മൊയ്തു മൗലവി സ്മാരകം; ചരിത്രശേഷിപ്പുകള്‍ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കും: കടന്നപ്പളി
കോഴിക്കോട്: സ്വാതന്ത്ര്യ സമര സേനാനി ഇ. മൊയ്തു മൗലവി ദേശീയ സ്മാരകത്തിലെ ചരിത്ര ശേഷിപ്പുകള്‍ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. ഇന്നലെ സ്മാരകത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മന്ത്രി എ. പ്രദീപ്കുമാര്‍ എം.എല്‍.എക്കൊപ്പം മൗലവിയുടെ ചരിത്രശേഷിപ്പുകള്‍ സൂക്ഷിച്ച സ്ഥലം സന്ദര്‍ശിച്ചിരുന്നു.
ചരിത്ര ശേഷിപ്പുകള്‍ അലക്ഷ്യമായി വച്ചതുമായി ബന്ധപ്പെട്ട വാര്‍ത്ത 'സുപ്രഭാതം' പ്രസിദ്ധീകരിച്ചിരുന്നു.
വാര്‍ത്തശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കലക്ടറുടെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെയും നേതൃത്വത്തില്‍ കേന്ദ്രം നടത്തിപ്പിനായി വേതനാടിസ്ഥാനത്തില്‍ ഒരാളെ നിയമിക്കുകയും ചരിത്ര ശേഷിപ്പുകള്‍ നശിക്കാതിരിക്കാനുള്ള നടപടിയും സ്വീകരിച്ചിരുന്നു. ഇതിന് ശേഷം ആദ്യമായാണ് വകുപ്പ് മന്ത്രി സ്മാരകം സന്ദര്‍ശിക്കുന്നത്. മൗലവി സ്വന്തം കൈപ്പടയില്‍ എഴുതിയ പുസ്തകങ്ങള്‍, എണ്‍പത് മുതല്‍ 95 വരെയുള്ള വിവിധ ഭാഷാപത്രങ്ങള്‍, ഇ.എം.എസ് മൗലവിക്ക് അയച്ച ആശംസാ കത്ത്, മൗലവിക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍, കൈയെഴുത്ത് പ്രതികള്‍, ഊന്നുവടി, തസ്ബീഹ് മാല എന്നിവയാണ് കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുന്നത്.
സ്മാരകത്തില്‍ മൗലവിയുടെ അമൂല്യരേഖകള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ പുരാരേഖ വകുപ്പ് തയാറാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. കൂടാതെ രാഷ്ട്രപിതാവിന്റെ സ്മരണകള്‍ നിലനിര്‍ത്തി കേരളത്തില്‍ അദ്ദേഹം സഞ്ചരിച്ച ചരിത്രസ്മാരകങ്ങളുടെ സംരക്ഷണത്തിനുള്ള പദ്ധതിക്ക് ഗാന്ധിജയന്തി ദിനത്തില്‍ തുടക്കം കുറിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."