തൊഴിലില്ലായ്മ പരിഹരിക്കാന്‍ പദ്ധതികളുമായി സാമൂഹിക വികസന മന്ത്രാലയം
ജിദ്ദ: വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മക്ക് പരിഹാരം കാണാന്‍ സഊദി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം പുതിയ പദ്ധതി തയാറാക്കുന്നു. സ്വദേശികള്‍ക്ക് ജോലി കണ്ടെത്താന്‍ സഊദിവത്കരണം ശക്തമാക്കാനാണ് സാധ്യത. വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് പുതിയ പദ്ധതി നടപ്പാക്കുകയെന്ന് തൊഴില്‍മന്ത്രി പറഞ്ഞു. സ്വദേശിവല്‍ക്കരണം ശക്തമാക്കിയിട്ടും തൊഴിലില്ലായ്മാ നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് 12.9 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. സ്വദേശിവല്‍കരണം ശക്തമാക്കിയതോടെ എട്ടു ലക്ഷം പ്രവാസികളാണ് ഈ വര്‍ഷം രാജ്യംവിട്ടത്. എന്നിട്ടും ഒരു ലക്ഷത്തോളം സ്വദേശികള്‍ക്കു മാത്രമാണ് തൊഴില്‍ ലഭിച്ചത്. സ്വകാര്യമേഖലയില്‍ ആദ്യ ഘട്ടത്തില്‍ 60,000 സഊദികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ പദ്ധതിയിടുന്നതായി തൊഴില്‍ മന്ത്രി എന്‍ജി. അഹ്മദ് അല്‍റാജ്ഹി പറഞ്ഞു.
കഴിഞ്ഞ ദിവസം തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ ആസ്ഥാനത്ത് സഊദിവല്‍ക്കരണ മേല്‍നോട്ട കമ്മിറ്റിയുടെ പ്രഥമ യോഗം നടന്നിരുന്നു. തൊഴില്‍ വിപണിയില്‍ പ്രവേശിക്കുന്നതിന് സഊദികള്‍ക്ക് അവസരമൊരുക്കുന്ന വ്യത്യസ്ത പദ്ധതികള്‍ യോഗം വിശകലനം ചെയ്തു. സഊദികളെ റിക്രൂട്ട് ചെയ്യുന്നതിന് സ്വകാര്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി ചേംബര്‍ ഓഫ് കൊമേഴ്സ് വിദ്യാഭ്യാസ, തൊഴില്‍ പരിശീലന സ്ഥാപനങ്ങള്‍ തുടങ്ങിയവ സഹകരിച്ച് ഓണ്‍ലൈന്‍ തൊഴില്‍ പരിശീലനം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."