HOME
DETAILS
MAL
നമ്പര്‍ വണ്‍ സ്റ്റോക്‌സ്
backup
July 22 2020 | 04:07 AM
ദുബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റോടു കൂടി ഇംഗ്ലിഷ് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന്റെ ആവനാഴിയിലെ സ്‌റ്റോക് തീരുന്നില്ല. ആദ്യ ടെസ്റ്റില്‍ തിളങ്ങിയെങ്കിലും വിന്‍ഡീസ് പേസര്‍മാരുടെ ചുഴറ്റിയേറില്‍ വീണുപോയ മറ്റു ബാറ്റ്‌സ്മാന്‍മാരില്‍ നിന്ന് പിന്തുണ ലഭിക്കാതിരുന്ന ബെന്‍ സ്റ്റോക്‌സ്, രണ്ടാം ടെസ്റ്റില്‍ കൂടുതല്‍ അപകടകാരിയായി. ഇതോടെ രണ്ടാം ടെസ്റ്റ് ജയിച്ച് നിര്‍ണായക സമനില നേടിക്കൊടുത്തതോടെ താരത്തെ കാത്തിരുന്നത് മറ്റൊരു നേട്ടമായിരുന്നു. ഇന്നലെ ഐ.സി.സി പുറത്തുവിട്ട പുതിയ ടെസ്റ്റ് റാങ്കിങ്ങില്‍ ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചപ്പോള്‍ ബാറ്റ്‌സ്മാന്‍മാരില്‍ മൂന്നാം സ്ഥാനത്തേക്കും മുന്നേറി. ടെസ്റ്റ് ബാറ്റിങ്ങിലും ഓള്‍റൗണ്ടര്‍മാരിലും സ്റ്റോക്‌സിന്റെ മികച്ച റാങ്കിങ്ങാണിത്.
നിലവിലെ ടെസ്റ്റ് എതിരാളി വിന്‍ഡീസിന്റെ ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സ്റ്റോക്‌സ് ഓള്‍റൗണ്ടര്‍മാരില്‍ ഒന്നാമതെത്തിയത്. രണ്ട് ടെസ്റ്റുകളില്‍ നിന്നായി 343 റണ്‍സും ഒന്‍പത് വിക്കറ്റുകളും നേടിയതിന് പിന്നാലെയാണ് സ്റ്റോക്‌സിനെ ഓള്‍റൗണ്ടര്‍മാരുടെ അമരത്തേക്ക് വാഴിച്ചത്. 497 പോയന്റുമായാണ് താരം ഒന്നാമതെത്തിയത്. രണ്ടാമതുള്ള ഹോള്‍ഡറിന് 459 പോയന്റുണ്ട്. ഇതോടെ മുന്‍ നായകന്‍ ആന്‍ഡ്രു ഫ്‌ളിന്റോഫിനു ശേഷം ടെസ്റ്റില്‍ ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന ആദ്യ ഇംഗ്ലിഷ് താരമായി സ്റ്റോക്‌സ് മാറി. ഇന്ത്യയുടെ രവീന്ദ്ര ജഡേജ, ആസ്‌ത്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക്, ആര്‍. അശ്വിന്‍ എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. 18 മാസമായി ഹോള്‍ഡര്‍ കൈവശം വച്ചിരുന്ന ഒന്നാം സ്ഥാനപ്പട്ടമാണ് സ്റ്റോക്‌സ് തട്ടിയെടുത്തത്.
ആറു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് സ്റ്റോക്‌സ് ടെസ്റ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചത്. നിലവില്‍ ആസ്‌ത്രേലിയയുടെ സ്റ്റീവ് സ്മിത്തും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. അതേസമയം, ബൗളര്‍മാരുടെ പട്ടികയില്‍ ഒരു സ്ഥാനം നഷ്ടപ്പെട്ട് ഹോള്‍ഡര്‍ മൂന്നാം സ്ഥാനത്തേക്കിറങ്ങി. ആസ്‌ത്രേലിയയുടെ പാറ്റ് കമ്മിന്‍സും ന്യൂസിലന്‍ഡിന്റെ നീല്‍ വാഗ്നറുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."