ആദ്യഘട്ട വോട്ടെടുപ്പില്‍ അക്രമം; രണ്ടു പേര് മരിച്ചു
ന്യൂഡല്‍ഹി: ആന്ധ്രാ പ്രദേശില്‍ രണ്ടുപേര്‍ മരിച്ചതുള്‍പ്പടെയുള്ള അനിഷ്ടസംഭവങ്ങളോടെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. 20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 91 മണ്ഡലങ്ങളിലേക്കാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്. ആദ്യമായി ലോക്സഭാ തെരഞ്ഞെടുപ്പ് നടന്ന തെലങ്കാനയില്‍ 60 ശതമാനമായിരുന്നു പോളിങ് നില.
മറ്റിടങ്ങളില്‍: ഉത്തര്‍പ്രദേശ്-63.69, ആന്ധ്രാ പ്രദേശ്-56, ഒഡിഷ-68, പശ്ചിമ ബംഗാള്‍-81, ആന്‍ഡമാന്‍ നികോബര്‍-70.69, ഛത്തിസ്ഗഡ്-56, ഉത്തരാഖണ്ഡ്-57.85, സിക്കിം- 69, മിസോറം-60, നാഗാലാന്‍ഡ്-78, മണിപ്പൂര്‍ 78.2, ത്രിപുര-81.8, അരുണാചല്‍ പ്രദേശ്-66, ലക്ഷദ്വീപ്-66.
ആന്ധ്രാ പ്രദേശില്‍ വൈ.എസ്.ആര് കോണ്‍ഗ്രസിന്റെയും തെലുഗുദേശം പാര്‍ട്ടിയുടെയും ഓരോ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ ഗഡ്ച്ചിറോലിയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മൂന്ന് പൊലിസുകാര്‍ക്ക് പരുക്കേറ്റു. ത്രിപുരയില്‍ 460 ബൂത്തുകളില്‍ ക്രമക്കേട് ആരോപിച്ച സി.പി.എം റീപോളിങ് ആവശ്യപ്പെട്ടു. കശ്മിരിലെ ബാരാമുല്ലയില്‍ നാഷനല്‍ കോണ്‍ഫറന്‍സ്-പീപ്പിള്‍സ് കോണ്‍ഫറന്‍സ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. നാലുപേര്‍ക്ക് പരുക്കേറ്റു. സൈനികര്‍ ജനങ്ങളെ വോട്ട് ചെയ്യാന്‍ നിര്‍ബന്ധിച്ചതും ചിലയിടങ്ങളില്‍ സംഘര്‍ഷമുണ്ടാക്കി. കൈറാനയില്‍ റസൂല്‍പൂര്‍ ബൂത്ത് പിടിച്ചെടുക്കാനെത്തിയവരെ ആകാശത്തേക്ക് വെടിവച്ച് സി.ആര്.പി.എഫ് ഓടിച്ചു. തിരിച്ചറിയല്‍ കാര്ഡില്ലാതെയെത്തിയാണ് അക്രമികള്‍ ബൂത്ത് പിടിച്ചെടുക്കാന്‍ ശ്രമിച്ചത്. ഉത്തര്‍ പ്രദേശില്‍ ദലിത് വോട്ടര്‍മാരെ തടഞ്ഞതായി ബി.എസ്.പി പരാതിപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."