കൊടിഞ്ഞി ഫൈസല്‍ വധം; കുടുംബത്തിനെതിരേ സംഘ്പരിവാര്‍ വീണ്ടും രംഗത്തുവന്നത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് കാരണം
തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതികളോട് സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടായ മൃദുല സമീപനമാണ് ഫൈസലിന്റെ കുടുംബത്തിനെതിരേ വീണ്ടും രംഗത്തുവരാന്‍ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പ്രേരണയാകുന്നതെന്ന് വിമര്‍ശനം ഉയരുന്നു. കഴിഞ്ഞദിവസം ഫൈസലിന്റെ സഹോദരിയുടെ മക്കള്‍ക്കെതിരേ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വധഭീഷണിയുടെ പശ്ചാത്തലത്തിലാണ് ജനങ്ങള്‍ക്കിടയില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ പ്രതിഷേധം ശക്തമായത്.
സര്‍ക്കാരിന്റെ മൃദുല സമീപനം ആര്‍.എസ്.എസിന് വീണ്ടും അഴിഞ്ഞാടാനുള്ള അവസരമൊരുക്കുകയായിരുന്നു. ഈയിടെ കൊടിഞ്ഞി ചുള്ളിക്കുന്ന് ഭാഗങ്ങളില്‍ ഫൈസലിന്റെ ചിത്രമുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിക്കുകയും പരസ്യമായി കൊലവിളിനടത്തും വിധമുള്ള ബോര്‍ഡ് ആര്‍.എസ്.എസുകാര്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.
2016 നവംബര്‍ 19നാണ് കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വച്ച് പുല്ലാണി ഫൈസലിനെ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിച്ചത്. എന്നാല്‍ പ്രതികള്‍ക്ക് താമസസൗകര്യം ഒരുക്കിയവര്‍ക്കെതിരേയും ഫൈസലിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ നന്നമ്പ്ര മേലേപ്പുറം സരസ്വതി വിദ്യാനികേതന്‍, തിരൂരിലെ സംഘ് മന്ദിര്‍, പ്രതികള്‍ വാഹനം സൂക്ഷിച്ച കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ സ്ഥാപനം എന്നിവക്കെതിരേ യാതൊരു നടപടിയുമുണ്ടായില്ല.
തിരൂരിലെ ആര്‍.എസ്.എസ് കാര്യാലയമാണ് കൊലപാതകത്തില്‍ കേന്ദ്ര ബിന്ദുവായി പ്രവര്‍ത്തിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കേസിലെ മുഖ്യസൂത്രധാരനും ആര്‍.എസ്.എസ് നേതാവുമായ മഠത്തില്‍ നാരായണന്‍ പ്രതികള്‍ക്ക് നിര്‍ദേശങ്ങള്‍ കൈമാറിയതും കൊലപാതകത്തിന് ശേഷം പ്രതികള്‍ രക്തം കഴുകിക്കളഞ്ഞതും വസ്ത്രങ്ങള്‍ കത്തിച്ചതുമെല്ലാം ഇവിടെവച്ചാണെന്നും ശാസ്ത്രീയമായി തെളിഞ്ഞിരുന്നു. കാര്യങ്ങള്‍ പകല്‍ വെളിച്ചം പോലെ വ്യക്തമായിട്ടും ഈ സ്ഥാപനങ്ങള്‍ക്കെതിരേ നടപടിക്ക് സര്‍ക്കാര്‍ മുതിര്‍ന്നില്ല. മഠത്തില്‍ നാരായണന്‍, ബി.ജെ.പി നേതാവ് കോട്ടശ്ശേരി ജയകുമാര്‍, കൊലയാളി സംഘത്തിലെ ബിബിന്‍ എന്നിവരെ രണ്ട് മാസത്തിലധികം ഒളിവില്‍ താമസിക്കാന്‍ സഹായിച്ചവര്‍ക്കെതിരേയും നടപടിയുണ്ടായില്ല. ഇവര്‍ ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും സംസ്ഥാനതല നേതാക്കളായതുകൊണ്ട് തന്നെ സംസ്ഥാന-ജില്ലാ നേതാക്കളുടെ പൂര്‍ണ പിന്തുണയിലാണ് ഒളിവില്‍ പോയതെന്ന് വ്യക്തമായ സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. എന്നിട്ടും സര്‍ക്കാര്‍ഭാഗത്തുനിന്ന് നീതി നടപ്പായില്ല. തുടക്കം മുതല്‍ സര്‍ക്കാരും ചില പൊലിസ് ഉദ്യോഗസ്ഥരും കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയിരുന്നു. ജനകീയ സമരങ്ങളെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്.
ഗൂഢാലോചന നടത്തിയതിന് വ്യക്തമായ തെളിവ് ലഭിച്ച മൂന്ന് ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ക്കെതിരേയുള്ള നടപടികളടക്കം ബാക്കിയിരിക്കെയാണ് ക്രൈംബ്രാഞ്ചിന് സര്‍ക്കാര്‍ മൂക്കുകയറിട്ടത്. മാത്രമല്ല അന്വേഷണം പൂര്‍ത്തിയാകും മുന്‍പ് പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പറയാന്‍ പോലും അന്ന് സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍ തയാറായില്ല എന്നതും ചര്‍ച്ചയായിരുന്നു.
കുടുംബത്തിനെതിരേ കൊലവിളി; കേസെടുത്തു
തിരൂരങ്ങാടി: ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയ കൊടിഞ്ഞി പുല്ലാണി ഫൈസലിന്റെ സഹോദരിയുടെ മക്കളെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പൊലിസ് കേസെടുത്തു. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊടിഞ്ഞി ഫാറുഖ് നഗര്‍ പൊന്നാട്ടില്‍ ബൈജുവിനെതിരേയാണ് തിരൂരങ്ങാടി പൊലിസ് കേസെടുത്തത്. ഫൈസലിന്റെ മരണത്തോടെ ഇസ്‌ലാം മതം സ്വീകരിച്ച ഇളയ സഹോദരിയുടെ മക്കളെയാണ് കഴിഞ്ഞ ദിവസം ബൈജു ഭീഷണിപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം രാത്രി പള്ളിയില്‍ ഇവര്‍ നിസ്‌കാരം കഴിഞ്ഞ് തിരിച്ച് വരുമ്പോള്‍ 'ഇനി ഇവിടെ കണ്ടാല്‍ കൊന്നുകളയുമെന്നും, നിന്നെയും വീട്ടുകാരെയും വേരോടെ പിഴുതെറിയുമെന്നും' മൂത്ത മകനോട് ബൈജു വധ ഭീഷണി മുഴക്കിയതായി ഫൈസലിന്റെ സഹോദരിയും മകനും തിരൂരങ്ങാടി പൊലിസിന് പരാതി നല്‍കിയിരുന്നു.
ഫൈസല്‍ വധക്കേസിലെ മുഖ്യ പ്രതികളിലൊരാളും, ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ വിനോദിന്റെ മക്കളാണ് കുട്ടികള്‍. സംഭവശേഷം ഫൈസലിന്റെ മാതാപിതാക്കളും സഹോദരിമാരും അവരുടെ മക്കളും മൂത്ത സഹോദരിയുടെ ഭര്‍ത്താവുമടക്കം പത്തോളം പേര്‍ ഇസ്‌ലാം മതം സ്വീകരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."