തണല്‍ മരമായി ഡബ്ലിയു.എം.ഒ; ഇത്തവണ 43 യുവതികള്‍ സുമംഗലികളാവും
കല്‍പ്പറ്റ: അനാഥ ബാല്യങ്ങള്‍ക്ക് മലമുകളില്‍ അത്താണി തീര്‍ത്ത വയനാട് മുസ്‌ലിം ഓര്‍ഫനേജെന്ന തണല്‍ മരം ഇത്തവണ 43 യുവതികളെക്കൂടി മംഗല്ല്യവതികളാക്കുന്നു. ഡബ്ലിയു.എം.ഒക്ക് കീഴില്‍ നടന്നുവരുന്ന സ്ത്രീധന രഹിത വിവാഹ സംഗമത്തിലാണ് ഈ വിവാഹങ്ങള്‍ നടക്കുന്നത്.
ഈമാസം 18ന് നടക്കുന്ന 15ാമത് വിവാഹ സംഗമത്തില്‍ വ്യത്യസ്ത മതവിഭാഗങ്ങളിലെ 86 യുവതീ യുവാക്കളാണ് പുതുജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്നത്. വയനാടിന്റെ മത സാമുദായിക സ്‌നേഹ സൗഹാര്‍ദത്തിന്റെ വലിയ വേദിയാണ് ഡബ്ലിയു.എം.ഒ സ്ത്രീധന രഹിത വിവാഹസംഗമം. വ്യത്യസ്ത മത നേതാക്കളും പ്രസ്ഥാന നേതാക്കളും അനുയായികളുമാണ് ഇവിടെ ഒരേ പന്തലില്‍ സംഗമിക്കുന്നത്.
അങ്ങിനെ വിവാഹ സംഗമത്തിലൂടെ മതമൈത്രിയുടെ സന്ദേശവും പകര്‍ന്നു നല്‍കാന്‍ ഇവിടെ നടന്ന 14 വിവാഹ സംഗമങ്ങള്‍ക്കും സാധിച്ചിട്ടുണ്ട്. വിവിധ മതവിഭാഗങ്ങള്‍ ഒത്തുകൂടുന്ന ഡബ്ലിയു.എം.ഒ സ്്ത്രീധന രഹിത വിവാഹസംഗമം ഓരോവര്‍ഷവും മനുഷ്യസ്‌നേഹത്തിന്റെയും മതമൈത്രിയുടെയും ദേശസ്‌നേഹത്തിന്റെയും പ്രഖ്യാപനമായും മാറുകയാണ്.
കഴിഞ്ഞ 14 വര്‍ഷം കൊണ്ട് 1806 യുവതീ യുവാക്കളാണ് യതീംഖാനയുടെ തണല്‍പറ്റി ഇതിനകം കുടുംബജീവിതത്തിലേക്ക് നടന്നുകയറിയത്. സ്ത്രീധനമോ സാമ്പത്തിക ഉപാധികളോ ഇല്ലാത്ത വിവാഹ അപേക്ഷകരെയാണ് ഡബ്ലിയു.എം.ഒ സ്ത്രീധന രഹിത വിവാഹസംഗമത്തില്‍ ഉള്‍പ്പെടുത്തുന്നത്. ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് സ്‌ക്രീനിംഗ് കമ്മിറ്റി വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് തെരഞ്ഞെടുക്കുക. ഇതില്‍ വധുവിന് അഞ്ചുപവനും വരന് ഒരു പവനും സമ്മാനമായി നല്‍കും. വിവാഹ വസ്ത്രവും സദ്യയും പ്രഡഗംഭീരമായ ചടങ്ങും ഉദാരമതികളാണ് സ്‌പോണ്‍സര്‍ ചെയ്യുക. മുട്ടില്‍ കാംപസില്‍ സജ്ജമാക്കുന്ന ഷാമിയാനയില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ മുഖ്യ കാര്‍മികത്വത്തിലാണ് നിക്കാഹുകള്‍ നടക്കുക.
സഹോദര സമുദായത്തിലെ യുവതീ യുവാക്കളുടെ താലിക്കെട്ട് ജിദ്ദ ഹോസ്റ്റലില്‍ ഒരുക്കിയ കതിര്‍ മണ്ഡപത്തില്‍ രാവിലെ ഒന്‍പതിന് ശേഷമുള്ള ശുഭമുഹൂര്‍ത്തത്തില്‍ നടക്കും. ചടങ്ങില്‍ സമന്വയഗിരി ആശ്രമാധിപന്‍ സ്വാമി ആത്മദാസ് യമിധര്‍മപക്ഷ വിഷിഷ്ടാതിഥിയാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."