വാട്ടര്‍ അതോരിറ്റിയുടെ കെടുകാര്യസ്ഥത ജില്ലാ ആശുപത്രി ഡയാലിസിസ് യൂനിറ്റില്‍ രോഗികള്‍ വലഞ്ഞു
മാനന്തവാടി: ആവശ്യത്തിന് വെള്ളമില്ലാതായത് കാരണം വലഞ്ഞ് ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് ചെയ്യാന്‍ എത്തിയ രോഗികള്‍. വാട്ടര്‍ അതോരിറ്റിയുടെ അനാസ്ഥയാണ് രോഗികള്‍ക്ക് തിരിച്ചടിയായത്. ഒരു ലക്ഷം ലിറ്റര്‍ വെള്ളം കൊള്ളുന്ന ടാങ്ക് ജില്ലാ ആശുപത്രിയുടെ കൈവശമുണ്ടായിരുന്നു. ഇത് താല്‍ക്കാലികമായി വാട്ടര്‍ അതോറിറ്റിക്ക് ഉപയോഗിക്കാന്‍ കൊടുക്കുകയും പിന്നീട് ജില്ലാ ആശുപത്രി അധികൃതര്‍ തന്നെ തിരിച്ചെടുക്കുകയും ചെയ്തിതിരുന്നു. എന്നാല്‍ അഞ്ച് ദിവസം മുന്‍പ് യാതൊരു മുന്നറിയിപ്പുമില്ലാതെ ആശുപത്രി അധികൃതര്‍ അറിയാതെ വാട്ടര്‍ അതോറിറ്റി അധികൃതര്‍ വാട്ടര്‍ ടാങ്ക് ഉപയോഗിക്കാന്‍ എടുക്കുകയും ജില്ലാ ആശുപത്രിയിലേക്കുള്ള വെള്ളം തടസപ്പെടുകയുമായിരുന്നു. വെള്ളം ലഭിക്കാതായതോടെ ഡയാലിസിസ് യൂനിറ്റ് പ്രവര്‍ത്തനം താളം തെറ്റുകയും ചെയ്തു.
നാല് ഷിഫ്റ്റുകളിലായി ഒരു ദിവസം 44 രോഗികളെയാണ് ഡയാലിസിസ് ചെയ്യുന്നത്. വെള്ളം ലഭിക്കാതായതോടെ മണിക്കൂറുകളോളമാണ് രോഗികള്‍ ഡയാലിസിസ് ചെയ്യാനായി കാത്തുകിടന്നത്. ഡയാലിസിസ് യൂനിറ്റില്‍ ആവശ്യത്തിന് വെള്ളമെത്തിക്കാന്‍ ഒരു മാസം മുന്‍പ് കുഴല്‍ കിണറും മോട്ടറും സ്ഥാപിച്ചിരുന്നു. എന്നാല്‍ കുഴല്‍ കിണര്‍ വെള്ളം ഉപയോഗിച്ച് ഡയാലിസിസ് ചെയ്യാന്‍ പറ്റില്ലെന്നതിനാലാണ് ഇപ്പോള്‍ ജലക്ഷാമമുണ്ടായത്. അഞ്ച് ദിവസമായി വെള്ളത്തിന്റെ ക്ഷാമം അനുഭപ്പെടുന്നതായും ഡയാലിസിസ് മുടങ്ങതിരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്നും രോഗികളും ബന്ധുക്കളും ആവശ്യപ്പെട്ടു.
ഒരു രോഗിക്ക് ഡയാലിസിസ് ചെയ്യണമെങ്കില്‍ 350 ലിറ്റര്‍ വെള്ളം വേണം. ഒരു ഷിഫ്റ്റിന് നാലായിരത്തോളം ലിറ്റര്‍ വെള്ളം വേണം. നാല് ഷിഫ്റ്റിലായി 44 രോഗികളെ ഡയാലിസിസ് ചെയ്യുന്നതിനും യൂനിറ്റ് ശുചീകരിക്കുന്നതിനുമായി ഒരു ദിവസം 18,000 ലിറ്റര്‍ വെള്ളമാണ് ഡയാലിസിസ് യൂനിറ്റിന് ആവശ്യമായി വരുന്നത്. ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ഡയാലിസിസ് യൂനിറ്റ് പ്രവര്‍ത്തിക്കുന്നത് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ മാത്രമാണ്. സ്വകാര്യ ആശുപത്രികളില്‍ ഡയാലിസിസിന് ഈടാക്കുന്ന തുകയുടെ 50 ശതമാനം മാത്രമാണ് ജില്ലാ ആശുപത്രിയില്‍ ഈടാക്കുന്നത്.
ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റ് നിര്‍ധനരായ രോഗികള്‍ ഏറെ ഉപകാരപ്രദമാണെന്നിരിക്കെയാണ് അധികൃതരുടെ അനാസ്ഥ കാരണം രോഗികള്‍ വലഞ്ഞത്. അതേസമയം ഡയാലിസിസ് യൂനിറ്റില്‍ വെള്ളമെത്തിക്കാന്‍ അടിയന്തിര നടപടി സ്വീകരിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."