ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള വിവേചനം മാറ്റണമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: ലൈംഗിക ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വിവേചനങ്ങള്‍ അവസാനിപ്പിക്കണമെന്നും അവരെ ക്രിമിനലുകളെപ്പോലെയാണ് പൊതുസമൂഹം കാണുന്നതെന്നും സുപ്രിംകോടതി. സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് റദ്ദാക്കുന്നതോടെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഏറെക്കുറേ പരിഹാരമാകുമെന്നും കോടതി അഭിപ്രായപ്പെട്ടു. 377-ാം വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹരജികള്‍ പരിഗണിക്കുന്നതിനിടെയാണ് സുപ്രിംകോടതിയുടെ അഭിപ്രായപ്രകടനം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് മുന്‍പകെ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് കേസില്‍ വാദംകേട്ടത്.
മാനസികാരോഗ്യ നിയമത്തിലെ 21 എ വകുപ്പ് ലൈംഗിക താല്‍പര്യം മുന്‍ നിര്‍ത്തിയുള്ള വിവേചനങ്ങളെ കൂടി തടയുന്നതാണെന്ന് വാദത്തിനിടെ ബെഞ്ചിലെ ജസ്റ്റിസ് ഡി.വൈ ചന്ദ്രഡൂഡ് അറിയിച്ചു. ലൈംഗികത വിവേചനത്തിനുള്ള കാരണമാകരുതെന്ന കാര്യം പാര്‍ലമെന്റും അംഗീകരിച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വവര്‍ഗ ലൈംഗികത വഴിതെറ്റിപ്പോയി എത്തിപ്പെടുന്ന അവസ്ഥയല്ലെന്നും ഒരു ശാരീരിക പ്രകൃതിയിലെ വ്യത്യാസം മാത്രമാണെന്നും ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര നിരീക്ഷിച്ചു. ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ ലഭ്യമാകുന്നില്ലെന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ നേരിടുന്നുണ്ട്. വിവേചനം കാരണം ആശുപത്രികളോ വൈദ്യസഹായങ്ങളോ ലഭ്യമാക്കുന്നതിന് അവര്‍ക്ക് ബുദ്ധിമുട്ടുണ്ട്.
തങ്ങള്‍ക്കെതിരായ മുന്‍വിധികള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നത് ലൈംഗിക ന്യൂനപക്ഷങ്ങളുടെ ഇത്തരം ഇടങ്ങളില്‍ നിന്ന് തടയുന്നുണ്ട്. എതിര്‍ ലിംഗത്തില്‍പ്പെട്ടവരെ വിവാഹം കഴിക്കാന്‍ സ്വവര്‍ഗാനുരാഗികള്‍ക്കു സമൂഹത്തില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും സമ്മര്‍ദമുണ്ടാകുന്നു. അവരെ ഉഭയ ലൈംഗിക ബന്ധം പുലര്‍ത്തുന്ന വ്യക്തിയാക്കി മാറ്റുന്നതിനാണ് ഇത്തരം സമ്മര്‍ദങ്ങള്‍ കാരണമാവുക.
377-ാംവകുപ്പ് നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കേസില്‍ കക്ഷിചേര്‍ന്ന മതസംഘടനകളുടെ അപേക്ഷകള്‍ ചൊവ്വാഴ്ച പരിശോധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."