രാജ്യത്ത് പ്രതിഷേധം കനക്കുന്നതിനിടെ നെതന്യാഹുവിനെതിരായ കുറ്റവിചാരണ പുനരാരംഭിച്ചു
ടെല്‍അവീവ്: വിവിധ പ്രശ്നങ്ങളില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇസ്റാഈലില്‍ പ്രതിഷേധം നടക്കുന്നതിനിടെ അദ്ദേഹത്തിനെതിരെ അഴിമതിക്കേസില്‍ കുറ്റവിചാരണം വീണ്ടും തുടങ്ങി. വിശ്വാസവഞ്ചന, കൈക്കൂലി കേസുകളിലാണ് വിചാരണ.
കോടീശ്വരന്മാരായ സുഹൃത്തുക്കളില്‍ നിന്നും വിലപിടിച്ച പാരിതോഷികങ്ങള്‍ സ്വീകരിച്ചതും തനിക്കും കുടുംബത്തിനും മാധ്യമങ്ങളില്‍ മികച്ച വാര്‍ത്താപ്രാധാന്യം ലഭിക്കാന്‍ മാധ്യമമേധാവികള്ക്ക് വഴിവിട്ട് സഹായം ചെയ്തതുമാണ് ലിക്കുഡ് പാര്‍ട്ടി നേതാവായ നെതന്യാഹുവിനെതിരായ ആരോപണം. അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച പ്രധാനമന്ത്രി മാധ്യമവേട്ടയാണ് തനിക്കെതിരേ നടക്കുന്നതെന്ന് ആരോപിച്ചു.
മേയിലായിരുന്നു കേസില്‍ വിചാരണയാരംഭിച്ചത്. ഭരണവിരുദ്ധ വികാരം ശക്തിപ്പെട്ടതോടെ ജറൂസലം കോടതിയിലാണ് ഇടയ്ക്ക് നിന്നുപോയ വിചാരണ പുനരാരംഭിച്ചത്. രാജ്യത്ത് കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതില്‍ പ്രധാനമന്ത്രി വന്‍ പരാജയമാണെന്ന് ആരോപിച്ച് ആയിരക്കണക്കിനു പേരാണ് തെരുവിലിറങ്ങിയിരിക്കുന്നത്.
ജനപിന്തുണ നഷ്ടമായ നെതന്യാഹു എതിരാളിയായ ബെന്നി ഗാന്റ്സിന്റെ പിന്തുണയോടെയാണ് എമര്‍ജന്‍സി സര്‍ക്കാരിനെ നയിക്കുന്നത്. ഗാന്റ്സിന് പ്രതിരോധമന്ത്രി പദവിയും നല്‍കിയിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി പരിഹരിക്കുന്നതിനു വേണ്ടിയാണ് ഗാന്റ്സിന്റെ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടി നെതന്യാഹു സര്‍ക്കാരിന് താല്‍ക്കാലിക പിന്തുണ നല്‍കിയിരിക്കുന്നത്. ദിനംപ്രതി രാജ്യത്ത് 2,000 പേര്‍ക്ക് കൊവിഡ് ബാധിക്കുന്നത് സര്‍ക്കാരിന്റെ പരാജയമായി പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു. നെതന്യാഹുവിന്റെ ഔദ്യോഗിക വസതിക്കു മുന്നില്‍ പ്രതിഷേധിച്ചവരും പൊലിസും തമ്മില്‍ കഴിഞ്ഞ ദിവസം ഏറ്റുമുട്ടലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."