വയനാട്ടില്‍ വീണ്ടും ഊരുവിലക്ക്: സമുദായ ഭ്രഷ്ടില്‍ യാദവ കുടുംബം ദുരിതത്തില്‍
കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും ഊരുവിലക്ക് ഏര്‍പ്പെടുത്തിയതായി ആരോപണം. യാദവ സമുദായത്തില്‍പെട്ട കുടുംബമാണ് സമുദായ ഭ്രഷ്ടില്‍ ദുരിതത്തിലായത്. ഭ്രഷ്ടിനെതിരേ നല്‍കിയ പരാതിയില്‍ പൊലിസ് നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. മാനന്തവാടി ക്ലബ്കുന്ന് ദീപ്തി നിവാസില്‍ മഹേന്ദ്രന്‍, ഭാര്യ കുസുമ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ സമുദായം ഭ്രഷ്ട് കല്‍പിച്ചതായി ആരോപണം ഉന്നയിച്ചത്. യാദവ സമുദായത്തില്‍പ്പെട്ടവരാണ് മഹേന്ദ്രനും കുടുംബവും. മകന്‍ പ്രീവണ്‍ സമുദായത്തിലെ സമാന ഗോത്രത്തില്‍പ്പെട്ട മിന്നുമായയെന്ന പെണ്‍കുട്ടിയെ നാല് വര്‍ഷം മുമ്പ് പ്രണയവിവാഹം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സമുദായ നേതൃത്വം ഭ്രഷ്ട് ഏര്‍പ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് 2013 ജൂണില്‍ മാനന്തവാടി പൊലിസിനു പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാകായില്ലെന്നും മഹേന്ദ്രനും ഭാര്യയും കുറ്റപ്പെടുത്തി.
മകന്‍ സ്വസമുദായത്തില്‍പ്പെട്ട യുവതിയെയാണ് വിവാഹം ചെയ്തത്. എന്നിട്ടും ഗോത്രത്തിന്റെ പേരുപറഞ്ഞ് ഭ്രഷ്ട് കല്‍പ്പിക്കുകയാണുണ്ടായത്. ഇതുമൂലം സമുദായത്തിലും സമൂഹമധ്യത്തിലും നിരവധി പീഡനങ്ങളാണ് സഹിക്കേണ്ടിവരുന്നത്. മിന്നുമായയുടെ അമ്മ മരിച്ച അവസരത്തില്‍ മൃതദേഹം കണ്ട ഉടന്‍ ഇറക്കിവിട്ടു. മരണാനന്തര കര്‍മങ്ങളിലും വിവാഹച്ചടങ്ങുകളിലും സമുദായ നേതൃത്വം തങ്ങളെ പങ്കെടുപ്പിക്കാറില്ല. തങ്ങളുമായി ബന്ധപ്പെടുന്ന കുടുംബാംഗങ്ങളെ അവര്‍ ഭീഷണിപ്പെടുത്തുകയാണ്. ഇതുമൂലം മകള്‍ക്ക് വീട്ടില്‍ വരാനും തങ്ങളുമായി ഇടപഴകാനും സാധിക്കുന്നില്ല. മകളുടെ കുഞ്ഞിനെ ഇതുവരെ കാണാന്‍പോലും കഴിഞ്ഞിട്ടില്ല. ബന്ധുവായ സുബ്രഹ്മണ്യന്‍ മരിച്ചപ്പോള്‍ അന്ത്യോപചാരം അര്‍പ്പിക്കാനും കര്‍മങ്ങളില്‍ പങ്കെടുക്കാനും പറ്റിയില്ല. മരണാനന്തര കര്‍മങ്ങളില്‍ തങ്ങള്‍ പങ്കെടുത്താല്‍ മൃതദേഹം സമുദായ ശ്മശാനത്തില്‍ മറവുചെയ്യാന്‍ അനുവദിക്കില്ലെന്ന് നേതൃത്വം സുബ്രഹ്മണ്യന്റെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു.
തങ്ങളില്‍ ആരെങ്കിലും മരിച്ചാല്‍ സമുദായ ശ്മശാനത്തില്‍ അടക്കംചെയ്യാന്‍ നേതൃത്വം അനുവദിക്കുമെന്ന് കരുതുന്നില്ല. സമുദായ ഭ്രഷ്ട് മൂലം അനുഭവിക്കുന്ന പ്രയാസങ്ങള്‍ വിശദീകരിച്ചും പ്രശ്‌നപരിഹാരം ആവശ്യപ്പെട്ടും സംസ്ഥാന മനുഷ്യാവകാശ കമ്മിഷനു പരാതി നല്‍കിയിട്ടുണ്ടെന്നും മഹേന്ദ്രനും കുസുമയും പറഞ്ഞു. പ്രവീണും മിന്നുമായയും ഒപ്പമുണ്ടായിരുന്നു. മാനന്തവാടി എരുമത്തെരുവ് സ്വദേശികളായ അരുണിനും സുകന്യക്കും സമാനമായ രീതിയില്‍ സമുദായം മുന്‍പ് ഭ്രഷ്ട് കല്‍പ്പിച്ചിരുന്നു. ആചാരം തെറ്റിച്ചതിന്റെ പേരിലായിരുന്നു വിവാഹ ശേഷം ഇരുവര്‍ക്കും ഭ്രഷ്ട് കല്‍പ്പിച്ചത്. ഇത് വാര്‍ത്തയാവുകയും പൊതുസമൂഹം പ്രശ്‌നത്തില്‍ ഇടപെടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."