പോരാട്ടത്തിന്റെ മതേതര മുഖം
ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറും കെ.സി.എച്ച്.ആര്‍ ഡയരക്ടറുമായിരുന്ന കെ.എന്‍ പണിക്കര്‍ ഇംഗ്ലീഷില്‍ എഴുതി അതേ യൂനിവേഴ്‌സിറ്റിയിലെ ഫിലോസഫി അധ്യാപകനായ എ.ബി കോശി വിവര്‍ത്തനം ചെയ്ത ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകമാണ് 'മലബാര്‍ കലാപം: പ്രഭുത്വത്തിനും രാജവാഴ്ചയ്ക്കുമെതിരേ' എന്നത്. 'മാപ്പിള ചെറുത്തുനില്‍പ്പുകളെക്കുറിച്ച് എനിക്ക് ആദ്യമായി പറഞ്ഞു തന്ന എന്റെ അമ്മയുടെ സ്മരണയ്ക്ക് ' എന്നാണ് പണിക്കര്‍ പുസ്തകത്തെ സമര്‍പ്പിക്കുന്നത്. പണിക്കര്‍ എഴുതുന്നു: 'ഏറനാടിന്റെ കിഴക്കു ദിക്കില്‍ നേതൃത്വം ഏറ്റെടുത്ത് താന്‍ ഹിന്ദുക്കളുടെ രാജാവും മുസ്‌ലിംകളുടെ അമീറും ഖിലാഫത്ത് സേനയുടെ കേണലുമാണെന്നാണ് വാരിയംകുന്നത്ത് പ്രഖ്യാപിച്ചത് ' (പേജ്: 206).
'ഗവണ്‍മെന്റിന് നികുതിയും ജന്മിമാര്‍ക്ക് പാട്ടവും കൊടുക്കുന്നത് കുടിയാന്മാരും കര്‍ഷകരും അവസാനിപ്പിക്കണമെന്ന് നിര്‍ദേശമുണ്ടായി... കാണക്കുടിയായ്മ നിര്‍ത്തലാക്കിയെന്നും ഭൂമി കൈവശം വെച്ചിരിക്കുന്ന കുടിയാന്മാരെല്ലാം ഇനി മുതല്‍ ജന്മിമാരാണെന്നും കുഞ്ഞു മുഹമ്മദ് ഹാജി പ്രഖ്യാപിക്കുകയുണ്ടായി... കൊള്ള ചെയ്യപ്പെട്ട മുതല്‍ തിരിച്ചുപിടിച്ച് ഉടമസ്ഥരെ ഏല്‍പ്പിക്കാനും ഇവര്‍ മറന്നില്ല. ഹിന്ദു ഭൂവുടമകളുടെ മുതല്‍ സംരക്ഷിക്കുന്നതിന് ആഗസ്റ്റ് 31ാം തിയ്യതി അറസ്റ്റു ചെയ്യപ്പെടുന്നതുവരേയും ആലി മുസ്ലിയാര്‍ ക്രമീകരണങ്ങള്‍ ചെയ്തിരുന്നു. തിരൂരങ്ങാടി ഭാഗത്തെ ഹൈന്ദവ ഭൂവുടമകളെ കവര്‍ച്ചയില്‍ നിന്നും രക്ഷിക്കുന്നതിന് ഇത് സഹായകമായി. ഇക്കാര്യത്തില്‍ കുഞ്ഞഹമ്മദ് ഹാജി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആഗസ്റ്റ് 24ന് മഞ്ചേരിയില്‍ വെച്ച് അദ്ദേഹം ഹിന്ദു കുടുംബങ്ങള്‍ക്ക് സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പു നല്‍കുന്ന ഒരു പ്രഖ്യാപനം നടത്തുകയുണ്ടായി... മഞ്ചേരിയിലുള്ള നമ്പൂതിരി ബാങ്കില്‍ നിന്നും കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണ്ണാഭരണങ്ങള്‍ മടക്കി കൊടുപ്പിക്കുക വഴി ഹിന്ദുക്കളുടെ വിശ്വാസം നേടാനാണ് അദ്ദേഹം ശ്രമിച്ചത്. കവര്‍ച്ചകള്‍ക്ക് തടയിടാനായി ഇദ്ദേഹം മുന്നോട്ടുവരികയും കുറ്റവാളികളെ മുഖം നോക്കാതെ ശിക്ഷിക്കുകയും ചെയ്തു... നിര്‍ബന്ധിച്ചു മതപരിവര്‍ത്തനം നടത്തുന്നതും ആലി മുസ്ലിയാരും കുഞ്ഞഹമ്മദ് ഹാജിയും എതിര്‍ത്തു' (പേജ്: 208, 209).
