കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ ആദ്യമായി ബഹ്‌റൈനില്‍; പൗരസ്വീകരണവും സ്‌നേഹസംഗമവും ശനിയാഴ്ച
മനാമ: കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി ബഹ്‌റൈനിലെത്തി. ബഹ്‌റൈനിലെ ദക്ഷിണ കേരള മഹല്ലുകളുടെ സംയുക്ത കൂട്ടായ്മയായ മൈത്രി സോഷ്യല്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സ്‌നേഹസംഗമത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം പ്രധാനമായും ബഹ്‌റൈനിലെത്തിയത്.
ഇതോടനുബന്ധിച്ച് ബഹ്‌റൈനിലെ വിവിധ മുസ്‌ലിം സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ അദ്ദേഹത്തിന് പൗര സ്വീകരണവും സംഘടിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി 7.30 ന് ബഹ്‌റൈന്‍ കേരളീയ സമാജത്തിലാണ് പൗരസ്വീകരണവും സ്‌നേഹസംഗമവും ഒരുക്കിയിരിക്കുന്നത്. ചടങ്ങില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും.
ഹജ്ജ് കമ്മറ്റി ചെയര്‍മാനായതിനു ശേഷം ആദ്യമായാണ് തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി ബഹ്‌റൈനിലെത്തുന്നത്. മുന്‍ ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാരുടെ വിയോഗത്തിനു ശേഷം രണ്ടുമാസം മുമ്പാണ് അദ്ദേഹം ഹജ്ജ് കമ്മറ്റി ചെയര്‍മാനായത്.
വ്യാഴാഴ്ച ഉച്ചയോടെ ബഹ്‌റൈനിലെത്തിയ തൊടിയൂര്‍ ഉസ്താദിനെ സ്വീകരിക്കാന്‍ ബഹ്‌റൈനിലെ വിവിധ പ്രവാസി മുസ്‌ലിം സംഘടനാ നേതാക്കളും മൈത്രി ഭാരവാഹികളും എയര്‍പോര്‍ട്ടിലെത്തിയിരുന്നു.
വെള്ളിയാഴ്ച ബഹ്‌റൈനിലെ വിവിധ മുസ്‌ലിം സംഘടനാ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. പൗരസ്വീകരണ പരിപാടിയിലേക്ക് വാഹനസൗകര്യം ആവശ്യമുള്ളവര്‍ 0097333620917/ 33057631/ 39533273 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."