HOME
DETAILS

ഉണരാന്‍ വൈകുന്ന ബംഗാള്‍

  
backup
July 17 2016 | 11:07 AM

the-story-of-bengal-v-abdul-majeed

നവോഥാനത്തിലേക്കും ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലേക്കും ഏഴര പുലര്‍ച്ചെ ഉണര്‍ന്നെണീറ്റവരാണ് ബംഗാളി സമൂഹം. തുടര്‍ന്നുണ്ടായ വിപ്ലവ മുന്നേറ്റങ്ങളിലും അവര്‍ ഇതര ഇന്ത്യന്‍ സമൂഹങ്ങള്‍ക്കു മുന്‍പേ നടന്നു. എന്നാല്‍ വംഗജനത ഇപ്പോള്‍ അതിനിദ്രയുടെ ആലസ്യത്തിലാണ്. അവര്‍ ഏറെ വൈകി ഉണരുന്നു. അതുപോലെ തന്നെ പുരോഗതിയിലേക്കും അവര്‍ വൈകി നടക്കുന്നു.
നേരം പരപരാ വെളുത്താലും നിദ്രയില്‍ തന്നെയാണ് കൊല്‍ക്കത്തയുടെ തെരുവുകള്‍. പഴമയുടെ ജീര്‍ണത പുതച്ചുറങ്ങുന്ന അവരുടെ ദിനം ആരംഭിക്കുന്നത് രാവിലെ ഏഴുമണിയെങ്കിലും കഴിഞ്ഞാണ്. പിന്നെ ഒട്ടും പ്രസന്നമല്ലാത്ത ദിനചര്യകള്‍. അതു പൂര്‍ത്തിയാക്കി തൊഴിലിടങ്ങളിലെത്തുന്നതും സഹജമായ ആലസ്യത്തോടെ. മാനവികതയുടെ പ്രസന്നഭാവം തുളുമ്പുന്ന ദര്‍ശനങ്ങളിലൂടെയും ചടുലമായ ചിന്തകളിലൂടെയും ഭാരതത്തെ ഉണര്‍ത്തിയ രാജാറാം മോഹന്‍ റോയിയുടെയും സ്വാമി വിവേകാനന്ദന്റെയും നിരുപമമായ സാഹിത്യസൃഷ്ടികളിലൂടെ ഇന്ത്യന്‍ ഭാവുകത്വത്തിനു വഴികാട്ടിയ ബിമല്‍ മിത്രയുടെയും കിഷന്‍ ചന്ദറിന്റെയുമൊക്കെ നാടിന് എന്തുപറ്റിയെന്ന് സന്ദര്‍ശകര്‍ മൂക്കത്തു വിരല്‍ വയ്ക്കുന്ന തരത്തിലുള്ള നിസ്സംഗത വംഗനാട്ടിലെ തെരുവുകളില്‍ തളംകെട്ടിക്കിടക്കുന്നു.
ഇരുപത്തൊന്നാം നൂറ്റാണ്ടിലും പൗരാണികതയാണ് കൊല്‍ക്കത്ത നഗരത്തിന്റെ മുഖമുദ്ര. ബംഗാളി സാഹിത്യകൃതികളുടെ വിവര്‍ത്തനത്തിലൂടെ എം.എന്‍ സത്യാര്‍ഥി മാഷ് മലയാളിക്കു പരിചയപ്പെടുത്തിത്തന്ന ചൗരംഗി തെരുവുകളും ഭദ്രകാളി മിഷ്ടാന്ന ഭണ്ഡാകാറുമൊക്കെ വലിയ മാറ്റമൊന്നുമില്ലാതെ അവിടെ കാണാം. ബ്രിട്ടീഷ് ഭരണകാലത്തു നിര്‍മിച്ച വിക്ടോറിയന്‍ വാസ്തുശൈലിയിലുള്ളവയടക്കം ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങള്‍ പൈതൃകസമ്പത്തെന്ന നിലയില്‍ ഭരണകൂടം തന്നെ പുതുക്കിപ്പണിയാതെ സംരക്ഷിച്ചു നിര്‍ത്തിയിരിക്കയാണിവിടെ. എന്നാല്‍ വാസസ്ഥലങ്ങളും കച്ചവടസ്ഥാപനങ്ങളുമടക്കമുള്ള കെട്ടിടങ്ങളുടെ സ്ഥിതിയും ഒട്ടും ഭിന്നമല്ല. ആധുനിക കാലത്തിന്റെ സൃഷ്ടിയായ ഇന്റര്‍നെറ്റ് കഫേകളും മൊബൈല്‍ഫോണ്‍ കടകളും പോലും പ്രവര്‍ത്തിക്കുന്നത് പൗരാണികത അടര്‍ന്നുതൂങ്ങി നില്‍ക്കുന്ന കെട്ടിടങ്ങളില്‍. തെരുവോരങ്ങളിലെ ഇടുങ്ങിയ ഭവനങ്ങള്‍ പോലും ഇടിഞ്ഞുപൊളിഞ്ഞു നിലംപൊത്താറായ അവസ്ഥയില്‍. കാഴ്ചക്കാരില്‍ ഭീതി ജനിപ്പിച്ചുകൊണ്ട് ഈ ഭവനങ്ങളില്‍ ജീവിതം പുലരുന്നു.

