'മലബാര്‍' ബിരിയാണിയരി: തര്‍ക്കം തീര്‍പ്പാക്കി
ന്യൂഡല്‍ഹി: ബിരിയാണിയരിക്ക് മലബാര്‍ എന്നു പേരിട്ട പശ്ചിമബംഗാളിലെ കാറ്ററിങ് കമ്പനികളുടെ നടപടി ചോദ്യംചെയ്യുന്ന ഹരജി സുപ്രിംകോടതി തീര്‍പ്പാക്കി. മലബാര്‍ എന്ന പേര് ആരുടെയും കുത്തകയല്ലെന്നും അത് ആര്‍ക്കും ഉപയോഗിക്കാമെന്നും വ്യക്തമാക്കി ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, ആര്‍. ഭാനുമതി എന്നിവരടങ്ങുന്ന രണ്ടംഗസുപ്രിംകോടതി ബെഞ്ചിന്റെതാണ് നടപടി.കേരള, തമിഴ്‌നാട്, കര്‍ണാടകയിലെ വിപണി സാധ്യതകള്‍ മുന്നില്‍ക്കണ്ട് ബിരിയാണിയരിക്ക് മലബാര്‍ എന്നു പേരിട്ട പശ്ചിമബംഗാള്‍ ആസ്ഥാനമായ ബരോമ അഗ്രോ പ്രൊഡക്ടും പരാഖ് വാണിജ്യ പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള തര്‍ക്കം തീര്‍പ്പാക്കിയാണ് രണ്ടംഗബെഞ്ചിന്റെ ഉത്തരവ്.
തങ്ങള്‍ 2001 മുതല്‍ ബിരിയാണിയരി മലബാര്‍ എന്ന പേരില്‍ വില്‍പ്പന നടത്തിവരുന്നവരാണെന്നും ബരോമ അഗ്രൊ പ്രൊഡക്ട് എന്ന കമ്പനി 'മലബാര്‍ ഗോള്‍ഡ് ' എന്ന പേര് ഉപയോഗിക്കുന്നതു തടയണമെന്നുമായിരുന്നു പരാഖിന്റെ ആവശ്യം. ഇക്കാര്യം ആദ്യം പരാഖ് കൊല്‍ക്കത്ത ഹൈക്കോടതി മുമ്പാകെ ആവശ്യപ്പെട്ടിരുന്നു. ഹരജി പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ബരോമയോട് മലബാര്‍ എന്ന പേര് ഉപയോഗിക്കുന്നത് വിലക്കി ഉത്തരവ് പുറപ്പെടുവിച്ചു.
പരാഖിന്റെ ആവശ്യം വ്യാജരേഖകളുടെ അടിസ്ഥാനത്തിലാണെന്നും പേരു മാറ്റാനാവില്ലെന്നും ബരോമ വാദിച്ചു. ഈ വാദം അംഗീകരിച്ച ഹൈക്കോടതി ബരോമക്ക് മലബാര്‍ എന്ന പേര് ഉപയോഗിക്കാമെന്ന് ഉത്തരവില്‍ ഭേദഗതി വരുത്തി. ഈ വിധിക്കെതിരെയാണ് പരാഖ് സുപ്രിംകോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."