ഒല്ലൂരിനെ ഇളക്കിമറിച്ച് ടി.എന്‍ പ്രതാപന്റെ പ്രചാരണം
തൃശൂര്‍: ചുട്ടുപൊള്ളുകയായിരുന്നു ഇന്നലത്തെ പകലുകള്‍. എന്നാല്‍ ഒല്ലൂരിനെ ഇളക്കിമറിച്ചു വികസന നായകന്‍ ടി.എന്‍ പ്രതാപന്‍ നാടും നഗരവും കീഴടക്കി പര്യടനം നടത്തിയപ്പോള്‍ ആവേശച്ചൂടില്‍ എല്ലാം മറന്ന് ജനം പ്രിയപ്പെട്ട നേതാവിനെ സ്വീകരിക്കാന്‍ എത്തിയപ്പോള്‍ ചൂടിനെ വെല്ലുന്ന ആവേശമായിരുന്നു.
മാറ്റം ആഗ്രഹിക്കുന്ന ജനങ്ങള്‍ മണ്ഡലത്തിലുടനീളം നല്‍കിയത് ആവേശത്തിന്റെ അലയൊലി തീര്‍ത്ത സ്വീകരണമായിരുന്നു. മതസാഹോദര്യത്തിന്റെ പെരുമ കേട്ട നാട്ടികയുടെ മണ്ണില്‍ തലേ ദിവസം നാട്ടുകാര്‍ നല്‍കിയ വീരോചിത സ്വീകരണത്തെ അനുസ്മരിക്കും വിധമായിരുന്നു ഇന്നലത്തെയും സ്വീകരണം.
നാട്ടികയിലും തളിക്കുളത്തും പാതിരാത്രിയോളം പടക്കം പൊട്ടിച്ചും കമ്പിത്തിരിയും മത്താപ്പും പൂത്തിരിയും കത്തിച്ച് തങ്ങളുടെ പ്രിയപ്പെട്ട ജനനേതാവിനെ കാണാന്‍ പാതിരാവിലും ജനം ഒഴുകി എത്തിയിരുന്നു. അതിന്റെ തനിയാവര്‍ത്തനമായിരുന്നു ഒല്ലൂരില്‍ ഇന്നലെ പകലും.
പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും വിഷുക്കൈനീട്ടവും വിഷുക്കണിയുംനല്‍കിക്കൊണ്ടായിരുന്നു ഓരോ സ്വീകരണ കേന്ദ്രങ്ങളും കടന്നുപോയത്. തൃശൂര്‍ നഗരത്തോട് ചേര്‍ന്നുകിടക്കു കോര്‍പ്പറേഷനില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലൂടെ നാടും നഗരവും ഇളക്കിമറിച്ചുകൊണ്ടായിരുന്നു പര്യടനം.
രാവിലെ എട്ടിന് കണിമംഗലത്ത് മുന്‍ എം.എല്‍.എ തേറമ്പില്‍ രാമകൃഷ്ണന്‍ പര്യടനം ഉദ്ഘാടനം ചെയ്തു. നമ്മുടെ നാട് വലിയ അപകടം നേരിടുന്ന സാഹചര്യത്തില്‍ വോട്ടവകാശത്തെക്കുറിച്ച് ആരെയും ബോധവാന്‍മാരാക്കേണ്ട ആവശ്യമില്ല. വോട്ട് എങ്ങനെ വിനിയോഗിക്കണമെന്നതാണ് പ്രാധാന്യമെന്നും ടി.എന്‍ പ്രതാപന്‍ ജയിക്കേണ്ടത് കാലഘട്ടത്തിന്റെ കൂടി ആവശ്യമാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
എ.ഐ.സിസി സെക്രട്ടറി ശ്രീനിവാസന്‍, സുന്ദരന്‍ കുന്നത്തുള്ളി, ബേബി നെല്ലിക്കുഴി, ജെയ്ജു സെബാസ്റ്റ്യന്‍, അസീസ് താണിപ്പാടം, എല്യാസ് പാണ്ടിയാംകുഴിയില്‍.കെസി അഭിലാഷ്,സിജോ കടവില്‍ എന്നിവര്‍ സംബന്ധിച്ചു.
നെടുപുഴയില്‍ തൊഴിലാളികളോടും വ്യാപാരികളോടും വോട്ടഭ്യര്‍ഥിച്ച സ്ഥാനാര്‍ഥിക്കൊപ്പം സെല്‍ഫി എടുക്കാനും കൈകൊടുക്കാനും തിക്കും തിരക്കുമായിരുന്നു.
ചിയ്യാരത്തെ തിരുഹൃദയ ദേവാലയത്തിലെത്തിയ വിദ്യാര്‍ഥികളെ കണ്ടപാടെ വണ്ടിയില്‍ നിന്നിറങ്ങി അവര്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നും കൂടെ നിന്നു ഫോട്ടോക്കു പോസ് ചെയ്തും സന്തോഷത്തില്‍ പങ്കുകൊണ്ടു.
പ്രാര്‍ഥിക്കണമെന്ന അഭ്യര്‍ഥനക്കു ശേഷം ചിയ്യാരം പ്രിയദര്‍ശിനി ജങ്ഷനില്‍ അമ്മമാരായ മാര്‍ഗരറ്റ് ആന്റണിയും ത്രേസ്യ ആന്റണിയും പ്രതാപനെ ചേര്‍ത്തുനിര്‍ത്തി അനുഗ്രഹിച്ചു.
ഒല്ലൂര്‍ മണ്ഡലത്തിന്റെ തുടക്ക സ്ഥലമായ ഒല്ലൂര്‍ പള്ളിനടയില്‍ നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് കാത്തിരിക്കുന്നുണ്ടായിരുന്നു. പൂമാലയും ബൊക്കയും നല്‍കി സനോജ് കാട്ടൂക്കാരന്‍, എം.പി വിന്‍സന്റ്, കരോളിന ജോഷ്വോ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
വളര്‍ക്കാവ് സെന്ററിലെ സ്വീകരണ ശേഷം ഒല്ലൂര്‍എസ്‌റ്റേറ്റ് പരിസരത്ത് തൊഴിലാളികളോട് വോട്ടഭ്യര്‍ഥിച്ച വഴിനീളെ വീടുകളില്‍ കാത്തുനിന്നര്‍ക്ക് കൈവീശി കടുന്നുപോയി. 11 മണിക്ക് മണ്ണാവിലെത്തേണ്ട സ്വീകരണം എത്തുമ്പോള്‍ മൂന്ന് മണി കഴിഞ്ഞിരുന്നു.
തൃശൂരിന്റെ പ്രതാപകാലത്തിനായുള്ള ഒരുക്കത്തിലാണ് തങ്ങളെന്ന് തെളിയിക്കുകയായിരുന്നു മരത്താക്കരയിലും ഇളംതുരുത്തിയിലും പൂത്തൂര്‍ സെന്ററിലും തോണിപ്പാറ, മരുക്കുംപാറ, മാന്ദാമംഗലം എന്നിവിടങ്ങളില്‍ ടി.എന്‍ പ്രതാപന് നല്‍കിയ സ്വീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."