സര്‍വേകളുടെ മറവില്‍ ദുഷ്പ്രചാരണം നടക്കുന്നു: സുധാകര്‍ റെഡ്ഡി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സര്‍വേകളുടെ മറവില്‍ ദുഷ്പ്രചാരണം നടത്തി ചില സ്ഥാനാര്‍ഥികളെ സഹായിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് സി.പി.ഐ ജന. സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി. തെരഞ്ഞെടുപ്പ് സര്‍വേകളിലൊന്നും ഇടതു മുന്നണി വിശ്വസിക്കുന്നില്ലെന്നും കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ 2004ല്‍ ഒരു സീറ്റും പ്രവചിക്കാതിരുന്നപ്പോഴാണ് ഇടതുമുന്നണി 18 സീറ്റുകള്‍ നേടിയത്. സി.പി.ഐക്ക് ഇത്തവണ എട്ട് എം.പിമാരെ ലഭിക്കുമെന്നാണ് പ്രതീക്ഷ. അധികാരമോഹമില്ല, പകരം ഉത്തരവാദപ്പെട്ട പ്രതിപക്ഷമാകുകയാണ് ലക്ഷ്യം. ബി.ജെ.പി അപ്രസക്തമായ കേരളത്തില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികള്‍ തമ്മിലാണ് മത്സരം. ഇടതുപക്ഷത്തെ നേരിടാനാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയത്. ഇതിനുപകരം ബി.ജെ.പി ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന കര്‍ണാടകയിലോ ആന്ധ്രയിലോ മറ്റോ അദ്ദേഹത്തിന് മത്സരിക്കാമായിരുന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷം മോദി സര്‍ക്കാര്‍ ഭരണം രാജ്യത്തെ തികഞ്ഞ അരാജകത്വത്തിലേക്കാണു നയിച്ചത്. കോര്‍പറേറ്റുകള്‍ക്കു വേണ്ടി മാത്രമുള്ള സര്‍ക്കാരാണ് മോദിയുടെത്. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ജീവിക്കാനുള്ള അവകാശം പോലും ചോദ്യം ചെയ്യപ്പെട്ടു. വര്‍ഗീയത ഇളക്കിവിട്ടുള്ള രാഷ്ട്രീയമാണ് ബി.ജെ.പി നടത്തുന്നത്. മോദിക്ക് എതിരായി ഏകീകൃത പ്രസ്ഥാനം കെട്ടിപ്പടുക്കണമെന്ന ഇടതുപക്ഷത്തിന്റെ ആഹ്വാനം ഉള്‍ക്കൊള്ളാനോ യാഥാര്‍ഥ്യം മനസിലാക്കാനോ കോണ്‍ഗ്രസിനായില്ല. മാത്രമല്ല പ്രതിപക്ഷ ഐക്യനിരയെ തുരങ്കംവയ്ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."