അധികാരത്തിന്റെ അഹങ്കാരം വാമൊഴിവഴക്കമാവുകയില്ല
എം.എം മണി ഇപ്പോഴും മന്ത്രിയായി തുടരുന്നത് അധികാരത്തിന്റെ അഹങ്കാരം കൊണ്ടാണ്. സര്‍ക്കാറും സി.പി.എമ്മും എന്തൊക്കെ ന്യായീകരണങ്ങള്‍ നിരത്തിയാലും പൊതുസമൂഹം അത് വിശ്വാസത്തിലെടുക്കുകയില്ല. വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന പഴഞ്ചൊല്ലിനെ കടത്തിവെട്ടുന്നതാണ് മന്ത്രി എം.എം മണി ഇടയ്ക്കിടെ നടത്തിക്കൊണ്ടിരിക്കുന്ന വാക്പ്രയോഗങ്ങള്‍. അതിനെ വാമൊഴി വഴക്കമെന്ന് പറഞ്ഞു നിസ്സാരമാക്കുന്ന മുഖ്യമന്ത്രിയുടെയും സി.പി.എം നേതാക്കളുടെയും നിലപാടാണ് വിസ്മയാവഹം.
വാഗ്വിലാസങ്ങള്‍കൊണ്ട് മായാലോകം സൃഷ്ടിച്ച രാഷ്ട്രീയനേതാക്കളായിരുന്നു പനമ്പിള്ളി ഗോവിന്ദ മേനോനും സി.എച്ച് മുഹമ്മദ് കോയയും. സഭക്കുള്ളിലും പുറത്തും അവര്‍ നടത്തിയ വാമൊഴിവഴക്കങ്ങളും ചിന്തോദീപകമായ വാക്കുകളും ശ്രോതാക്കളെ കോരിത്തരിപ്പിക്കുന്നതും കൊതിപ്പിക്കുന്നതുമായിരുന്നു. ഇടുക്കിയുടെ ഇരുണ്ട പ്രദേശത്ത് നിന്നും വരുന്ന, വേണ്ടത്ര വിദ്യാഭ്യാസം ലഭിക്കാത്ത എം.എം മണിക്ക് അത്രത്തോളം ഉയരാന്‍ കഴിയണമെന്നില്ല. എന്നാല്‍ ഗ്രാമ്യഭാഷ കൈകാര്യം ചെയ്യുന്നവരും വിദ്യാഭ്യാസം കിട്ടാതെ പോയവരും മണിയുടെ ഭാഷയാണോ ഉപയോഗിക്കുന്നത്. ഗ്രാമീണനായത് കൊണ്ടാണ് മണി ഇങ്ങനെയൊക്കെ സംസാരിക്കുന്നത് എന്ന മുഖ്യമന്ത്രിയുടെ നിഗമനങ്ങള്‍ ഗ്രാമവാസികളെ ഒന്നടങ്കം ആക്ഷേപിക്കുന്നതിന് തുല്യമാണ്.
ഇടുക്കിയില്‍ ഒരു മനുഷ്യനും സംസാരിക്കാത്ത വാക്പ്രയോഗങ്ങള്‍ ഗ്രാമീണനായതുകൊണ്ടാണ് മണി നടത്തുന്നതെന്ന അഭിപ്രായ പ്രകടനങ്ങള്‍ അംഗീകരിക്കാനാവില്ല. ഇടുക്കിയില്‍ ഒരു മനുഷ്യനും മനസ്സിലാകാത്ത ഗ്രാമ്യഭാഷ മണിക്ക് മാത്രം വശമായതെങ്ങനെയാണ്? ആശ്രിതവത്സലനായ മുഖ്യമന്ത്രി അതിന്റെ പേരില്‍ മാത്രം തന്റെ വിശ്വസ്ഥരെ അവരുടെ തെറ്റുകള്‍ സഹിതം സംരക്ഷിച്ച് നിര്‍ത്തുകയാണെങ്കില്‍ ഭാവിയില്‍ കനത്ത വില നല്‍കേണ്ടി വരും. വ്യക്തിപരമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ശുദ്ധനായ വ്യക്തിയാണ്. അദ്ദേഹത്തിന്റെ മേല്‍ ആരോപിക്കപ്പെട്ട ലാവ്‌ലിന്‍ അഴിമതിപോലും വ്യക്തിപരമായി അദ്ദേഹത്തെ ബാധിക്കുന്നതല്ല. കേരളം കണ്ട മികച്ച വൈദ്യുതിവകുപ്പ് മന്ത്രിയായിരുന്നു പിണറായി വിജയന്‍. എന്നാല്‍ വിശ്വസ്തര്‍ക്ക് വേണ്ടി അവരുടെ എല്ലാ നെറികേടുകള്‍ക്കും ന്യായീകരണം കണ്ടെത്തുന്നത് അദ്ദേഹത്തെപ്പോലുള്ള ഉന്നത പദവിയിലിരിക്കുന്ന ഒരാള്‍ക്ക് ചേര്‍ന്നതല്ല.