♦♦♦♦♦♦♦♦♦♦♦♦♦♦

Sunday-15-3

ഇതു വീടെന്നു പറയാന്‍ എന്തെങ്കിലുമുള്ളവരുടെ കാര്യം. വംഗജനതയില്‍ വലിയൊരു വിഭാഗം ജീവിക്കുന്നത് തെരുവുകളിലാണ്. വഴിയോരങ്ങളില്‍ അന്തിയുറങ്ങുന്നവരില്ലാത്ത ഒരു തെരുവുപോലും കൊല്‍ക്കത്ത നഗരത്തിലില്ല. ഇവര്‍ വസ്ത്രങ്ങളും പുതപ്പും പാത്രങ്ങളുമൊക്കെ പകല്‍സമയത്ത് ഏതെങ്കിലും ചുമരിനോടു ചേര്‍ത്ത് പ്ലാസ്റ്റിക് ഷീറ്റില്‍ കെട്ടിവച്ചിരിക്കും. പാചകവും ഭക്ഷണവും ഉറക്കവുമെല്ലാം തെരുവില്‍ തന്നെ. ജനിമൃതികളും പ്രണയവും രതിയുമൊക്കെ തെരുവില്‍ പുലരുന്നു. ഇവരുടെ തെരുവുജീവിതം അംഗീകരിച്ചുകൊടുത്ത മട്ടില്‍ സര്‍ക്കാര്‍ ഓരോ തെരുവിലും വാര്‍പ്പു ടാങ്കും വാട്ടര്‍ ടാപ്പും സജ്ജീകരിച്ചുകൊടുത്തിട്ടുണ്ട്. വ്യവസായശാലകല്‍ പുറന്തള്ളുന്ന രാസമാലിന്യങ്ങള്‍ കലര്‍ന്നു കലങ്ങി നിറംകെട്ട ഹുബ്ലി നദിയിലെ ജലം ഈ ടാപ്പുകള്‍ വഴി ഇടതടവില്ലാതെ ഒഴുകിയെത്തുന്നു. അലക്കാനും കുളിക്കാനും പാചകത്തിനുമെല്ലാം ഈ വെള്ളം തന്നെ ആശ്രയം. സൈക്കിള്‍ റിക്ഷ വലിച്ചും പാഴ്‌വസ്തുക്കള്‍ പെറുക്കിവിറ്റും ഭിക്ഷയാചിച്ചുമൊക്കെയാണ് ഇവര്‍ ജീവിക്കുന്നത്. തെരുവോരങ്ങളിലൂടെ നടക്കുമ്പോള്‍ ചില്ലിക്കാശിനായി നിരവധി കുഞ്ഞിക്കൈകള്‍ നീണ്ടുവരുന്ന ദയനീയ കാഴ്ച. പട്ടിണിയും പരിവട്ടവുമില്ലാത്ത ഭാവിഭാരതം സ്വപ്നം കണ്ട് സ്വാതന്ത്ര്യസമരത്തില്‍ ജീവന്‍ ബലിനല്‍കിയ എണ്ണമറ്റ ബംഗാളി ദേശാഭിമാനികളുടെ സ്വപ്നങ്ങള്‍ നിരര്‍ഥകമാക്കിക്കൊണ്ട് മഹാഭൂരിപക്ഷം വംഗജനത ഇപ്പോഴും ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ കഴിയുന്നു.

