തിരൂര്‍ ബിവറേജിന് മുന്നില്‍ ഗതാഗതക്കുരുക്ക്; നടപടിയുമായി പൊലിസ്
തിരൂര്‍: കെ.ജി പടിയിലെ വിദേശമദ്യ വില്പനശാലക്കു മുന്നില്‍ ഗതാഗതക്കുരുക്ക് പതിവായതോടെ കര്‍ശന നടപടിയുമായി പൊലിസ്. ബിവറേജ് ഔട്ട്ലറ്റിനു മുന്നിലെത്തുന്നവരുടെ വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തിയിടുന്നതും മദ്യം വാങ്ങി പോകുന്നവരെ കാത്ത് ഓട്ടോകള്‍ റോഡില്‍ തമ്പടിക്കുന്നതും കാരണം തിരൂര്‍ ചമ്രവട്ടം പാതയില്‍ ഗതാഗത തടസം പതിവാണ്.
സമീപത്തെ ആശുപത്രികളിലേക്കെത്തുന്ന ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങളും സ്ഥിരമായി ഇവിടത്തെ ഗതാഗതക്കുരുക്കില്‍ അകപ്പെടാറുണ്ട്. ഗതാഗത തടസം ഒഴിവാക്കുന്നതിനായി റോഡിന്റെ ഇരുവശത്തും വാഹനം നിര്‍ത്തിയിടുന്നത് പൊലിസ് ഒഴിവാക്കി. ബിവറേജില്‍ നിന്ന് ഇറങ്ങുന്നവരെ കാത്ത് നില്ക്കുന്ന ഓട്ടോ പിടികൂടി പൊലിസ് ഫൈന്‍ ഈടാക്കി തുടങ്ങി. മദ്യം വാങ്ങാനെത്തുന്നവര്‍ക്കായി സമാന്തര ട്രിപ്പ് നടത്തുന്ന ഓട്ടോ പിടികൂടാന്‍ മഫ്തിയിലും പൊലിസ് തമ്പടിച്ചിട്ടുണ്ട്. അതേസമയം കസ്റ്റഡിയിലെടുക്കുന്ന ഓട്ടോ ഡ്രൈവര്‍മാരെ 48 മണിക്കൂര്‍ പൊലിസ് സ്റ്റേഷനില്‍ നിര്‍ത്തുന്നത് അന്യായമാണെന്നും ട്രിപ്പ് വിളിക്കുന്ന ഓട്ടോ തടഞ്ഞ് കസ്റ്റഡിയിലെടുക്കുന്ന പൊലിസ് നടപടി പ്രതിഷേധാര്‍ഹമാണെന്നും ഓട്ടോ ഡ്രൈവര്‍മാര്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."