ജില്ലാ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി മന്ദിരം: നിര്‍മാണോദ്ഘാടനം ഇന്ന്
കൊല്ലം: ജില്ലാ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി പുതിയ മന്ദിരത്തിന്റെ നിര്‍മാണോദ്ഘാടനം ഇന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിര്‍വഹിക്കും. ഉച്ചയ്ക്ക് 12ന് ജില്ലാ ആശുപത്രി അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ എം. മുകേഷ് എം.എല്‍.എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബ് 1961 ലാണ് സ്ഥാപിതമായത്. കൂടുതല്‍ സൗകര്യങ്ങളും പരിശോധനാ സംവിധാനങ്ങളും ഒരുക്കുന്നതിനായാണ് പുതിയ ഇരുനില കെട്ടിടം നിര്‍മിക്കുന്നത്. സാധാരണ പരിശോധനകള്‍ കൂടാതെ സ്പെഷ്യല്‍ ടെസ്റ്റുകളായ കള്‍ച്ചര്‍ ആന്റ് സെന്‍സിറ്റിവിറ്റി, തീയേറ്റര്ബ്ലഡ് ബാങ്ക് സ്റ്റെര്‍ലിറ്റി എന്നിവയും ഇവിടെ നടത്തിവരുന്നു.
ടൈഫോയ്ഡ്, സെപ്റ്റീസീമിയ തുടങ്ങിയവ കണ്ടെത്തുന്നതിനുള്ള പരിശോധന, ഓപ്പറേഷന് തീയറ്റര്‍, ബ്ലഡ് ബാങ്ക് എന്നിവിടങ്ങളിലെ അണുബാധ കണ്ടെത്തുന്നതിനുള്ള പരിശോധന, കുടിവെള്ള പരിശോധന, പകര്‍ച്ചവ്യാധികളായ ഡെങ്കപ്പനി, എലിപ്പനി, ചെള്ളുപനി എന്നിവയ്ക്കുള്ള നൂതനമായ എലിസാ പരിശോധന തുടങ്ങിയ സംവിധാനങ്ങള്‍ ഇവിടെയുണ്ട്.
ബി.പി.എല്‍ വിഭാഗത്തിന് എല്ലാ പരിശോധനകളും സൗജന്യമാണ്. എ.പി.എല്‍ വിഭാഗത്തിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഫീസാണ് ഈടാക്കുന്നത്. സ്വകാര്യ മേഖലകളില്‍ ചെലവേറുന്ന ഡെങ്കിപ്പനി, എലിപ്പനി, ചെള്ളുപനി എന്നിവ കണ്ടെത്തുന്നതിനുള്ള പരിശോധനകളും സൗജന്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."