♦♦♦♦♦♦♦♦♦♦♦♦♦♦

Sunday-15-2

നഗരപ്രദേശങ്ങളില്‍ മാലിന്യം പുറന്തള്ളിക്കൊണ്ട് വ്യവസായശാലകള്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ഗ്രാമപ്രദേശങ്ങളിലെല്ലാം കൃഷിയുടെ സമൃദ്ധി. എന്നിട്ടും ജനതയില്‍ മഹാഭൂരിപക്ഷം ദരിദ്രര്‍. ഫാക്ടറികളിലും പാടങ്ങളിലും വിളയുന്ന സമ്പത്ത് ജനങ്ങളിലെത്തുന്നില്ലെന്നു വ്യക്തം. സാമൂഹ്യനന്മയ്ക്കായി ഭരണതലത്തില്‍ നയപരിപാടികളോ പദ്ധതികളോ ഇല്ലാതെ പോയതിന്റെ നേരടയാളങ്ങള്‍.
അതാണ് ബംഗാള്‍ രാഷ്ട്രീയം. കരള്‍പറിച്ചുകൊടുത്ത് ജനത വളര്‍ത്തിയെടുത്ത പ്രസ്ഥാനങ്ങള്‍ അവര്‍ക്കു തിരിച്ചുനല്‍കിയ കൊടുംവഞ്ചനയുടെ നൈരന്തര്യമാണ് ബംഗാളിന്റെ രാഷ്ട്രീയ ചരിത്രം. രാജ്യത്തെ ഏതാണ്ടെല്ലാ രാഷ്ട്രീയ ചിന്താധാരകളെയും ഈ ജനത നെഞ്ചിലേറ്റി. സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് ഇവിടെ തഴച്ചുവളര്‍ന്നു. തുടര്‍ന്നുണ്ടായ കമ്യൂണിസ്റ്റ് മുന്നേറ്റത്തിനും ഇവിടെ വലിയ ഇടംകിട്ടി. ഇന്ത്യന്‍ ചക്രവാളത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കമെന്നു വിശേഷിപ്പിക്കപ്പെട്ട കമ്യൂണിസ്റ്റ് സായുധവിപ്ലവത്തിന്റെ ഈറ്റില്ലമായ നക്‌സല്‍ബാരിയും ഈ നാട്ടിലാണ്. എന്നിട്ടും ഈ വിമോചനസ്വപ്നങ്ങളൊന്നും ഇവിടെ സാക്ഷാല്‍കരിക്കപ്പെട്ടില്ല. സ്വാതന്ത്ര്യാനന്തരം അവര്‍ അധികാരത്തിലേറ്റിയ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് അവര്‍ക്കു നല്‍കിയത് കടുത്ത ജന്മിത്വ ചൂഷണവും ജാതിമേധാവിത്വ വാഴ്ചയും പിന്നെ അടിയന്തരാവസ്ഥയിലെ ഭരണകൂട ഭീകരതയും. അതിനു മറുപടിയായി അവര്‍ തെരഞ്ഞെടുത്ത 34 വര്‍ഷത്തെ ഇടതുഭരണം അവര്‍ക്കു സമ്മാനിച്ചതും കൊടിയ ദാരിദ്ര്യം മാത്രം.
ഇടതുഭരണം തകര്‍ത്തെറിഞ്ഞ് അധികാരത്തിലേറ്റിയ തൃണമൂല്‍ കോണ്‍ഗ്രസിലും അതിന്റെ നേതാവായ, ദീദി(ചേച്ചി)യെന്നു വിളിക്കുന്ന മമതാ ബാനര്‍ജിയിലും പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണവര്‍. പുതിയ രാഷ്ട്രീയമാറ്റത്തിന്റെ അടയാളങ്ങള്‍ സംസ്ഥാനത്തെങ്ങും