സങ്കരയിനം തെങ്ങുകള്‍ക്ക് പ്രിയമേറുന്നു
ചെറുവത്തൂര്‍: തെങ്ങില്‍ കയറാനാളില്ല, നാളികേരത്തിനു വിലസ്ഥിരതയുമില്ല. വരവും ചെലവും കൂട്ടിനോക്കിയാല്‍ കര്‍ഷകനു മിച്ചം നഷ്ടംമാത്രം. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ മാറിമറിയുമ്പോഴാണ് നാടന്‍ തെങ്ങുകളെ വിട്ട് കേരകര്‍ഷകര്‍ കൂട്ടത്തോടെ സങ്കരയിനം തെങ്ങുകളുടെയും കുള്ളന്‍ തെങ്ങുകളുടെയും പിന്നാലെ പോകുന്നത്.
സങ്കരയിനം തെങ്ങുകള്‍ ഇപ്പോള്‍ കര്‍ഷകരുടെ പ്രിയപ്പെട്ടതാവുകയാണ്. ലോകത്തിലെ ആദ്യ സങ്കരയിനം തെങ്ങായ ടി ഇന്റു ഡി മുതല്‍ ലക്ഷഗംഗ, കേരഗംഗ, അനന്തഗംഗ, കേരശ്രീ, കേരള സൗഭാഗ്യ എന്നീ ഇനങ്ങള്‍ വരെ എത്തി നില്‍ക്കുന്നു സങ്കരയിനം തെങ്ങുകളുടെ വൈവിധ്യം.
നാടന്‍ തെങ്ങുകളെക്കാള്‍ വേഗത്തില്‍ പുഷ്പിക്കുകയും ഉല്‍പ്പാദന ക്ഷമത വളരെവേഗം കൈവരിക്കുകയും ചെയ്യും എന്നതാണ് ഈ തെങ്ങുകളെ കേരകര്‍ഷകര്‍ക്ക് പ്രിയപ്പെട്ടതാക്കി മാറ്റുന്നത്. അധികം ഉയരത്തില്‍ വളരില്ല എന്നതും പ്രത്യേകതയാണ്. നാടന്‍ ഇനത്തില്‍ ശരാശരി 60 നാളികേരം വര്‍ഷത്തില്‍ ലഭിക്കുമ്പോള്‍ സങ്കരയിനങ്ങളില്‍ 140 മുതല്‍ 250 വരെ എണ്ണം നാളികേരം ലഭിക്കുന്നു എന്നതാണ് കേരകര്‍ഷകര്‍ക്ക് ഈ തെങ്ങുകളെ പ്രിയപ്പെട്ടതാക്കി മാറ്റിയത്. പ്രതിവര്‍ഷം ശരാശരി ഇരുപതിനായിരം സങ്കരയിനം തെങ്ങിന്‍ തൈകള്‍ ഇപ്പോള്‍ പിലിക്കോട് ഉത്തരമേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ മാത്രം ഉല്‍പ്പാദിപ്പിച്ചു വരുന്നുണ്ട്.
ഓരോ വര്‍ഷവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് കേരകര്‍ഷകരാണ് പിലിക്കോടിന്റെ സങ്കരയിന തെങ്ങുകളുടെ പെരുമ കേട്ടറിഞ്ഞ് എത്തുന്നത്. ഇതിനൊപ്പം ടിഷ്യു കള്‍ച്ചര്‍ തെങ്ങിന്‍ തൈകള്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളും പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രം നടത്തുന്നുണ്ട്. കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ട് പോയാല്‍ കേരം തിങ്ങും കേരള നാട്ടില്‍ തെങ്ങിന്‍ തോപ്പുകളുടെ മുഖച്ഛായ തന്നെ മാറും. കുള്ളന്‍ തെങ്ങുകളെയും കര്‍ഷകര്‍ തേടിയിറങ്ങുകയാണ്. തേങ്ങകള്‍ കൈയെത്തി പറിക്കാം എന്നതാണ് കുള്ളന്‍ തെങ്ങുകളുടെ പ്രത്യേകത. കേരകര്‍ഷകര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു തുടങ്ങിയതോടെ ലോഡ് കണക്കിന് വിത്തുതേങ്ങകളാണ് ഇപ്പോള്‍ മറുനാട്ടില്‍ നിന്നും മലയാള നാട്ടിലേക്ക് എത്തുന്നത്. നാളികേര ഉല്‍പ്പാദക സംഘങ്ങള്‍ മുന്‍കൈ എടുത്താണ് വിത്തു തേങ്ങകള്‍ എത്തിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നുമാണ് ജില്ലയിലേക്ക് കുഞ്ഞന്‍ തെങ്ങുകളുടെ വിത്ത് തേങ്ങകള്‍ കൂടുതലായും എത്തിക്കുന്നത്. നാലു വര്‍ഷം കൊണ്ട് കായ്ക്കുന്ന ഉയരംകുറഞ്ഞ തെങ്ങാണിത്. വിത്തുതേങ്ങകള്‍ മൂന്നുമാസത്തെ വളര്‍ച്ചയ്ക്കു ശേഷം ഇവ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനാണ് തീരുമാനം. ആയിരക്കണക്കിന് വിത്തുതേങ്ങകള്‍ ഇതിനോടകം കാസര്‍കോടന്‍ ഗ്രാമങ്ങളില്‍ പാകിക്കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."