സഊദിയിൽ ബിനാമി ബിസിനസ് കേസിൽ മലയാളിക്ക് പിഴയും ആജീവനാന്ത വിലക്കോടെ നാടു കടത്തലും വിധിച്ചു
റിയാദ്: സഊദിയിൽ ബിനാമി ബിസിനസ് കേസിൽ മലയാളിക്ക് കനത്ത പിഴയും നാട് കടത്തലും വിധിച്ചു. സഊദിയിലെ അൽ ഖസീം പ്രവിശ്യയിലാണ് സ്വദേശിയുടെ പേരിൽ മലയാളി ബിനാമി ബിസിനസ് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് പിഴയും ആജീവനാന്ത വിലക്കോടെ നാട് കടത്തലും വിധിച്ചത്. സഊദി പൗരന്റെ പേരിൽ നടത്തി വന്ന കമ്പ്യൂട്ടർ, മൊബൈൽ ഷോപ്പ് സഊദി വാണിജ്യ മന്ത്രാലയം കണ്ടെത്തിയതിനെ തുടർന്നാണ് ഇദ്ദേഹത്തിനെതിരെ ബിനാമി ബിസിനസ് കേസ് ചുമത്തിയത്.
"التجارة" تشهِّر بوافد يدير منشأة لبيع أجهزة الكمبيوتر والاتصالات.#تستر_تجاري pic.twitter.com/iWf6EQVBEB
— وزارة التجارة (@MCgovSA) July 23, 2020
മലയാളിയുടെ പേരു വിവരവും ചെയ്ത കുറ്റ കൃത്യവും ശിക്ഷയും അടക്കമുള്ള വിവരങ്ങൾ വാണിജ്യ മന്ത്രാലയം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ശബീർ അലി മൊയ്‌തീൻ കുട്ടി എന്നയാളാണ് ബിനാമി ബിസിനസ് നടത്തിയതായി കണ്ടെത്തിയതെന്ന് മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ബുറൈദ ക്രിമിനൽ കോർട്ടാണു പ്രതിക്കെതിരെ നടപടികൾ സ്വീകരിച്ചത്. ബിനാമി ബിസിനസ് വിരുദ്ധ നിയമമനുസരിച്ചുള്ള പിഴക്ക് പുറമെ സ്ഥാപനം അടച്ച് പൂട്ടുകയും ലൈസൻസ് റദ്ദാക്കുകയും കൊമേഴ്സ്യൽ രെജിസ്റ്റ്രേഷൻ പിൻവലിക്കുകയും ചെയ്യും.
ഇതിനു പുറമെയാണ് ബിനാമി ബിസിനസ് നടത്തുന്ന വിദേശിയെ നാട് കടത്തുന്നത്. ഇയാൾക്കെതിരെയുള്ള വിധി പബ്ളിക് ആയി പ്രസിദ്ധീകരിക്കാനും കോടതി വിധിയിൽ പറയുന്നു. സഊദിയിൽ ബിനാമി ബിസിനസിനെതിരെ കർശനമായ നടപടിയാണ് അധികൃതർ കൈക്കൊള്ളുന്നത്. ഓരോ ഭാഗങ്ങളിലും ബിനാമി ബിസിനസ് കണ്ടെത്തുന്നതിനായി പ്രത്യേകം വിഭാഗം തന്നെ പ്രവർത്തിക്കുന്നുണ്ട്. ബിനാമി ബിസിനസ് തടയുന്നതിന് അടുത്ത കാലത്തായി പല നിയമങ്ങളും സഊദി പരിഷ്‌കരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."