ദൃശ്യമാണ്. മമതയാണ് പുതിയ ബംഗാളിന്റെ രാഷ്ട്രീയ ചിഹ്നമെന്ന് തെരുവുകള്‍ സാക്ഷ്യപ്പെടുത്തുന്നു. എവിടെ നോക്കിയാലും മമതയുടെ ചിത്രമുള്ള ബാനറുകളും പോസ്റ്ററുകളും. വിവിധ മതവിഭാഗങ്ങളുടെ ചടങ്ങുകളില്‍ മമത ശിരോവസ്ത്രമണിഞ്ഞും അല്ലാതെയുമൊക്കെ പ്രാര്‍ഥിക്കുന്ന ചിത്രങ്ങള്‍. വലിയൊരു ജനസമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടിയെടുത്ത ഒരു അസാധാരണ സ്ത്രീയുടെ കര്‍മവൈഭവത്തിന്റെ കഥ പറയുന്ന തെരുവുകള്‍.
ഇടതുപക്ഷം നേരിട്ട തിരിച്ചടിയുടെ അടയാളങ്ങളും തെരുവോരങ്ങളില്‍ ദൃശ്യമാണ്. മൂന്നു പതിറ്റാണ്ടിലേറെ സംസ്ഥാനം അടക്കിവാണ സി.പി.എമ്മിന്റെ ഓഫിസുകള്‍ വിരളം. ചുവന്ന കൊടികളുടെ എണ്ണവും വളരെ കുറവ്. ഉള്ള കൊടികളില്‍ കേരളത്തില്‍ നിന്നു വ്യത്യസ്തമായി പാര്‍ട്ടികളുടെ പേരും എഴുതിവച്ചിരിക്കുന്നു. ഇന്ത്യയിലുള്ള ഏതാണ്ടെല്ലാ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും സാന്നിധ്യം സംസ്ഥാനത്തുള്ളതിനാല്‍ ഓരോന്നും തിരിച്ചറിയാനാവാം ഇത്.
ഇടതുചിന്താധാരയ്ക്ക് ആഴത്തില്‍ വേരോട്ടമുള്ള ഒരു സമൂഹത്തെ ഗൗരവമുള്ള പ്രത്യയശാസ്ത്രങ്ങളുടെയൊന്നും പിന്‍ബലമില്ലാത്ത ഒരു വനിത എങ്ങനെ ഇത്രയേറെ സ്വാധീനിച്ചെന്ന ആശ്ചര്യത്തിന്, യാത്രയ്ക്കിടയില്‍ പരിചയപ്പെട്ട അശോക് ബാനര്‍ജി എന്ന ഹൈസ്‌കൂള്‍ അധ്യാപകന്‍ ഇങ്ങനെ വിരാമമിട്ടു: ''പശ്ചിമബംഗാളിന്റെ ഇടതുമനസ് തന്നെയാണ് മമതയുടെ പിന്‍ബലം. വിശ്വസിച്ച് അധികാരത്തിലേറ്റിയ ഇടതുപക്ഷം ഓരോ പ്രതീക്ഷയും തല്ലിത്തകര്‍ക്കുമ്പോഴും ഭാവിയില്‍ അതു തിരുത്തുമെന്നു കരുതി ജനത കാത്തിരുന്നു. എല്ലാം വെറുതെയായി. നന്ദിഗ്രാം സംഭവത്തോടെ എല്ലാം തകര്‍ന്നു. ഈ കാലയളവില്‍ ലാളിത്യം നിറഞ്ഞ ജീവിതവും തളരാത്ത പോരാട്ടവീര്യവുമായി മമത സംസ്ഥാനമാകെ ഓടിനടക്കുകയായിരുന്നു. ഇച്ഛാഭംഗം മുറിവേല്‍പിച്ച ബംഗാളി മനസ് അവരെ ശ്രദ്ധിച്ചുതുടങ്ങി. പ്രഖ്യാപിത ഇടതുപക്ഷത്തെക്കാള്‍ മികച്ച ഇടതുപക്ഷമായി അവര്‍ ബംഗാളികള്‍ക്ക് അനുഭവപ്പെട്ടു. അവിടെ തുടങ്ങുന്നു മമതയുടെ വിജയം.''

