ടോം സ്‌കറിയയുടെ ഭൂമി കൈയേറ്റം; അന്വേഷണം ആരംഭിച്ചു
തൊടുപുഴ: സ്പിരിറ്റ് ഇന്‍ ജീസസ് സ്ഥാപകന്‍ ടോം സ്‌കറിയയും കുടുംബവും കൈയേറിയ ഭൂമിയെ കുറിച്ച് പൊലിസ് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ടോമിന്റെ പിതാവ് സ്‌കറിയയും സഹോദരങ്ങളായ ജിമ്മി സ്‌കറിയ, ബോബി സ്‌കറിയ എന്നിവര്‍ ചിന്നക്കനാല്‍ വില്ലേജില്‍ കൈയേറിയ ഭൂമികളെ കുറിച്ചാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ഇന്നലെ ചിന്നക്കനാല്‍ വില്ലേജ് ഓഫിസിലെത്തി സ്‌കറിയ കുടുംബത്തിന്റെ ഭൂമി ഇടപാടുകളെ സംബന്ധിച്ചുള്ള രേഖകള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.
ആദിവാസികളുടെ ഭൂമി വിവിധ തണ്ടപേരുകളില്‍ സ്‌കറിയയുടെ കുടുംബം തട്ടിയെടുത്തതായി റവന്യു വകുപ്പ് അധികൃതര്‍ നേരത്തെ കണ്ടെത്തിയിരുന്നു. കൂടാതെ വ്യാജ പട്ടയം ഉപയോഗിച്ചും അല്ലാതെയും സര്‍ക്കാര്‍ ഭൂമിയും സ്‌കറിയയും കുടുംബവും കൈവശപ്പെടുത്തിയിട്ടുണ്ട്. അഞ്ഞൂറേക്കര്‍ ഭൂമി ഇങ്ങനെ തട്ടിയെടുത്തിട്ടുണ്ടെന്നാണ് റവന്യു വകുപ്പിന്റെ പ്രാഥമിക കണ്ടെത്തല്‍. ഇതനുസരിച്ചുള്ള റിപ്പോര്‍ട്ട് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ കലക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്.
സ്‌കറിയ കുടുംബത്തിന്റെ പേരില്‍ ആയിരത്തിലധികം ഏക്കറുള്ള എവര്‍ഗ്രീന്‍ ഏലം എസ്റ്റേറ്റിലെ സിംഹ ഭാഗവും സര്‍ക്കാര്‍ ഭൂമി കയ്യേറിയതാണെന്ന് നിഗമനത്തിലാണ് റവന്യു അധികൃതര്‍ .
2013ല്‍ ബോബി സ്‌കറിയ ചിന്നക്കനാല്‍ വിലക്കില്‍ 821 സര്‍വ്വേ നമ്പറില്‍പ്പെട്ട അഞ്ചേക്കര്‍ ഭൂമിയും 2015ല്‍ ജിമ്മി സ്‌കറിയ ചിന്നക്കനാല്‍ വില്ലേജിലെ 201, 341 നമ്പറുകളില്‍പ്പെട്ട ഇരുപതേക്കറോളം സര്‍ക്കാര്‍ ഭൂമിയും കൈയേറിയതായി റവന്യു വകുപ്പ് അധികൃതര്‍ കണ്ടെത്തുകയും ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ഇതനുസരിച്ച് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും കലക്ടര്‍ കൂടുതല്‍ നടപടികള്‍ക്കായി അന്നത്തെ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് റെഫര്‍ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് നടപടികള്‍ അട്ടിമറിക്കുകയായിരുന്നു.
സൂര്യനെല്ലിക്കടുത്ത് ഷണ്‍മുഖ വിലാസത്ത് സ്‌കറിയ കുടുംബത്തിന്റേ പേരിലുള്ള ഗ്രീന്‍ ജംഗിള്‍ ഹോളിഡേയ്‌സ് റിസോര്‍ട്ടും കൈയേറ്റ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇതേക്കുറിച്ചും റവന്യു അധികൃതര്‍ അന്വേഷിച്ചു വരികയാണ്. ഇതിനിടെ മൂന്നാര്‍ മേഖലയിലെ കൈയേറ്റങ്ങളെ വന്‍കിട കൈയേറ്റങ്ങളെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ശേഖരിക്കുന്നതിനായി പ്രത്യേക സംഘത്തെ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഉടുമ്പന്‍ചോല അഡീ. തഹസില്‍ദാര്‍ പി കെ ഷാജി നിയമിച്ചു.
രണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍മാരും രണ്ട് സര്‍വേയര്‍മാരും മൂന്ന് ക്ലര്‍ക്കുമാരുമടുങ്ങുന്ന സംഘത്തെയാണ് വിവര ശേഖരണത്തിനായി നിയമിച്ചിരിക്കുന്നത്. ഇന്നുതന്നെ വന്‍കിട കൈയേറ്റങ്ങളെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും സംഘം ശേഖരിച്ച് തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."