ധനകാര്യ സ്ഥാപന ഉടമയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചതില്‍ ദുരൂഹത
താമരശേരി: സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയെ പട്ടാപ്പകല്‍ സ്ഥാപനത്തില്‍ കയറി പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചതില്‍ ദുരൂഹത. പുതുപ്പാടി കൈതപ്പൊയില്‍ ബസ് സ്റ്റോപ്പിന് സമീപം പ്രവര്‍ത്തിക്കുന്ന സുബൈദ കോംപ്ലക്സിലെ ഒന്നാം നിലയിലെ മലബാര്‍ ഫൈനാന്‍സ് ഉടമ കുപ്പായക്കോട് സ്വദേശി സജി കുരുവിളയെയാണ് ഇന്നലെ ഉച്ചയോടെ അജ്ഞാതന്‍ വധിക്കാന്‍ ശ്രമിച്ചത്.
ഗുരുതരമായി പരുക്കേറ്റ സജി കുരുവിളയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉച്ചയോടെ ചുവപ്പു ഷര്‍ട്ടിട്ട മെലിഞ്ഞ ശരീര പ്രകൃതമുള്ളയാള്‍ സ്ഥാപനത്തിലേക്ക് വരികയും സജി കുരുവിളയുടെ മുഖത്തേക്ക് മുളകുപൊടി വിതറുകയും ഇതേസമയം തന്നെ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
തീ പടര്‍ന്ന ശരീരവുമായി ഓടിയ സജി ബില്‍ഡിങ്ങിനു മുകളില്‍നിന്ന് താഴേക്കു ചാടുകയും താഴെനിലയിലെ കടകളുടെ ഷീറ്റുകളില്‍ തട്ടി മഴവെള്ളത്തിലേക്ക് വീഴുകയുമായിരുന്നു. ശരീരമാസകലവും പൊള്ളലേറ്റ സജിയെ ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഈ ബഹളങ്ങള്‍ക്കിടെ അക്രമി ബില്‍ഡിങ്ങിന് പിറകുവശത്തുകൂടി ഓടിരക്ഷപ്പെടുകയും ചെയ്തു. അക്രമിയുടേതെന്നു കരുതുന്ന ബൈക്കിന്റെ താക്കോലും ഹെല്‍മെറ്റും കൈയില്‍ കരുതിയിരുന്ന പെട്രോളും സംഭവ സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.
പത്തുവര്‍ഷത്തോളമായി സജി കൈതപ്പൊയിലിലെ ഒറ്റമുറി ഓഫിസില്‍ സ്വര്‍ണ പണയം സംബന്ധിച്ച ഇടപാടുകള്‍ നടത്തുന്ന സ്ഥാപനം നടത്തിവരികയാണ്. സംഭവം നടക്കുമ്പോള്‍ സ്ഥാപനത്തില്‍ മറ്റാരും ഉണ്ടായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."