മാണി സാര്‍ ഇനി മലയാളത്തിന്റെ നെഞ്ചകങ്ങളില്‍: പാലയുടെ മാണിക്യത്തിന് യാത്രാമൊഴി
പാലാ: രാഷ്ട്രീയകേരളത്തിലെ ഇതിഹാസ നായകന്‍ കെ.എം മാണി ഇനി മരിക്കാത്ത ഓര്‍മ. പാലാ സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ പൂര്‍ണ സംസ്ഥാന ഔദ്യോഗിക ബഹുമതികളോടെ കെ എം മാണിയുടെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നു. ബിഷപ്പുമാരുള്‍പ്പടെയുള്ളവര്‍ നടത്തിയ പ്രാര്‍ത്ഥനകള്‍ക്ക് ശേഷമായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. പള്ളിയിലെ 126ാം നമ്പര്‍ കുടുംബ കല്ലറയില്‍ ഇനി അദ്ദേഹം അന്ത്യനിദ്രകൊള്ളും.
പ്രിയപ്പെട്ട നേതാവിനെ ഒരു നോക്കു കാണാനായി കാണാന്‍ കരിങ്ങോഴയ്ക്കല്‍ വീട്ടിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങളാണ്. 21 മണിക്കൂര്‍ നീണ്ട വിലാപയാത്ര, എട്ട് മണിക്കൂര്‍ നീണ്ട പൊതുദര്‍ശനം, ജീവിതം പോലെ തന്നെ മരണാനന്തര ചടങ്ങുകളും മറ്റൊരു ചരിത്രമായി. അങ്ങനെ ആ വന്‍മരം ഇനി ജനമനസുകളില്‍ ജ്വലിച്ചു നില്‍ക്കും.
രാവിലെ ഏഴേകാലോടെയാണ് കെ എം മാണിയുടെ മൃതശരീരം പാലായിലെ കരിങ്ങോഴക്കല്‍ വീട്ടില്‍ എത്തിച്ചത്. അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയ ജനകടല്‍ ജനപ്രവാഹം മൂലം നിശ്ചയിച്ചതിലും ഏറെ വൈകിയാണ് വിലാപയാത്ര ഓരോ പോയിന്റും പിന്നിട്ടത്. പതിനായിരങ്ങള്‍ വിലാപയാത്രയില്‍ അണിചേര്‍ന്നു. വിലാപയാത്ര 21 മണിക്കൂര്‍ നീണ്ടതിനു ശേഷമാണ് ഭൗതിക ശറീരം വീട്ടിലെത്തിച്ചത്.
ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് പാലാ ബിഷപ്പിന്റെ കാര്‍മികത്വത്വത്തില്‍ സംസ്‌കാര ചടങ്ങുകള്‍ തുടങ്ങിയത്. എഐസിസി സെക്രട്ടറി ഉമ്മന്‍ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ മുഴുവന്‍ സമയവും പൊതുദര്‍ശനത്തിലും സംസ്‌കാരശുശ്രൂഷകളിലും പങ്കെടുത്തു.
കഴിഞ്ഞ ദിവസം രാത്രി ഏറെ വൈകിയാണ് കെ എം മാണിയുടെ മൃതദേഹം തിരുനക്കര മൈതാനത്ത് എത്തുന്നത്. അപ്പോഴും ഊണും ഉറക്കവും ഒഴിഞ്ഞ് കാത്തിരുന്ന ആയിരങ്ങള്‍ മാണി സാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
രാത്രി ഒരു മണിയോടെ വിലാപയാത്രയായി എത്തിച്ച മൃതദേഹം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. അതെ. മാണി സാര്‍ ഇനി മലയാളികളുടെ നെഞ്ചകങ്ങളില്‍ ജീവിക്കും. ഒരുപാട് ചരിത്രങ്ങളുടെ ബഹുമതികളുമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."