♦♦♦♦♦♦♦♦♦♦♦♦♦♦

Sunday-15-1

രാഷ്ട്രീയമാറ്റം കൊടിതോരണങ്ങളില്‍ പ്രകടമാണെങ്കിലും നാലു വര്‍ഷം പിന്നിട്ട ദീദിയുടെ ഭരണം ജനജീവിതത്തില്‍ എന്തു മാറ്റമുണ്ടാക്കി എന്ന കൗതുകത്തിന് ഒറ്റനോട്ടത്തില്‍ ഉത്തരമൊന്നും കിട്ടിയില്ല. വംഗദേശം ദരിദ്രമായി തന്നെ തുടരുന്ന കാഴ്ചയാണെങ്ങും. എന്നാല്‍ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കണ്ടുമുട്ടിയ രണ്ടു ഗ്രാമീണര്‍ ചില കാര്യങ്ങള്‍ പറഞ്ഞു. ദയനീയമായിരുന്നു സര്‍ക്കാര്‍ സ്‌കൂളുകളുടെ അവസ്ഥ. കുട്ടികള്‍ക്ക് സുരക്ഷിതമായി ഇരുന്നു പഠിക്കാനാവാത്ത വിധം ഇടിഞ്ഞുപൊളിഞ്ഞവ. കടുത്ത ദാരിദ്ര്യം കാരണം കുട്ടികളില്‍ വലിയൊരു വിഭാഗം വിദ്യാലയങ്ങളില്‍ പോയിരുന്നില്ല. ഈ സ്ഥിതി മാറിവരുന്നു. മമത വന്ന ശേഷം സ്‌കൂളുകള്‍ പുതുക്കിപ്പണിതു. അവിടെ ഉച്ചഭക്ഷണവും കിട്ടുന്നു. മറ്റൊരു മാറ്റം സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലുമാണ്. അവിടെയൊക്കെ ആവശ്യത്തിനു ജീവനക്കാരോ മരുന്നോ ഉണ്ടായിരുന്നില്ല. ഉള്ള ജീവനക്കാര്‍ യഥാസമയം ജോലിക്ക് ഹാജരായിരുന്നുമില്ല. അതിനെ ചോദ്യം ചെയ്യുന്ന ഗ്രാമീണര്‍ക്ക് ലഭിച്ചിരുന്നത് ഭീഷണിയും തെറിവിളിയും. ജീവനക്കാരധികവും ഭരണകക്ഷി യൂനിയനില്‍ പെട്ടവരായതിനാല്‍ ചോദ്യംചെയ്യാന്‍ നാട്ടുകാര്‍ മടിച്ചിരുന്നു. ഇപ്പോള്‍ ആ സ്ഥിതിയും മാറി. സര്‍ക്കാര്‍ ആതുരാലയങ്ങള്‍ക്കിപ്പോള്‍ വൃത്തിയും വെടിപ്പുമുണ്ട്. അത്യാവശ്യത്തിന് ജീവനക്കാരും മരുന്നുമുണ്ട്. മറ്റു സര്‍ക്കാര്‍ ഓഫിസുകളിലുമുണ്ട് ചെറിയ മാറ്റങ്ങള്‍. റേഷന്‍കാര്‍ഡില്‍ പേരു ചേര്‍ക്കാന്‍ പോലും ഭരണകക്ഷിയുടെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ ശുപാര്‍ശ വേണമെന്ന അവസ്ഥ മാറിയിരിക്കുന്നു. അത്രയെങ്കിലും ആശ്വാസം. ബാക്കി കാര്യങ്ങളെല്ലാം ക്രമേണ ശരിയാകുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.
ആ പ്രതീക്ഷയാണ് ബംഗാള്‍ രാഷ്ട്രീയത്തിന്റെ സവിശേഷതയും രാഷ്ട്രീയക്കാരുടെ ആശ്വാസവും. വിശ്വസിച്ച് അധികാരമേല്‍പ്പിക്കുന്ന രാഷ്ട്രീയക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് അവര്‍ പതിറ്റാണ്ടുകളോളം കാത്തിരിക്കും. അതു വൃഥാവിലാണെന്നു തിരിച്ചരിയാന്‍ ഏറെ വൈകും. അതിനു ശേഷമായിരിക്കും അവര്‍ ഭരണമാറ്റത്തെക്കുറിച്ചു ചിന്തിക്കുക. ഈ ദീര്‍ഘകാല പ്രതീക്ഷയുടെ ആനുകൂല്യം ഒരുപക്ഷേ മമതയ്ക്കും ലഭിച്ചേക്കാം.