തുവൂരിലെ കൊലയെ കുറിച്ച് കെ.എന്‍ പണിക്കര്‍ പറയുന്നതിങ്ങനെ: 'ഹിന്ദുക്കളും മാപ്പിളമാരും ഉള്‍പ്പെടെയുള്ള തുവൂര്‍ ഗ്രാമക്കാര്‍ പട്ടാളത്തിന് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തതാണ് കലാപകാരികളുടെ കോപം ക്ഷണിച്ചുവരുത്താന്‍ കാരണം. പട്ടാളം നീങ്ങിയ ഉടന്‍ തന്നെ കലാപകാരികള്‍ തുവൂരെത്തി. 34 ഹിന്ദുക്കളേയും 2 മാപ്പിളമാരേയും നിരത്തി നിര്‍ത്തി കൊല ചെയ്ത ശേഷം ശരീരങ്ങള്‍ കിണറ്റിലെറിഞ്ഞു ... പോലീസിനെ സഹായിച്ച കൊടക്കല്‍ ദേശത്തെ ക്രിസ്ത്യാനികള്‍ക്കും ഇതേ പോലുള്ള ഭവിഷ്യത്താണ് കലാപകാരികളുടെ കൈയില്‍ നിന്നും നേരിടേണ്ടി വന്നത്... നേതൃത്വത്തെ അംഗീകരിക്കാത്തവരാണ് ചിലയിടങ്ങളില്‍ നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തിയത്. ആലി മുസ്ലിയാര്‍, ചെമ്പ്രശ്ശേരി തങ്ങള്‍, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയ പ്രമുഖരായ ഒരു നേതാവ് പോലും ഇത്തരം പ്രവര്‍ത്തനങ്ങളുമായി (കൂട്ടകൊല, നിര്‍ബന്ധ മതപരിവര്‍ത്തനം) ബന്ധപ്പെട്ടില്ല. നിര്‍ബന്ധ മതപരിവര്‍ത്തനത്തെ എതിര്‍ക്കുകയാണ് യഥാര്‍ത്ഥത്തില്‍ ഇവര്‍ ചെയ്തത്' (പേജ്: 228, 229).
എന്നാല്‍, വഴിവിട്ട ചിലര്‍ നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തിയ കാരണവും പണിക്കര്‍ പറയുന്നുണ്ട്: 'കൊന്നാര തങ്ങന്മാരെ മാപ്പിളമാര്‍ വളരെ ആദരിച്ചിരുന്നു. കലാപത്തിന്റെ ആരംഭ ഘട്ടത്തില്‍ ഇവര്‍ ധാരാളം ഹിന്ദുക്കളെ കലാപ സംഘങ്ങളുടെ ആക്രമങ്ങളില്‍ നിന്നും രക്ഷിക്കുകയുണ്ടായി. പിന്നീട് പോലീസും പട്ടാളവും പക്ഷഭേദമില്ലാതെ എല്ലാ മാപ്പിളമാരെയും ശിക്ഷിക്കാന്‍ തുടങ്ങിയപ്പോള്‍ പോലീസുകാരോട് ചേര്‍ന്ന് കൊണ്ട് ഒരു സംഘം ഹിന്ദുക്കള്‍ ഈ കുടുംബത്തിലെ വലിയ തങ്ങളെ അപമാനിക്കാന്‍ മുതിര്‍ന്നു. ഇവര്‍ ഇദ്ദേഹത്തിന്റെ മത ഗ്രന്ഥങ്ങള്‍ക്ക് തീവെച്ചു. നെറ്റിയില്‍ ഭസ്മക്കുറി വരപ്പിച്ചു. ഹൈന്ദവ മതഗ്രന്ഥങ്ങള്‍ ബലാല്‍ക്കാരമായി ഉച്ചരിപ്പിച്ചു. ഇതിന് പ്രതികാരമായി ചില മാപ്പിളമാര്‍ ഹിന്ദുക്കളെ നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തി പ്രതികാരം നിര്‍വഹിച്ചു' (പേജ്: 230).
