ഐ.സി.സിയില്‍ തിരിച്ചടിയേറ്റ് ബി.സി.സി.ഐ
ദുബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഭരണഘടനയിലെ മാറ്റവും പുതിയ സാമ്പത്തിക മോഡലും യാഥാര്‍ഥ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള യോഗത്തില്‍ ബി.സി.സി.ഐക്ക് തിരിച്ചടി. ഭരണഘടനയിലെ മാറ്റത്തിനും വരുമാന വിഹിതത്തിലെ വീതം വയ്പ്പിനും അനുകൂലമായി സ്ഥിരാംഗങ്ങള്‍ വോട്ടു ചെയ്തതാണ് ബി.സി.സി.ഐക്ക് തിരിച്ചടിയായത്.
ഭരണഘടനാപരമായ മാറ്റത്തിന് ഒന്നിനെതിരേ ഒന്‍പതു പേര്‍ വോട്ടുചെയ്തു. ഇന്ത്യ മാത്രമാണ് ഈ മാറ്റത്തെ എതിര്‍ത്ത് വോട്ടുചെയ്തത്. വരുമാന വിഹിതം പങ്കുവയ്ക്കുന്നതുമായി സംബന്ധിച്ച വോട്ടെടുപ്പില്‍ രണ്ടിനെതിരേ എട്ടു വോട്ടുകള്‍ക്ക് നിര്‍ദേശം പാസാക്കി. ഇന്ത്യയെ കൂടാതെ ശ്രീലങ്ക മാത്രമാണ് ഈ നിര്‍ദേശത്തെ എതിര്‍ത്തത്. അതേസമയം പുതിയ ഭേദഗതിയെ ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ബി.സി.സി.ഐ വ്യക്തമാക്കി. ഇക്കാര്യം പ്രത്യേക യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അംഗങ്ങള്‍ പറഞ്ഞു.
ബി.സി.സി.ഐയുടെ 570 മില്യണ്‍ വരുമാനം 290 മില്യണായി വെട്ടിച്ചുരുക്കുന്ന നിര്‍ദേശമാണിത്. ചാംപ്യന്‍ട്രോഫിയില്‍ നിന്ന് പിന്‍മാറുന്നതടക്കമുള്ള നടപടികളിലേക്ക് ഇന്ത്യ പോയേക്കുമെന്ന സൂചനയാണ് ഐ.സി.സി യോഗത്തിലെ വോട്ടെടുപ്പ് നല്‍കുന്നത്. ഇന്ത്യ, ആസ്‌ത്രേലിയ, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുകള്‍ ചേര്‍ന്നുണ്ടാക്കിയ പദ്ധതി പ്രകാരം 2015-23 കാലയളവില്‍ കിട്ടേണ്ട വിഹിതമായ 3660 കോടി രൂപയില്‍ ബി.സി.സി.ഐ വിട്ടുവീഴ്ച്ചയ്ക്കില്ലെന്നാണ് നേതൃത്വം സൂചിപ്പിക്കുന്നത്. ഐ.സി.സി ചെയര്‍മാന്‍ ശശാങ്ക് മനോഹറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പുതിയ മോഡലനുസരിച്ച് ഇന്ത്യയുടെ വിഹിതം 1860 കോടിയാണ്. ഇത് 2570 കോടിയായി ഉയര്‍ത്താമെന്ന് കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ മനോഹര്‍ പറഞ്ഞിരുന്നു . എന്നാല്‍ ഈ നിര്‍ദേശത്തോടും ബി.സി.സി.ഐക്ക് താല്‍പര്യമില്ല.
പുതിയ നിയമപ്രകാരം ക്രിക്കറ്റിലെ മറ്റ് വന്‍ ശക്തികളായ ആസ്‌ത്രേലിയക്കും ഇംഗ്ലണ്ടിനും കാര്യമായിട്ടുള്ള നഷ്ടം ഉണ്ടാവില്ല. കാരണം ജനപ്രിയതയുടെ കാര്യത്തില്‍ ഈ രണ്ടു രാജ്യങ്ങളേക്കാള്‍ മുന്നിലാണ് ഇന്ത്യയില്‍ ക്രിക്കറ്റ്. പുതിയ ചട്ടപ്രകാരം ആസ്‌ത്രേലിയക്ക് നേട്ടമോ കോട്ടമോ സംഭവിക്കില്ല. ഇംഗ്ലണ്ടിനാണെങ്കില്‍ 25 മില്യണ്‍ ഡോളറാണ് നഷ്ടം വരിക. ഇക്കാരണത്താല്‍ ഈ രണ്ടു രാജ്യങ്ങളും പുതിയ ഭേദഗതിയെ പിന്തുണയ്ക്കുകയായിരുന്നു. അതേസമയം സ്ഥിരാംഗങ്ങളുടെ പിന്തുണ നേടാന്‍ ഇന്ത്യക്ക് സാധിക്കാത്തത് വന്‍ തിരിച്ചടിയായി.
ഐ.സി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി, ഫിനാന്‍സ് കമ്മിറ്റി എന്നിവയില്‍ ഇന്ത്യക്ക് പ്രാതിനിധ്യമില്ലാത്തത് മനോഹറിന് കാര്യങ്ങള്‍ എളുപ്പത്തില്‍ നടത്തുന്നതിന് സഹായിക്കുകയും ചെയ്തു. ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ മനോഹറിനെ സഹായിച്ചതും വരുമാനം സംബന്ധിച്ച പ്രചാരണമായിരുന്നു. എന്നാല്‍ ഇന്ത്യ ചാംപ്യന്‍സ് ട്രോഫിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കില്‍ ഐ.സി.സിക്ക് സാമ്പത്തികമായും അതോടൊപ്പം ഏറെ പ്രതീക്ഷ വയ്ക്കുന്ന ടൂര്‍ണമെന്റിന്റെ തകര്‍ച്ചയ്ക്കും അത് ഇടയാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."