ഇവിടെയുള്ളത് ഒരു സര്‍ക്കാര്‍ സ്‌കൂളിന് സ്വപ്നം കാണാന്‍ പറ്റാത്തത്ര സൗകര്യങ്ങള്‍
തൊടുപുഴ: സ്മാര്‍ട്ട് ക്ലാസ് റൂം അടക്കമുള്ള ആധുനിക സംവിധാനങ്ങളുണ്ടായിട്ടും വിദ്യാര്‍ഥികളെ ലഭിക്കാതെ പുറപ്പുഴ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍. എട്ടാം ക്ലാസിലേക്ക് 60 കുട്ടികള്‍ക്ക് പ്രവേശന സൗകര്യമുള്ള ഇവിടെ കഴിഞ്ഞ വര്‍ഷം ചേര്‍ന്നത് വെറും 12 പേര്‍.
അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചിട്ടും കാര്യമായ പ്രതികരണമില്ലാത്തത് കോടികള്‍ മുടക്കിയ ഒരു പൊതുവിദ്യാലയത്തിന്റെ അന്ത്യം അടുത്തോ എന്ന ആശങ്ക സൃഷ്ടിക്കുന്നു.
8,9,10 ക്ലാസുകളിലായി കഴിഞ്ഞ അധ്യയന വര്‍ഷം ഇവിടെയുണ്ടായിരുന്നത് വെറും 49 കുട്ടികളാണ്. ഇതില്‍ 19 പേര്‍ ടി.എച്ച്.എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയിട്ടുണ്ട്. മുന്‍ വര്‍ഷത്തെ 100 ശതമാനം വിജയം ഇക്കുറിയും ആവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സ്‌കൂള്‍ അധികൃതര്‍.
ഒരു സര്‍ക്കാര്‍ സ്‌കൂളിന് സ്വപ്നം കാണാന്‍ പറ്റാത്തത്ര സൗകര്യങ്ങളാണ് പി.ജെ ജോസഫ് എം.എല്‍.എ മുന്‍കൈയെടുത്ത് 1986ല്‍ സ്ഥാപിച്ച പുറപ്പുഴ സ്‌കൂളിനുള്ളത്. ഏഴ് ഏക്കര്‍ സ്ഥലത്ത് ബഹുനില മന്ദിരവും മറ്റൊരു കെട്ടിടവും. 20000 ചതുരശ്ര അടി വരുന്ന വര്‍ക്ക്‌ഷോപ്പ്, ഇന്റര്‍നെറ്റ് അടക്കമുള്ള സംവിധാനങ്ങള്‍, കളിക്കളം അടക്കം എല്ലാമുണ്ടായിട്ടും കുട്ടികള്‍ മാത്രമില്ല.
സ്‌കൂള്‍ ബസ് സ്റ്റോപ്പില്‍ നിന്ന് ഒരു കിലോമീറ്റ ഉള്ളിലായതിനാല്‍ എത്തിപ്പെടാന്‍ വിഷമം സൃഷ്ടിക്കുന്നു. കരിങ്കുന്നത്ത് നിന്ന് വരുന്ന ഒരു സ്വകാര്യ ബസ് മാത്രമാണ് സ്‌കൂളിന് മുന്നിലൂടെയുള്ളത്. സ്‌കൂളിന് സ്വന്തമായി ബസില്ല. ഹോസ്റ്റല്‍ ആരംഭിക്കാന്‍ കെട്ടിടമുണ്ടെങ്കിലും ഉപയോഗപ്പെടുത്തിയിട്ടില്ല.
മോട്ടോര്‍ മെക്കാനിക്ക്, ഇലക്ട്രിക്കല്‍ വയറിങ് ആന്റ് മെയിന്റനന്‍സ്, എന്‍.എസ്.ഒ.എഫ് ട്രേഡ്‌സ്, ഇലക്ട്രോണിക് എക്യുപ്‌മെന്റ് മെയിന്റനന്‍സ്, ഇലക്ട്രിക്കല്‍ എക്യുപ്‌മെന്റ് മെയിന്റനന്‍സ്, ഓട്ടോമൊബൈല്‍ എന്നിവയാണ് ഇവിടെ പഠിപ്പിക്കുന്ന ട്രേഡുകള്‍.
കുട്ടികള്‍ക്ക് മെറിറ്റ് സ്‌കോളര്‍ഷിപ്പ്, എസ്.സി, എസ്.ടി, ഒ.ഇ.സി കുട്ടികള്‍ക്ക് അലവന്‍സുകള്‍, എട്ടാം ക്ലാസില്‍ സൗജന്യ ഉച്ചഭക്ഷണം, സൗജന്യ യൂണിഫോം, ബി.പി.എല്‍, എസ്.സി, എസ്.ടി, ഒ.ഇ.സി കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സൗജന്യ യൂണിഫോം, ഇംഗ്ലീഷ് പ്രാവിണ്യ ക്ലാസുകള്‍ എന്നിവയുണ്ട്. ടി.എച്ച്.എസ്.എല്‍.സി സാങ്കേതിക രംഗത്തെ അടിസ്ഥാന യോഗ്യതയായി പി.എസ്.സി അംഗീകരിച്ചിട്ടുണ്ട്. പോളിടെക്‌നിക് പ്രവേശനത്തിന് 10 ശതമാനം സംവരണവുമുണ്ട്.
അധ്യാപകരും സാങ്കേതിക വിദഗ്ധരും അനധ്യാപകരും അടക്കം 25 ജീവനക്കാരാണ് ഇവിടെയുള്ളത്. 49 കുട്ടികളുള്ള സ്‌കൂളിനായി പ്രതിമാസം 10 ലക്ഷത്തോളം രൂപയാണ് ശമ്പളമടക്കമുള്ള ചെലവുകള്‍ക്ക് ഖജനാവില്‍ നിന്ന് മുടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."