയസമ്പത്തിനു വേണ്ടിയാണ് പോകുന്നത്. അടുത്ത ഒളിംപിക്‌സില്‍ അവര്‍ പ്രകടനം മെച്ചപ്പെടുത്തുമെന്നും ആരിഫ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."