പൊളിറ്റ് ബ്യൂറോക്ക് അപ്പുറമാണ് വ്യക്തിയെന്ന് വരരുത്. മുസ്‌ലിം ലീഗിന്റെ ഉജ്ജ്വല നേതാവും പ്രമുഖ വാഗ്മിയുമായിരുന്ന ബംഗാള്‍ പ്രധാനമന്ത്രി ഫസലുല്‍ ഹഖിനെ നിഷ്‌കരുണം പാര്‍ട്ടിയില്‍ നിന്നും പുറംതള്ളികൊണ്ട് മുഹമ്മദലി ജിന്ന പറഞ്ഞ 'പാര്‍ട്ടിക്ക് ആരും അതീതരല്ല' എന്ന വാചകം സി.പി.എമ്മും ഗുണപാഠമാക്കേണ്ടതുണ്ട്. മുള്ളുകൊണ്ട് എടുക്കാമായിരുന്ന 'മഹിജാ പ്രശ്‌നം ' തൂമ്പകൊണ്ട് എടുത്തതിന്റെ ഫലമായിട്ടാണ് പാര്‍ട്ടിക്ക് ലോക്കല്‍കമ്മിറ്റികള്‍ തോറും വിശദീകരണങ്ങള്‍ നടത്തേണ്ടി വരുന്നത്. എം.എം മണിയെ സംരക്ഷിച്ച് നിര്‍ത്തുന്നവര്‍ നാളെ ഈ മന്ത്രി ഇതിലും വലിയൊരു 'ഭാഷാപ്രയോഗം' നടത്തിയാല്‍ മറ്റൊരു വിശദീകരണവുമായി ലോക്കല്‍ കമ്മിറ്റികളിലും ഏരിയാ കമ്മിറ്റികളിലും കയറി ഇറങ്ങേണ്ടി വരും. അതിനുമുന്‍പ് ഇത്തരം ആളുകളെ വച്ചുപൊറുപ്പിക്കാതിരിക്കുന്നതല്ലേ ബുദ്ധി. സംസ്‌കാര ഭദ്രത കാത്തുസൂക്ഷിക്കുന്ന സൗമ്യ പ്രകൃതക്കാരായ എത്രെയെത്രെ നേതാക്കളാണ് സി.പി.എമ്മിനുള്ളത്. സുരേഷ് കുറുപ്പിനെ പോലുള്ള എസ്.ശര്‍മയെ പോലുള്ള എം.എല്‍.എമാരെ എന്തുകൊണ്ട് സി.പി.എം മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരുന്നില്ല. നഗരത്തിലായാലും ഗ്രാമത്തിലായാലും സംസ്‌കാരമുള്ളവര്‍ സഭ്യമായേ സംസാരിക്കൂ.
നേതാക്കളാണെന്ന ആനുകൂല്യത്തില്‍ തെറിപ്രയോഗങ്ങള്‍ അനുയായികള്‍ സഹിച്ചേക്കാം. പൊതുസമൂഹം അങ്ങനെയാവണമെന്നില്ല. അന്യരെ തെറി പറയാനും അശ്ശീലം പറയാനും ഉപയോഗിക്കുന്ന വാക്കുകളെ വാമൊഴിവഴക്കം എന്ന് പറഞ്ഞു ഒഴിവാക്കാനും ആവില്ല. മലര്‍മന്ദഹാസമായി വിടരുന്ന മലയാള ഭാഷയുടെ ലാസ്യഭംഗി നശിപ്പിക്കുന്നതായിരിക്കും. അത്തരം പ്രയോഗങ്ങള്‍ നടത്തുന്നവര്‍ക്ക് രക്ഷാകവചം ഒരുക്കികൊടുക്കരുത്. ഡല്‍ഹിയില്‍ എം.എം മണിയുടെ വാക്കുകളെ അപലപിച്ച മുഖ്യമന്ത്രി നിയമസഭയില്‍ അദ്ദേഹത്തെ ന്യായീകരിച്ചത് ഒട്ടും ഉചിതമായില്ല. മുകളിലൊരാള്‍ സംരക്ഷിക്കാനുണ്ടെന്ന ഹുങ്കില്‍ എം.എം മണി കേരള ജനതയെ വാക്കുകള്‍കൊണ്ട് മുറിവേല്‍പ്പിക്കുന്നത് തുടരണമെന്നാണോ സര്‍ക്കാര്‍ അഭിലഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."