പദ്ധതി രൂപീകരണത്തില്‍ നഗരവികസനത്തിന് പ്രത്യേക മാര്‍ഗരേഖ
കോട്ടയം: മുനിസിപ്പാലിറ്റികളില്‍ 13ാം പഞ്ചവത്സര പദ്ധതിക്കു കീഴില്‍ വാര്‍ഷിക പദ്ധതി തയാറാക്കുന്നതു സംബന്ധിച്ച് ജില്ലയിലെ മുനിസിപ്പല്‍ ചെയര്‍മാന്മാര്‍, സെക്രട്ടറിമാര്‍, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്മാര്‍, പ്ലാന്‍ ഇംപ്ലിമെന്റിങ് ഓഫിസര്‍മാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കി.
ഗ്രാമീണമേഖലയ്ക്കും നഗരമേഖലയ്ക്കും പൊതു മാര്‍ഗരേഖ എന്ന മുന്‍കാല രീതിയില്‍ നിന്ന് വ്യത്യസ്തമായി നഗരപ്രദേശങ്ങളുടെ വികസനത്തിന് പ്രത്യേക മാര്‍ഗരേഖയാണ് ഇത്തവണ തയാറാക്കിയിട്ടുള്ളത്.
സര്‍ക്കാര്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുള്ള നവകേരള മിഷന്‍ മാര്‍ഗ രേഖകളനുസരിച്ചാണ് വികസന രേഖ തയാറാക്കേണ്ടത്. സന്തുലിതവും സമഗ്രവുമായ വികസനം ലക്ഷ്യമിട്ട് പ്രഖ്യാപിച്ചിട്ടുള്ള ഹരിത കേരളം, ആര്‍ദ്രം, ലൈഫ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയുടെ ലക്ഷ്യങ്ങള്‍ നേടുന്നതിന് സഹായകമായ രീതിയില്‍ വേണം പദ്ധതി രൂപീകരിക്കാന്‍.
നഗരപ്രദേശങ്ങളില്‍ ജീവിക്കുന്നവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന പദ്ധതികളാണ് ആവിഷ്‌കരിക്കേണ്ടത്. വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള വികസന പദ്ധതികള്‍ക്കു പകരം നഗരത്തിന്റെ മൊത്തത്തിലുള്ള ആസൂത്രിത വികസനത്തിന് ഊന്നല്‍ നല്‍കുന്ന സുസ്ഥിര വികസന പദ്ധതികള്‍ക്കാണ്് പ്രാധാന്യം.
നഗരപ്രദേശങ്ങളുടെ ഭൂവിസ്തൃതിക്കുറവ്, വര്‍ധിച്ചു വരുന്ന ജനസാന്ദ്രത, ജനങ്ങളുടെ പ്രശ്‌നങ്ങള്‍, മാലിന്യ സംസ്‌കരണം, ജലസ്രോതസ്സുകളിലെ മലിനീകരണം, ഗതാഗതക്കുരുക്ക്, ചേരികളും അവയുടെ വികസനവും എന്നിവയ്ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടാകണം പദ്ധതികള്‍.
ഉല്‍പാദന മേഖല, പരിസ്ഥിതിയുടെയും പ്രകൃതി വിഭവങ്ങളുടെയും സംരക്ഷണം, മാനവിക വികസനം, സര്‍ക്കാര്‍ സേവനങ്ങളിലെ ഗുണമേന്മ ഉറപ്പുവരുത്തുക, ആസ്തി പരിപാലനം, ശാസ്ത്രീയമായ റോഡു വികസനവും സംരക്ഷണവും, പാര്‍ക്കിങ് സൗകര്യങ്ങള്‍, സൈക്കിള്‍ ട്രാക്കുകള്‍, കവലകളുടെ നവീകരണം, വഴിയോരക്കച്ചവടക്കാര്‍ക്കുള്ള സൗകര്യങ്ങള്‍, കുളങ്ങളുടയും ജലാശയങ്ങളുടെയും സംരക്ഷണം, ശുചിത്വം തുടങ്ങിയവയ്ക്കും പ്രാധാന്യം നല്‍കണം.
കിലയുടെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്തു ഹാളില്‍ നടന്ന പരിശീലനത്തിന് കില ജില്ലാ കോഓര്‍ഡിനേറ്റര്‍ മനോഹരന്‍, എ.ഡി.സി ജനറല്‍ പി.എസ്. ഷിനോ, ഡെപ്യൂട്ടി പ്ലാനിങ് ഓഫിസര്‍ ലിറ്റി ജോര്‍ജ്ജ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലീന സണ്ണി, ഈരാട്ടുപേട്ട മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പി.എം റഷീദ്, ജില്ലയിലെ ആറു നഗരസഭകളില്‍ നിന്നുള്ള സ്ഥിരംസമിതി അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, വിവിധ വകുപ്പുകളില്‍ നിന്നുള്ള പ്ലാന്‍ ഇംപ്ലിമെന്റിങ് ഓഫിസര്‍മാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."