♦♦♦♦♦♦♦♦♦♦♦♦♦♦

രാഷ്ട്രീയം പോലെ തന്നെ ആത്മീയതയും ആഴത്തില്‍ വേരോടിയിട്ടുണ്ട് ബംഗാളി മനസുകളില്‍. ഭൂരിപക്ഷ സമൂഹത്തിന്റെ ഇഷ്ടദേവതയായ ദുര്‍ഗ(കാളി)യാണ് ബംഗാളിന്റെ ആത്മീയ ബിംബം. അധഃസ്ഥിത വിമോചനസ്വപ്നങ്ങളുടെ ഈ ആത്മീയ രൗദ്രഭാവത്തിന്റെ സ്വാധീനമായിരിക്കാം വിപ്ലവപ്രസ്ഥാനങ്ങള്‍ക്ക് വംഗമണ്ണില്‍ വളമായത്. എവിടെ നോക്കിയാലും ദുര്‍ഗാക്ഷേത്രങ്ങള്‍ കാണാം. പ്രധാന ദുര്‍ഗാക്ഷേത്രമായ കാളിഘട്ടിലേക്കു പുറപ്പെടുമ്പോള്‍ ടൂര്‍ ഓപ്പറേറ്റര്‍ നരേന്ദ്രന്റെ മുന്നറിയിപ്പ്- പോക്കറ്റടിക്കാരുടെ താവളമാണ് കാളിഘട്ട്. ഇവിടുത്തെ പൂജാരിമാര്‍ പോലും പോക്കറ്റടിക്കും. പണവും മൊബൈല്‍ ഫോണുമൊക്കെ കയ്യിലുണ്ടെങ്കില്‍ മനസും കണ്ണുകളും അതില്‍ തന്നെ കേന്ദ്രീകരിക്കണം.
കാളിഘട്ടില്‍ ഏതുനേരവും ജനത്തിരക്ക്. മിനുസമില്ലാത്ത കരിങ്കല്ലില്‍ കൊത്തിയെടുത്ത ദുര്‍ഗാവിഗ്രഹത്തില്‍ രൗദ്രഭാവത്തിന്റെ മനോഹാരിത. വിഗ്രഹത്തിനു മുന്നില്‍ അല്‍പമകലെ മൃഗബലി നടക്കുന്നു. ആടിനെയാണ് ബലി നല്‍കുന്നത്. ദിവസേന നിരവധി ആടുകളെ ഇവിടെ ബലി നല്‍കും. സ്വാതന്ത്ര്യത്തിനു മുന്‍പ് ഇവിടെ നരബലിയും നടന്നിരുന്നത്രെ.
ക്ഷേത്രവളപ്പിനു തൊട്ടുപുറത്ത് കരുണയുടെ തണലുമായി മദര്‍ തെരേസയുടെ അഗതിമന്ദിരം. കഠിനരോഗങ്ങള്‍ ബാധിച്ചവരും നിരാലംബരുമായ രോഗികളെ നിശ്ശബ്ദരായി ശുശ്രൂഷിക്കുന്ന കന്യാസ്ത്രീകളടക്കമുള്ള സന്നദ്ധപ്രവര്‍ത്തകര്‍.
കാളിഘട്ടില്‍ നിന്നു വ്യത്യസ്തമായി ബേലൂരിലെ ശ്രീരാമകൃഷ്ണ പരമഹംസന്റെ ആശ്രമത്തില്‍ ആത്മീയതയുടെ സാത്വികഭാവം. നദിക്കരയുടെ ശാന്തതയുടെ പശ്ചാത്തലത്തില്‍ പരന്നുകിടക്കുന്ന ആശ്രമവളപ്പ് നിശ്ശബ്ദതയുടെ പര്യായമായി നിലകൊള്ളുന്നു. സന്ദര്‍ശകരുടെ തിരക്കുപോലും അതിനു ഭംഗം വരുത്തുന്നില്ല. അല്‍പമകലെയുള്ള സ്വാമി വിവേകാനന്ദന്റെ ആശ്രമത്തില്‍ ഏതുസമയവും വന്‍ ജനത്തിരക്കാണ്. ആശ്രമത്തിലെ സ്‌നാനഘട്ടത്തില്‍ കുളിക്കാന്‍, കുളിച്ചു പ്രാര്‍ഥിക്കാന്‍ കാത്തിരിക്കുന്നവരുടെ നീണ്ട ക്യൂ.

