മോദിക്ക് കനത്ത സുരക്ഷ; സംസാരിച്ചത് 40 മിനുട്ട്
കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോഴിക്കോട് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഏര്‍പ്പെടുത്തിയത് കനത്ത സുരക്ഷ. കര്‍ണാടകയിലെ ഹുബ്ലിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഇന്നലെ രാത്രി 6.20നാണ് പ്രധാനമന്ത്രി കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് കനത്ത സുരക്ഷയില്‍ കാര്‍ മാര്‍ഗം കോഴിക്കോട്ടേക്ക് എത്തി.
7.20ന് കോഴിക്കോട് കടപ്പുറത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ എത്തിയ പ്രധാനമന്ത്രി 40 മിനുട്ടാണ് പ്രസംഗിച്ചത്. വേദിയില്‍ ഉണ്ടായിരുന്ന പാലക്കാട്, ആലത്തൂര്‍, പൊന്നാന്നി, മലപ്പുറം, കോഴിക്കോട്, വയനാട്, വടകര, കണ്ണൂര്‍, കാസര്‍കോട് എന്നീ മണ്ഡലങ്ങളിലെ എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ പ്രധാനമന്ത്രിയെ ഹാരമണിയിച്ചു.
ഉത്തരമേഖലാ എ.ഡി.ജി.പി ഷെയ്ഖ് പര്‍വേഷ് സാഹിബ്, കണ്ണൂര്‍ റേഞ്ച് ഐ.ജി എം.ആര്‍ അജിത് കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ കോഴിക്കോട് സിറ്റി പൊലിസ് കമ്മിഷണര്‍ എ.വി ജോര്‍ജായിരുന്നു സുരക്ഷാ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. കമാന്‍ഡോകളും സായുധ സേനാ വിഭാഗങ്ങളും ഉള്‍പ്പെടെ 2000 പൊലിസുകാരെയാണ് കോഴിക്കോട് വിന്യസിപ്പിച്ചത്. 10 എസ്.പിമാരുടെ നേതൃത്വത്തിലായിരുന്നു സുരക്ഷ.
1700 പൊലിസുകാരും 150 വനിതാ പൊലിസുകാരുമായിരുന്നു നഗരത്തില്‍ സുരക്ഷയ്ക്കുണ്ടായിരുന്നത്. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധനകള്‍ നടത്തി. ഇതിനു പുറമെ എസ്.പി.ജിയുടെ സുരക്ഷാ ക്രമീകരണങ്ങളും ഉണ്ടായിരുന്നു. പ്രാധാന മന്ത്രിയെയും കൊണ്ട് വാഹനവ്യൂഹം കരിപ്പൂരില്‍നിന്നു കോഴിക്കോട്ടേക്ക് വരുമ്പോഴും തിരിച്ചുപോകുമ്പോഴും ബൈപാസ് റോഡിലേക്കുള്ള എല്ലാ പോക്കറ്റ് റോഡില്‍ നിന്നുമുള്ള ഗതാഗതം തടഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."