തീരദേശം കടന്ന് സമൂഹവ്യാപനം?
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തലസ്ഥാനത്തെ ഏഴു നഗരസഭാ കൗണ്‍സിലര്‍മാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ആശങ്കയില്‍ തലസ്ഥാനം. ഇന്നലെ മൂന്നു പേര്‍ക്കും ബുധനാഴ്ച നാലുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തീരദേശം കടന്ന് നഗരപ്രദേശങ്ങളിലേക്ക് സമൂഹവ്യാപനമുണ്ടായതിന്റെ തെളിവാണ് ജനപ്രതിനിധികളിലേക്കുള്ള കൊവിഡ് വ്യാപനം.
തിരുവനന്തപുരം കോര്‍പറേഷനിലെ തമ്പാനൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ ജയലക്ഷ്മി, വഞ്ചിയൂര്‍ കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു, ചെല്ലമംഗലം കൗണ്‍സിലര്‍ സി. സുദര്‍ശന്‍ എന്നിവര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. കൗണ്‍സിലര്‍മാരായ അലത്തറ അനില്‍കുമാര്‍ (ചെറുവയ്ക്കല്‍ വാര്‍ഡ്), എസ്.ആര്‍ രമ്യാ രമേശ് (പട്ടം), ഗീതാ ഗോപാല്‍ (മുട്ടട), ഹെലന്‍ (വാഴോട്ടുകോണം) എന്നിവര്‍ക്ക് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു.
സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായ ഇവരെ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റി. ഏഴു പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ നഗരസഭയുടെ ബാക്കി കൗണ്‍സിലര്‍മാര്‍ക്കും കൊവിഡ് പരിശോധന നടത്തും. നഗരസഭയിലെ ജീവനക്കാരിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നഗരത്തില്‍ ജനപ്രതിനിധികള്‍ക്ക് ആദ്യമായാണ് രോഗം സ്ഥിരീകരിക്കുന്നത്. ജനപ്രതിനിധികളായതിനാല്‍ തന്നെ ഇവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ എത്രപേരുണ്ടെന്നത് അന്വേഷിച്ചു വരികയാണ്. രോഗം സ്ഥിരീകരിച്ച ഒരാള്‍ സന്ദര്‍ശിച്ച കോര്‍പറേഷന്റെ ഉള്ളൂര്‍ സോണല്‍ ഓഫിസ് താല്‍കാലികമായി അടച്ചു.
തിരുവനന്തപുരത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്നലെ സ്ഥിരീകരിച്ച 222 പേരില്‍ 206 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. ഉറവിടമറിയാത്ത 16 പേരുമുണ്ട്. നഗരസഭാ കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ക്വാറന്റൈനില്‍ പോകേണ്ട സ്ഥിതി വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ചാല മാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ഗൗരവമായി കണ്ട് മാര്‍ക്കറ്റുകളും മറ്റു വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."