പേപ്പര്‍ബോട്ട് തിയറ്റര്‍ കാര്‍ണിവലിന് തുടക്കമായി
കോഴിക്കോട്: നഗരത്തിന്റെ നാടകപ്പെരുമ വിളിച്ചോതി പേപ്പര്‍ബോട്ട് തിയറ്റര്‍ കാര്‍ണിവലിന് ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ തുടക്കമായി. കേരളത്തിലെ ഗ്രാമാന്തരങ്ങളെ വിസ്മയിപ്പിച്ച സൈക്കിള്‍ യജ്ഞ കലാകാരന്‍ കൊച്ചന്തോണിയുടെയും സംഘത്തിന്റെയും ജീവിത കഥയെ ഇതിവൃത്തമാക്കിയുള്ള 'ചരിത്രപുസ്തകത്തിലേക്കൊരേട് ' നാടകം ഇന്നലെ അരങ്ങേറി.
ഗ്രാമജീവിതത്തിന്റെ സായാഹ്നങ്ങളില്‍ വിസ്മയക്കാഴ്ചയൊരുക്കി അഭ്യാസ പ്രകടനങ്ങളാല്‍ സമൃദ്ധമാക്കിയ ഒരുപറ്റം കലാകാരന്‍മാരുടെ ജീവിതകഥയെ ഓര്‍മപ്പെടുത്തിയ നാടകം കോഴിക്കോട്ടെ നാടക പ്രേമികളുടെ കൈയടി നേടി. ഗ്രാമാന്തരങ്ങളില്‍നിന്ന് മറഞ്ഞുപോയ ഇത്തരം കലാകാരന്‍മാരുടെ ജീവിതം വരച്ചിട്ട ടി.വി കൊച്ചുബാവയുടെ ഉപന്യാസം എന്ന കൃതിയെ മുന്‍ നിര്‍ത്തിയാണ് നാടകം വേദിയിലെത്തിയത്.
ജെയിംസ് ഏലിയ രചിച്ച് ജോസ് കോശി സംവിധാനം ചെയ്ത നാടകം കാഴ്ചകളുടെ കുത്തൊഴുക്കില്‍ മങ്ങിപ്പോയ ഒരുപറ്റം സൈക്കിള്‍യജ്ഞ കലാകാരന്‍മാരുടെയും അപ്രസക്തരായ കലാകാരന്‍മാരുടെയും ചരിത്രത്തിലേക്കുള്ള അന്വേഷണം കൂടിയാണ്.
തൃശൂര്‍ ആസ്ഥാനമായുള്ള ഇന്‍വിസിബിള്‍ ലൈറ്റിങ് സൊലൂഷ്യന്‍ തിയറ്റര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് നാടകം അരങ്ങിലെത്തിയത്. ഇന്ന് വൈകിട്ട് ആറിന് നരിപ്പറ്റ രാജു സംവിധാനം ചെയ്ത് ചേര്‍പ്പ് നാടകപ്പുര അവതരിപ്പിക്കുന്ന തീയൂര്‍ രേഖകള്‍ നാടകം അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."