നാട്യങ്ങളില്ലാത്ത നാട്ടികക്കാരനെ നെഞ്ചേറ്റി നാട്ടുകാര്‍
തൃശൂര്‍: നാട്യങ്ങളില്ലാത്ത നാട്ടികക്കാരനെ നെഞ്ചേറ്റി നാട്ടുകാര്‍. നാട്ടിക മണ്ഡലത്തിന്റെ ഹൃദയവായ്പ്പുകള്‍ ഏറ്റുവാങ്ങി യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപന്റെ റോഡ് ഷോയില്‍ പങ്കെടുക്കാന്‍ നാട്ടുകാര്‍ ഒന്നാകെ ഒഴുകിയെത്തി.
ജനപക്ഷ രാഷ്ട്രീയത്തിന്റെ നായകനായി വികസനക്കുതിപ്പുകള്‍ നടത്തി എം.എല്‍.എ ആയിരുന്ന കാലത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ഹൃദയത്തിലേറ്റിയ ജനതക്ക് മുന്നില്‍ പ്രതാപനെന്നത് ഒരു സ്വന്തക്കാരനെ പോലെയായിരുന്നു.
എടമുട്ടത്ത് വച്ച് കുതിരയുടെ അകമ്പടിയോടെ ബൈക്ക് റാലിയോടെ ആരംഭിച്ച റോഡ്ഷോയില്‍ നൂറുക്കണക്കിന് പേര് പങ്കുകൊണ്ടു.
എസ്.എന്‍ സെന്ററിലെത്തുമ്പോള്‍ നാട്ടുകാര്‍ കണിക്കൊന്നയുംകൊട്ടയും പൂമാലയുമായി കാത്തുനിന്നു. റോഡ് ഷോ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. കാരയാവട്ടത്ത് ആവേശത്തിന്റെ അലയൊലി തീര്‍ത്ത് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ എത്തി. സ്ഥാനാര്‍ഥിയുടെ വിജയത്തിനായി ചുരുങ്ങിയ വാക്കുകളില്‍ അഭ്യര്‍ഥന നടത്തിയ മുനവ്വറലി തങ്ങള്‍ സ്ഥാനാര്‍ഥിക്കൊപ്പം റോഡ് ഷോയില്‍ പങ്കുകൊണ്ടു.
പച്ചത്തൊപ്പി അണിയിച്ചുകൊണ്ട് സ്ഥാനാര്‍ഥിയെ മുനവ്വറലി തങ്ങള്‍ തന്റെ സ്നേഹം പ്രകടിപ്പിച്ചു. തൊട്ടടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക് നീങ്ങവെ ആനവിഴുങ്ങിയിലെ സമരപ്പന്തലില്‍ കയറി സമരക്കാരോട് ഇരുവരും തങ്ങളുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വലപ്പാട് ചന്തപ്പടിയിലും വലപ്പാട് ബീച്ചിലും തളിക്കുളം സെന്ററിലും നാടിന്റെ വികാരവായ്പ്പുകളോടെയുള്ള സ്വീകരണമായിരുന്നു പ്രതാപന് ലഭിച്ചത്.
ബാന്റ് മേളങ്ങളും പടക്കങ്ങളുമായി നാടൊന്നായി ഒഴുകിയെത്തിയ റോഡ് ഷോ നാടിനെ ഇളക്കിമറിച്ചുകൊണ്ട് രാത്രിയോടെ തളിക്കുളം പഞ്ചായത്തിലെ ഏഷണിമുക്കില് പ്രചാരണം സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."