എന്നാല്‍, അക്കാലത്തെ സ്വമേധയായുള്ള മതംമാറ്റവും അതിലേക്ക് നയിച്ച ഘടകങ്ങളും ജാതീയതയും ജന്മിത്വത്തിന്റെ മേധാവിത്വവുമാണെന്നും ജന്മിത്വത്തോട് നേരിടാനും കീഴ്ജാതിക്കാര്‍ക്ക് മനുഷ്യനെ പോലെ ജീവിക്കാനുള്ള സ്വാതന്ത്ര്യവും കുടിയാന്മാര്‍ക്ക് കൃഷി ഭൂമിയില്‍ അവകാശം നേടുന്നതിനും മാപ്പിളയാവുകയാണ് ഏക വഴി എന്ന് കണ്ടാണ് കീഴ്ജാതിക്കാര്‍ മതം മാറി മാപ്പിളയായത് എന്ന് പണിക്കര്‍ 233, 234 പേജുകളില്‍ വിശദീകരിക്കുന്നു. ശ്രീജന്‍ എന്ന എഴുത്തുകാരന്‍ പറഞ്ഞത് പോലെ മതപരിവര്‍ത്തനം അന്ന് കീഴ്ജാതിക്കാരുടെ നവോത്ഥാനമായിരുന്നു.
1921 ഓഗസ്റ്റ് 24ന് മഞ്ചേരിയില്‍വച്ച് എം.പി നാരായണമേനോന്‍ മാപ്പിളമാരോട് പ്രസംഗിച്ചത് ഇങ്ങനെയാണ്: 'വെള്ളക്കാരുടെ ഭരണം അവസാനിച്ചു. മാപ്പിളമാരുടെ ഭരണം തുടങ്ങി. മാപ്പിളമാര്‍ ഉശിരന്മാരാണെന്ന് പണ്ടേ എല്ലാര്‍ക്കുമറിയാം. തിരൂരങ്ങാടിയില്‍ ഒറ്റക്കെട്ടായി നിന്ന് പൊരുതി നമ്മള്‍ വെള്ളക്കാരെ തോല്‍പ്പിച്ചോടിച്ചു. നമ്മള്‍ യോജിച്ചു നിന്ന് പൊരുതിയാല്‍ വെള്ളക്കാരെ നമുക്ക് ഇന്ത്യാ രാജ്യത്തു നിന്നും തുരത്തി വിടാം. വെള്ളക്കാര്‍ക്ക് കുറച്ചു പട്ടാളക്കാരേ ഉള്ളൂ. നമ്മള്‍ക്ക് കോടിക്കണക്കിന് ആള്‍ക്കാരുണ്ട്. കുറച്ചു ദിവസങ്ങളോളം നമ്മള്‍ പട്ടാളക്കാരെ ചെറുത്തുനിന്നാല്‍ നമുക്ക് പുറം രാജ്യങ്ങളില്‍ നിന്ന് സഹായം എത്തിച്ചേരുന്നതാണ്. അത്തരം ചെറുത്ത് നില്‍പ്പ് നിങ്ങള്‍ ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഖിലാഫത്തിന് എതിര് നില്‍ക്കുന്നവര്‍ നമ്മുടെ ശത്രുക്കളാണ്. അവരെ നമ്മള്‍ വെറുതെ വിടരുത് ' എന്നദ്ദേഹം മാപ്പിളമാരോട് പ്രസംഗിച്ചെന്ന് പ്രൊഫ: എം.പി.എസ് മേനോന്‍ 'മലബാര്‍ സമരം'ത്തില്‍ (പേജ്: 148) രേഖപ്പെടുത്തുന്നു.
വാരിയംകുന്നത്തിന്റെ ദേശീയബോധം അടയാളപ്പെടുത്താന്‍ അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു പ്രസംഗം മതി. ബ്രിട്ടിഷ് അനുകൂലിയായ ഖാന്‍ ബഹാദൂര്‍ ചേക്കുട്ടി എന്ന മാപ്പിളയുടെ തലയറുത്ത് കുന്തത്തില്‍ നാട്ടി മഞ്ചേരിയില്‍ കുഞ്ഞഹമ്മദ് ഹാജി നടത്തിയ പ്രഖ്യാപനം വിപ്ലവ സര്‍ക്കാരിന്റെ (വാരിയംകുന്നത്ത് സ്ഥാപിച്ച 'മലയാള രാജ്യം') മാര്‍ഷല്‍ ലോ ആയാണ് കണക്കാക്കുന്നത്. അത് ഇങ്ങനെയാണ്: 'ഏറനാട്ടുകാരേ, നമ്മള്‍ കഷ്ടപ്പെട്ടിരിക്കുന്നു. അന്യരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവരായി തീര്‍ന്നിരിക്കുന്നു. ബ്രിട്ടീഷ് ഗവണ്‍മെന്റാണതിനു കാരണം. അതിനെ നമുക്ക് ഒടുക്കണം. എല്ലാ കഷ്ടപ്പാടുകളും നീക്കണം. ആയുധമെടുത്ത് പോരാടേണ്ട സ്ഥിതിയിലെത്തിയിരിക്കുന്നു. (വധശിക്ഷ നടപ്പിലാക്കപ്പെട്ട ചേക്കുട്ടി സാഹിബിന്റെ തല ചൂണ്ടിക്കൊണ്ട്) ആനക്കയത്തെ പോലീസ്, ബ്രിട്ടന്റെ ഏറനാട്ടിലെ പ്രതിനിധി ചേക്കുട്ടിയുടെ തലയാണിത്. ബ്രിട്ടിഷുകാരോട് കളിക്കണ്ട, ജന്മിമാരോട് കളിക്കണ്ട എന്നും മറ്റും പറഞ്ഞ് ഇവര്‍ നമ്മളെ ഭീഷണിപ്പെടുത്തി. നമുക്കെതിരായി പ്രവര്‍ത്തിക്കുമെന്ന് ശപഥം ചെയ്തു. അതിനാണിത് അനുഭവിച്ചത്. നിങ്ങള്‍ എന്ത് പറയുന്നു എന്ന് എനിക്കറിയണം. ഞാന്‍ ചെയ്തത് തെറ്റാണെങ്കില്‍ എന്നെ ഇവിടെയിട്ട് കൊല്ലണം. (ഇല്ല നിങ്ങള്‍ ചെയ്തത് ശരിയാണ് ജനക്കൂട്ടം ആര്‍ത്തുവിളിച്ചു). ഞാന്‍ ഇന്നലെ ഒരു വിവരമറിഞ്ഞു; ഇത് ഹിന്ദുക്കളും മുസല്‍മാന്മാരും തമ്മിലുള്ള യുദ്ധമാണെന്ന് പുറം രാജ്യങ്ങളില്‍ പറഞ്ഞുപരത്തുന്നുണ്ടത്രേ. വെള്ളക്കാരും അവരുടെ സില്‍ബന്ദികളായ ആനക്കയം ചേക്കുട്ടിയെപ്പോലുള്ളവരും, പടച്ചവന്റെ സൃഷ്ടികളെ നാലു ജാതിയാക്കിത്തിരിച്ചത് ദൈവം ചെയ്തതാണെന്ന് കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് ഭൂരിപക്ഷം മനുഷ്യരേയും അടിമകളാക്കിയ ജന്മിമാരും ചേര്‍ന്നാണ് ഇങ്ങനെ പറഞ്ഞു പരത്തുന്നത്. നമുക്ക് ഹിന്ദുക്കളോട് പകയില്ല. എന്നാല്‍ ബ്രിട്ടീഷ് ഗവണ്മെന്റിനെ സഹായിക്കുകയോ, ദേശത്തെ ഒറ്റുകൊടുക്കുകയോ ചെയ്യുന്നവര് ആരായിരുന്നാലും നിര്‍ദ്ദയമായി അവരെ ശിക്ഷിക്കും. ഹിന്ദുക്കള്‍ നമ്മുടെ നാട്ടുകാരാണ്. അനാവശ്യമായി ഹിന്ദുക്കളെ ആരെങ്കിലും ദ്രോഹിക്കുകയോ സ്വത്ത് കവരുകയോ ചെയ്താല്‍ ഞാന്‍ അവരെ ശിക്ഷിക്കും. ഇത് മുസല്‍മാന്മാരുടെ രാജ്യമാക്കാന്‍ ഉദ്ദേശ്യമില്ല. എനിക്കു മറ്റൊന്നു പറയാനുണ്ട്. ഹിന്ദുക്കളെ ഭയപ്പെടുത്തരുത്. അവരുടെ അനുവാദമില്ലാതെ അവരെ ദീനില്‍ ചേര്‍ക്കരുത്. അവരുടെ സ്വത്തുക്കള്‍ അന്യായമായി നശിപ്പിക്കരുത്. അവരും നമ്മേപ്പോലെ കഷ്ടപ്പെടുന്നവരാണ്. ഹിന്ദുക്കളെ നമ്മള്‍ ദ്രോഹിച്ചാല്‍ അവര്‍ ഈ ഗവണ്മെന്റിന്റെ ഭാഗം ചേരും, അതു നമ്മുടെ തോല്‍വിക്ക് കാരണമാവും. ആരും പട്ടിണി കിടക്കരുത്. പരസ്പരം സഹായിക്കുക. തല്‍ക്കാലം കൈയിലില്ലാത്തവര്‍ ചോദിച്ചാല്‍, ഉള്ളവര്‍ കൊടുക്കണം. കൊടുക്കാതിരുന്നാല്‍ ശിക്ഷിക്കപ്പെടും. കൃഷി നടത്തണം. അതുകൊണ്ട് കുടിയാന്മാരെ ദ്രോഹിക്കരുത്. പണിയെടുക്കുന്നവര്‍ക്ക് ആഹാരം നല്‍കണം. അവര്‍ വിയര്‍പ്പൊഴുക്കി അധ്വാനിക്കുന്നതിന്റെ ഫലം അവര്‍ക്കും അവരുടെ കുടുംബത്തിനും ലഭിക്കണം. വേണ്ടിവന്നാല്‍ നാടിനുവേണ്ടി യുദ്ധം ചെയ്ത് മരിക്കാന്‍ നാം തയ്യാറാണ്, ഇന്‍ശാ അല്ലാഹ്' (ഉദ്ധരിച്ചത്: സര്‍ദാര്‍ ചന്ത്രോത്ത്. ദേശാഭിമാനി 1946 ഓഗസ്റ്റ് 25). വാരിയംകുന്നത്തിന്റെ ഭരണ പ്രദേശത്ത് 'ഹിന്ദു വീടുകള്‍ക്ക് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ഹിന്ദു സ്ത്രീകളെ മഞ്ചലില്‍ എടുത്ത് വീട്ടില്‍ എത്തിച്ച് കൊടുത്ത സംഭവങ്ങള്‍വരേ ഉണ്ടായിട്ടുണ്ട്' (കെ.പി കേശവമേനോന്‍. കഴിഞ്ഞ കാലം എന്ന കൃതിയില്‍).
1922 ജനുവരി 20 ഉച്ചയ്ക്ക് മലപ്പുറം മഞ്ചേരി റോഡിന്റെ ഒന്നാം മൈലിനടുത്ത വടക്കേ ചരിവില്‍ (കോട്ടക്കുന്ന്) വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയേയും രണ്ട് സഹായികളെയും വധശിക്ഷക്ക് വിധേയമാക്കി. കോട്ടും തലപ്പാവും ധരിച്ച് കസേരയില്‍ ഇരുന്ന ഹാജിയുടെ രണ്ടുകൈകളും പിന്നോട്ട് പിടിച്ചു കെട്ടിയ ശേഷം കസേരയടക്കം ദേഹവും വരിഞ്ഞുമുറുക്കി. വധശിക്ഷ നടപ്പാക്കുമ്പോള്‍ ഹാജിയാര്‍ പറഞ്ഞു:'നിങ്ങള്‍ കണ്ണ് കെട്ടി പിറകില്‍നിന്ന് വെടിവെച്ചാണല്ലോ കൊല്ലാറ്. എന്നാല്‍, എന്റെ കണ്ണുകള്‍ കെട്ടാതെ, ചങ്ങലകള്‍ ഒഴിവാക്കി മുന്നില്‍നിന്ന് വെടിവെക്കണം. എന്റെ ജീവിതം നശിപ്പിക്കുന്ന വെടിയുണ്ടകള്‍ വന്നു പതിക്കേണ്ടത് എന്റെ നെഞ്ചിലായിരിക്കണം. അതെനിക്ക് കാണണം, ഈ മണ്ണില്‍ മുഖം ചേര്‍ത്ത് മരിക്കണം' എന്ന് ഹാജി ആവശ്യപ്പെട്ടു' ( ഹിച്ച്‌കോക്ക്. മലബാര്‍ റിബല്യന്‍.പേ: 102). അന്ത്യാഭിലാഷം അംഗീകരിച്ചു കണ്ണുകെട്ടാതെ നെഞ്ചിലേക്ക് വെടിയുതിര്‍ത്ത് ഹാജിയുടെ വധശിക്ഷ ബ്രിട്ടിഷ് പട്ടാളം നടപ്പില്‍വരുത്തി. മറവു ചെയ്താല്‍ പുണ്യപുരുഷന്മാരായി ചിത്രീകരിച്ചു നേര്‍ച്ചകള്‍ പോലുള്ള അനുസ്മരണങ്ങള്‍ ഉണ്ടാകുമെന്ന ഭയം കാരണം ഹാജിയുടേതടക്കം മുഴുവന്‍ പേരുടെയും മൃതദേഹങ്ങള്‍ വിറകും മണ്ണെണ്ണയും ഒഴിച്ച് കത്തിച്ചു കളഞ്ഞു. കൂട്ടത്തില്‍ വിപ്ലവ സര്‍ക്കാരിന്റെ മുഴുവന്‍ രേഖകളും അഗ്നിക്കിരയാക്കി.
അവസാനിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."