അനധികൃത മണ്ണെടുപ്പ് പ്രദേശവാസികള്‍ക്കും വാഹനങ്ങള്‍ക്കും ദുരിതമായി
മാനന്തവാടി: നിയന്ത്രണമില്ലാതെ കുന്നിടിച്ച് മണ്ണ് നീക്കം ചെയ്തത് പ്രദേശവാസികള്‍ക്കും വാഹനങ്ങള്‍ക്കും ദുരിതമായി മാറി. മാനന്തവാടി ചെറ്റപ്പാലം ബൈപ്പാസ് റോഡില്‍ വരടി മൂലയിലാണ് 80 അടിയോളം ഉയരത്തില്‍ നിന്ന് അനുമതിയില്ലാതെ മണ്ണെടുത്തത്.
കനത്ത മഴ പെയ്തതോടെ മണ്ണ് മുഴുവന്‍ റോഡിലേക്ക് ഒലിച്ചിറങ്ങിയതാണ് സമീപത്തെ വീടുകള്‍ക്ക് ഭീഷണിയായി മാറിയതും റോഡില്‍ ചെളിനിറഞ്ഞ് കാല്‍നടയാത്ര പോലും ദുഷ്‌ക്കരമായി മാറിയതും. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഇടിഞ്ഞ് വീണ മണ്ണ് നീക്കം ചെയ്യാന്‍ നല്‍കിയ അനുമതിയുടെ മറവിലാണ് കുന്ന് മുഴുവന്‍ ഇടിച്ച് മണ്ണ് നീക്കം ചെയ്തതെന്ന് നാട്ടുകാര്‍ ആരോപിച്ചു. സ്ഥലത്തിന് മുന്നിലെ പുളിക്കതൊടിയില്‍ യൂസഫിന്റെ വീട്ടിലേക്ക് ചളി ഒഴുകി ഇറങ്ങി വീടിനുള്ളിലേക്ക് പ്രവേശിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. സമീപത്തെ സാവിയോ ജെയിംസിന്റെ വീടിനും നഗരസഭ കൗണ്‍സിലര്‍ അബ്ദുള്‍ ആസിഫിന്റെ സ്ഥലത്തിനും മണ്ണിടിച്ചത് ഭീഷണിയായി മാറിയിട്ടുണ്ട്. സ്ഥലത്തിന് മുകളിലായി മൂന്ന് വീടുകള്‍ ഉണ്ട്. മഴ തുടര്‍ന്നാല്‍ മണ്ണ് ഇടിഞ്ഞാല്‍ വീടുകള്‍ നിലം പൊത്തിയേക്കും.
ഈ കുടുംബങ്ങളോട് അനുമതി വാങ്ങാതെയാണ് മണ്ണ് നീക്കം ചെയ്തതെന്നും പറയപ്പെടുന്നുണ്ട്. റോഡിന് അരികിലെ ഓവ് ചാലുകളും മണ്ണ് നിറഞ്ഞ് മൂടിയ നിലയിലാണ്. മഴയെ തുടര്‍ന്ന് വള്ളിയൂര്‍ക്കാവ് റോഡില്‍ ഗതാഗതം തടസപ്പെട്ടപ്പൊള്‍ ബസ് ഉള്‍പ്പെടെയുള്ള നിരവധി വാഹനങ്ങള്‍ ഇതുവഴിയാണ് കടത്തിവിട്ടിരുന്നത്. റോഡില്‍ ചളി നിറഞ്ഞതോടെ ഗതാഗത കുരുക്കും അനുഭവപ്പെട്ടു. നിത്യേന നിരവധി വാഹനങ്ങളും ആളുകളും കടന്ന് പോകുന്ന റോഡാണ് ചളിക്കുളമായി മാറിയിരിക്കുന്നത്. പ്രശ്‌നത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടികള്‍ ഉണ്ടാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഒ.ആര്‍ കേളു എം.എല്‍.എ, മാനന്തവാടി താഹസില്‍ദാര്‍ എന്‍.ഐ ഷാജു, നഗരസഭ കൗണ്‍സിലര്‍മാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."