♦♦♦♦♦♦♦♦♦♦♦♦♦

യാത്രാ പട്ടികയില്‍ ഉള്‍പെടുന്നില്ലെങ്കിലും അതിര്‍ത്തി കാണണമെന്ന് സംഘാംഗങ്ങള്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ടൂര്‍ ഓപ്പറേറ്റര്‍ സമ്മതിച്ചു. പെട്രാപോളിലെ അതിര്‍ത്തി ചെക്ക്‌പോസ്റ്റ് തേടിയായി പിന്നീട് യാത്ര. വിഭജനത്തോടെ ചീന്തിമുറിക്കപ്പെട്ട വംഗജീവിതത്തിന്റെ നേര്‍ക്കാഴ്ചയിലേക്കുള്ള യാത്ര. അതിര്‍ത്തിയിലെ ചെക്ക്‌പോസ്റ്റിന് ഇരുവശവുമുള്ള കൗണ്ടറുകളില്‍ നീണ്ട ക്യൂ. ബംഗ്ലാദേശിലേക്കു പോകാന്‍ ഇവിടെയും ഇന്ത്യയിലേക്കു വരാന്‍ അവിടെയും അനുമതിപത്രത്തിനായി കാത്തുനില്‍ക്കുന്ന ബംഗാളികള്‍. ഒരേ ഭാഷയും സംസ്‌കാരവുമുള്ള ജനത. രാജ്യം രണ്ടായപ്പോള്‍ നിരവധി കുടുംബങ്ങളും മുറിഞ്ഞു. അയല്‍രാജ്യത്തുള്ള ബന്ധുക്കളെ കാണാന്‍ വേണ്ടി പോകാന്‍ അനുമതിക്കായി കാത്തുനില്‍ക്കുന്നവരാണധികവും. പിന്നെ കച്ചവടത്തിനായി പോകുന്നവരും. അതിര്‍ത്തിയിലെ നദിയുടെ അങ്ങേക്കരയില്‍ ബംഗ്ലാദേശികള്‍ അലക്കുകയും കുളിക്കുകയും ചെയ്യുന്നു. ഇങ്ങേക്കരയില്‍ ഇന്ത്യന്‍ ബംഗാളികളും. അവര്‍ പരസ്പരം ഉച്ചത്തില്‍ എന്തൊക്കെയോ പറയുന്നു. രാഷ്ട്രഘടനകള്‍ക്കു മുറിച്ചുമാറ്റാനാവാത്ത മനുഷ്യബന്ധങ്ങളുടെ ഇഴയടുപ്പം. രാജ്യാതിര്‍ത്തികളുടെ യുക്തിരാഹിത്യം ഓര്‍മിപ്പിക്കുന്ന കാഴ്ചകള്‍.

♦♦♦♦♦♦♦♦♦♦♦♦♦♦

സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി സ്ഥലങ്ങള്‍ പശ്ചിമബംഗാളിലുണ്ടെങ്കിലും ടൂറിസം കാര്യമായി വികസിച്ചിട്ടില്ല. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം ഫോട്ടോഗ്രഫി വിലക്ക് ഉള്‍പ്പെടെ ഏതോ കാലത്തുണ്ടാക്കിയ നിയമവ്യവസ്ഥകള്‍ അലോസരം സൃഷ്ടിക്കുന്നു. ഈ പ്രദേശങ്ങളുടെ സവിശേഷതകള്‍ ലോകമറിയുന്നതിന് ഇതൊക്കെ തടസം നില്‍ക്കുന്നു. ടൂറിസം വേണ്ടത്ര ഉപയോഗപ്പെടുത്താന്‍ സംസ്ഥാനത്തിന് സാധിച്ചിട്ടില്ല. ടൂറിസം മാത്രമല്ല, പ്രകൃതിവിഭവങ്ങളും കര്‍മശേഷിയും ജനോപകാരപ്രദമായ നിലയില്‍ ഇവര്‍ ഉപയോഗപ്പെടുത്തിയിട്ടില്ല. ബംഗാള്‍ ഉണരാന്‍ വല്ലാതെ വൈകുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭോപ്പാലില്‍ വന്‍ ലഹരിവേട്ട; 1800 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി, രണ്ട് പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എട മോനെ ഇത് വേറെ പാര്‍ട്ടിയാണ്, പോയി തരത്തില്‍ കളിക്ക് !'; അന്‍വറിനെതിരെ പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

Kerala
  •  2 months ago
No Image

തൃശൂര്‍ എടിഎം കവര്‍ച്ച; നിര്‍ണായക തൊണ്ടിമുതലുകള്‍ പുഴയില്‍ നിന്ന് കണ്ടെത്തി

Kerala
  •  2 months ago
No Image

സി.പി.എമ്മിനെ പിണക്കാനാവില്ല; അന്‍വറിന്റെ ഡി.എം.കെയുമായുള്ള സഖ്യസാധ്യത അടയുന്നു? 

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

വോട്ടെണ്ണും മുമ്പ് കശ്മീര്‍ സഭയിലേക്ക് അഞ്ചംഗങ്ങളെ നാമ നിര്‍ദ്ദേശം ചെയ്യാനുള്ള തിരക്കിട്ട നീക്കവുമായി ഗവര്‍ണര്‍?; ശക്തമായി എതിര്‍ത്ത് ഇന്‍ഡ്യാ സഖ്യം 

National
  •  2 months ago
No Image

48-ാമത് വയലാര്‍ പുരസ്‌കാരം അശോകന്‍ ചരുവിലിന്

Kerala
  •  2 months ago
No Image

എ.ഡി.ജി.പിക്കെതിരായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി; ക്ലിഫ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ചകള്‍

Kerala
  •  2 months ago
No Image

'കരിപ്പൂരില്‍ സ്വര്‍ണ്ണക്കടത്തില്‍ പിടികൂടപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും മുസ്‌ലിം സമുദായത്തില്‍ പെടുന്നവര്‍'  വിവാദ പരാമര്‍ശവുമായി വീണ്ടും കെ.ടി ജലീല്‍ 

Kerala
  •  2 months ago
No Image

ഇസ്‌റാഈലിനുള്ള ആയുധകയറ്റുമതി നിര്‍ത്തിവെച്ച് ഫ്രാന്‍സ്; നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നെതന്യാഹു

International
  •  2 months ago